സര്‍ക്കാര്‍ സര്‍വിസിലെ വ്യാജ വികലാംഗര്‍; നടപടിയില്ലെങ്കില്‍ പ്രക്ഷോഭമെന്ന്
കല്‍പ്പറ്റ: വികലാംഗ തസ്തികകളില്‍ ജോലി ചെയ്യുന്ന വ്യാജ വികലാംഗരെ പുറത്താക്കായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് വികലാംഗ അസോസിയേഷന്‍ ഓഫ് ഇന്ത്യ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇത്തരക്കാരെ സംരക്ഷിക്കുന്ന സര്‍വിസ് സംഘടനാ നേതാക്കളുടെ വീട്ടുപടിക്കലും സമരം നടത്തുമെന്ന് അവര്‍ പറഞ്ഞു. വയനാട് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫിസ്, ട്രൈബല്‍ വകുപ്പ് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന വ്യാജ വികലാംഗരെ ഉടന്‍ പിരിച്ചു വിടണം. സ്ത്രീകളുടെയും, കുട്ടികളുടെയും, വികലാംഗകരുടെയും ക്ഷേമത്തിനായുള്ള നിയമസഭാ സമിതി മുന്‍പാകെ വികലാംഗ അസോസിയേഷന്‍ ഓഫ് ഇന്ത്യ നല്‍കിയ പരാതിയെ തുടര്‍ന്ന് 2010ല്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ വൈകല്യം അഭിനയിക്കുകയാണെന്ന് തെളിഞ്ഞിരുന്നു. കേള്‍വികുറവുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഇവര്‍ ജോലി നേടിയത്.
എന്നാല്‍ വ്യാജ വികലാംഗരാണെന്ന് തെളിഞ്ഞിട്ട് ഏഴു വര്‍ഷമായിട്ടും നടപടി വൈകിപ്പിക്കുന്ന നടപടിയാണ് അധികാരികള്‍ നടത്തിയതെന്ന് ഭാരവാഹികള്‍ ആരോപിച്ചു. നിരവധി തവണ ഗവ.ഉപദേശത്തിനും ഗവ.പ്ലീഡറുടെ അഭിപ്രായത്തിനും കത്തയച്ച് നടപടി നീട്ടികൊണ്ടു പോകുകയാണ് ചെയ്യുന്നത്. അഗ്രികള്‍ച്ചര്‍ ഓഫിസിലെ വ്യാജ വികലാംഗരെ പിരിച്ചുവിടുന്നതിന് നിയമ തടസമില്ലെന്ന് ഇക്കഴിഞ്ഞ ജനുവരി 19ന് ഗവ.പ്ലീഡര്‍ നിയമോപദേശം നല്‍കിയിട്ടും ഇവരെ സര്‍വിസില്‍ നിന്നും നീക്കം ചെയ്ത് അര്‍ഹരെ നിയമിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. വ്യാജ വികലാംഗരില്‍ പലരും വൈകല്യം അഭിനയിച്ച് മെഡിക്കല്‍ ബോര്‍ഡിനെ തെറ്റിദ്ധരിപ്പിച്ചാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നേടിയത്.
ഇവരെ സര്‍വിസില്‍ നിന്നും പിരിച്ചു വിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടും ഉദ്യോഗസ്ഥരും സര്‍വിസ് സംഘടനകളും വ്യാജ വികലാംഗരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. പ്രമുഖ സര്‍വിസ് സംഘടനകളില്‍ അംഗത്വമുള്ളവരാണ് വ്യാജന്മാരെല്ലാവരും. പിരിച്ചു വിടാനുള്ള തീരുമാനത്തിനെതിരെ പലരും നല്‍കിയ കേസുകള്‍ കോടതി തള്ളിയിട്ടുണ്ട്. മാനന്തവാടി ട്രൈബല്‍ ഓഫിസിലെ ടൈപ്പിസ്റ്റും സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം നടത്തിയതായി മെഡിക്കല്‍ ബോര്‍ഡിന്റെ പുന:പരിശോധനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടും നടപടി നീട്ടികൊണ്ടുപോയി ഇവര്‍ക്ക് സുരക്ഷിതമായി പെന്‍ഷന്‍ പറ്റുന്നതിനുള്ള സാഹചര്യമൊരുക്കുകയാണ് ബന്ധപ്പെട്ട വകുപ്പ് ചെയ്യുന്നത്.
പ്രമുഖ സര്‍വിസ് സംഘടനയുടെ പ്രവര്‍ത്തകന്‍ പച്ചമരുന്ന് ചികിത്സ നടത്തി കേള്‍വി തിരിച്ചു കിട്ടി എന്ന ദുര്‍ബലമായ വാദമുന്നയിച്ചാണ് സര്‍വിസില്‍ തുടരുന്നത്. സ്ഥിരമായ വൈകല്യമുള്ളവര്‍ക്ക് മാത്രമേ വികലാംഗ ക്വാട്ടയില്‍ നിയമം നല്‍കാവു എന്ന നിയമമുള്ളപ്പോഴാണ് മെഡിക്കല്‍ ബോര്‍ഡിനെ തെറ്റിദ്ധരിപ്പിച്ച് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നേടി ജോലി നേടുന്നത്.
റവന്യൂ, കോടതി, പി.ഡബ്ല്യു.ഡി, സഹകരണ വകുപ്പ് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന വ്യാജന്മാരെയും പിരിച്ചു വിടണമെന്ന് അവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ സെക്രട്ടറി കെ.ടി സാബു, കെ.എം ഫ്രാന്‍സിസ്, കമല്‍ ജോസഫ്, വി.ടി ടോമി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."