അധികൃതരുടെ കനിവ് കാത്ത് അള്ളാംകുളം
തളിപ്പറമ്പ്: പഴമയുടെ അടയാളമായി സ്ഥലനാമവുമായി ബന്ധപ്പെട്ട ഒരു കുളം ശ്രദ്ധയില്ലാതെ നശിച്ചു കൊണ്ടിരിക്കുന്നു. തളിപ്പറമ്പ് നഗരപിതാവിന്റെ പേരിനോട് ചേര്‍ന്ന അള്ളാംകുളമാണ് ആരാലും ശ്രദ്ധിക്കപ്പെടാതെ
അധികൃതരുടെ കരുണ കാത്ത് മൃതപ്രായയായി കിടക്കുന്നത് .
അള്ളാംകുളം സ്ഥലവുമായി ബന്ധപ്പെട്ട ചരിത്രശേഷിപ്പു മാത്രമല്ല, പഴയ തലമുറയ്ക്ക് വിശ്വാസത്തിന്റെയും, സാഹോദര്യത്തിന്റെയും ഓര്‍മകള്‍ നല്‍കുന്നു. ഇവിടെ കുളിച്ചാല്‍ ആര്‍ക്കും അടിയന്തിര ഘട്ടത്തില്‍ രാജരാജേശ്വര ക്ഷേത്രത്തില്‍ പ്രവേശിക്കാമായിരുന്ന ഒരു കാലമുണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു.
അടുത്ത തലമുറക്ക് അത് കൊടും വേനലിലും ശുദ്ധമായ വെള്ളം നിറഞ്ഞ കുളം, ഒപ്പം കുട്ടിക്കാലത്തെ അവധി ആഘോഷത്തിന്റെ വേദിയുമാണ്. ഇന്നത്തെ തലമുറയിലെത്തുമ്പോള്‍ അത് മഴക്കാലത്ത്് വെള്ളം നിറയുന്ന വെറും വെള്ളക്കെട്ടായി മാറി.
അള്ളാംകുളത്ത് ഇങ്ങനെയൊരു കുളമുള്ളത് പുതുതലമുറയില്‍ പലര്‍ക്കുമറിയില്ല.
ഒരു കാലത്ത് ചവനപ്പുഴ മുണ്ടോട്ട് പുളിയമ്പടത്ത് ഇല്ലത്തിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം. കുളവും അതില്‍പെടുന്ന 45സെന്റോളം സ്ഥലവും ഇല്ലത്തിന്റെതായിരുന്നു. ദീര്‍ഘ ചതുരാകൃതിയുള്ള കുളത്തിന് കല്‍പ്പടവുകളില്ല. രണ്ടാളിലധികം ആഴമുണ്ടായിരുന്ന കുളം മണ്ണുമൂടി ആഴം കുറഞ്ഞു. ഈ കുളത്തിനു ചുറ്റുമായി ഈനാംപേച്ചിയുടെ ഗണത്തില്‍ പെട്ട 'അള്ളാന്‍'ന്റെ ആവാസ കേന്ദ്രമായിരുന്നു.
അള്ളാനെ ധാരാളമായി കണ്ടിരുന്ന കുളം അള്ളാന്‍കുളവും പിന്നീട് അള്ളാംകുളവുമായി മാറിയതാണെന്ന് പറയപ്പെടുന്നു. കടുത്ത വേനലിലും വറ്റാതിരുന്ന കുളം അധികാരികള്‍ ഇടപെട്ട് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്. ജലക്ഷാമം അനുഭവപ്പെടുന്ന ഈ പ്രദേശത്ത് ഏത് വേനലിലും തെളിനീരുറവ തരുന്ന, തങ്ങളുടെ നാടിന്റെ പേരുമായി ബന്ധപ്പെട്ട അള്ളാംകുളത്തിന്റെ പുനര്‍ജനിക്കായി ഒരു ഗ്രാമം മുഴുവന്‍ കാത്തിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."