കുരുന്നുകള്‍ക്ക് സാന്ത്വനമേകി അധ്യാപകര്‍ പത്തനംതിട്ടയിലേക്ക്
തിരുവനന്തപുരം: പ്രളയത്തില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് കൈത്താങ്ങായി അധ്യാപകര്‍ പത്തനംതിട്ടയിലേക്ക്. മണക്കാട് കാര്‍ത്തിക തിരുനാള്‍ ഗവ.ഗേള്‍സ് വൊക്കേഷനല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരും പി.ടി.എ അംഗങ്ങളുമാണ് പത്തനംതിട്ടയിലെ നാല് പഞ്ചായത്തുകളിലെ എല്‍.പി, യു.പി കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളുമായി ഇന്ന് പുറപ്പെടുന്നത്. പത്തനംതിട്ട ജില്ലയിലെ കടപ്ര, പെരിങ്ങര, നിരണം, നെടുമ്പ്രം പഞ്ചായത്തുകളിലെ 235 കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളുമായാണ് ഇന്ന് സംഘം യാത്ര തിരിക്കുന്നത്. ഓരോ കുട്ടിക്കും ആവശ്യമായ നോട്ട് ബുക്കുകള്‍, ഇന്‍സ്ട്രമെന്റ് ബോക്‌സ്, പേനകള്‍, പെന്‍സിലുകള്‍, ഇവയിടാനുള്ള പൗച്ച്, സ്റ്റീല്‍ വാട്ടര്‍ ബോട്ടില്‍, സ്റ്റീല്‍ പ്ലേറ്റ്, സ്റ്റീല്‍ ഗ്ലാസ് എന്നിവ പുത്തന്‍ ബാഗിലാക്കിയാണ് സംഘം കുട്ടികള്‍ക്ക് കൈമാറുക.
ഇന്ന് രാവിലെ 8.30നാണ് സംഘം സ്‌കൂളില്‍ നിന്നും പുറപ്പെടുന്നത്. അധ്യാപകരുടേയും പി.ടി.എ കമ്മിറ്റിയുടേയും നേതൃത്വത്തിലാണ് പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടു പോയ നാലു പഞ്ചായത്തിലെ കുട്ടികളെ സഹായിക്കാന്‍ തീരുമാനമെടുത്തത്. ഇന്ന് ഉച്ചക്ക് രണ്ടിന് കടപ്ര യു.പി.എസില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, ഡി.ഇ.ഒ, എ.ഇ.ഒ, ഹെഡ്മാസ്റ്റര്‍മാര്‍, രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."