ആദിവാസി സമരങ്ങള്‍ക്ക് പുല്ലുവില;മാനന്തവാടിയില്‍ വീണ്ടും മദ്യശാല പ്രവര്‍ത്തനമാരംഭിച്ചു
മാനന്തവാടി: ആദിവാസി അമ്മമാരുടെ സമരത്തെ പാടെ അവഗണിച്ച് മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ മദ്യശാല പ്രവര്‍ത്തനമാരംഭിച്ചു. ഇവിടെയുള്ള ബിവറേജിന് സമീപമാണ് മദ്യശാല പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.
മദ്യശാലക്കെതിരേ ആദിവാസി അമ്മമാര്‍ നടത്തുന്ന സമരം 465 ദിവസം പിന്നിട്ടിട്ടും ബന്ധപ്പെട്ട അധികൃതര്‍ നടപടിയെടുത്തിരുന്നില്ല. കൂടാതെ സമരം തകര്‍ക്കാര്‍ പൊലിസ് ഉള്‍പ്പെടെ ഒത്താശ ചെയ്തെന്നും ആരോപണമുയര്‍ന്നിരുന്നു.
സമരക്കാരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് നിലവില്‍ സബ് കലക്ടറുടെ ഓഫിസിന് മുന്നിലാണ് ആദിവാസികള്‍ സമരം ചെയ്യുന്നത്. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് വകുപ്പ് നിര്‍ദേശത്തെ തുടര്‍ന്ന് അടച്ച് പൂട്ടിയ വള്ളിയൂര്‍ക്കാവ് റോഡില്‍ മുന്‍പുണ്ടായിരുന്ന ടി.എസ്. ഒന്ന് നമ്പര്‍ മദ്യശാലയാണ് ബീവറേജ് ഔട്ട്ലെറ്റിന് വിളിപ്പാടകലെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.
മുന്‍പ് മദ്യശാല പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിനുണ്ടായ ചില സാങ്കേതിക കാരണങ്ങളാലും മറ്റുമാണ് പുതിയ സ്ഥലത്ത് മദ്യശാല പ്രവര്‍ത്തനമാരംഭിച്ചതെന്നും മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാ വിധ രേഖകളോടും കൂടിയാണ് ഷാപ്പ് പ്രവര്‍ത്തനം ആരംഭിച്ചതെന്നും ലൈസന്‍സി അറിയിച്ചു. വരുംദിവസങ്ങളില്‍ മദ്യശാലക്കെതിരേയുള്ള പ്രക്ഷോഭം കൂടുതല്‍ ശക്തമായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."