എടച്ചേരിയിലെ ജല ചോര്‍ച്ചയ്ക്ക് പരിഹാരമായില്ല
എടച്ചേരി: പഞ്ചായത്തിലെ വിവിധ മേഖലകളില്‍ വെള്ളമില്ലാതെ ജനം പൊറുതിമുട്ടുമ്പോഴും ശുദ്ധജലം പാഴാകുന്നത് പതിവുകാഴ്ചയായി മാറുന്നു. ഒരു വര്‍ഷത്തോളമായി എടച്ചേരിയിലെ പുതിയങ്ങാടി-കുനിയല്‍താഴ റോഡില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്.
റോഡില്‍ അടുത്തടുത്തായി രണ്ടിടങ്ങളിലായിട്ടാണ് പൈപ്പ് പൊട്ടിയത്. ജല അതോറിറ്റി സ്ഥാപിച്ച പൈപ്പ് പൊട്ടിയത് കാരണം നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ലഭിക്കേണ്ട കുടിവെള്ളമാണ് റോഡിലൂടെ പരന്നൊഴുകുന്നത്.
കെ.എസ്ഇ.ബി സ്ഥാപിച്ച ഇലക്ട്രിക് പോസ്റ്റിന് സമീപത്തും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്. ഇവിടെ മാസങ്ങളായി വെള്ളം കെട്ടിക്കിടക്കുന്നത് ഇലക്ട്രിക് പോസ്റ്റിന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയായിരിക്കയാണ്. സ്വകാര്യവ്യക്തിയുടെ വീട്ടുപറമ്പിനോട് ചേര്‍ന്ന് റോഡില്‍ നാട്ടിയ ഈ കോണ്‍ക്രീറ്റ് പോസ്റ്റിന്റെ കമ്പി ദ്രവിക്കുന്നതിനാല്‍ പൊട്ടിവീഴാനുള്ള സാധ്യത ഏറെയാണ്.
ശുദ്ധജലം പാഴാകുന്നതിനു പുറമെ ഏറെക്കാലമായി റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ഇവിടെ വന്‍കുഴികള്‍ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇതുകാരണം ഓട്ടോറിക്ഷ ഉള്‍പ്പടെയുളള വാഹനങ്ങള്‍ ഈ റോഡിലൂടെ സര്‍വിസ് നടത്താന്‍ തയാറാകാത്തതും ജനദുരിതത്തിന് ആക്കം കൂട്ടുകയാണ്. വാര്‍ഡ് മെംബര്‍ ടി.കെ മോട്ടി നിരവധി തവണ പുറമേരിയിലെ വാട്ടര്‍ അതോറിറ്റി ഓഫിസര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു പരിഹാരമാര്‍ഗവും ഇതുവരെ ഉണ്ടായിട്ടില്ല.
ഇതിനെ തുടര്‍ന്ന് യു.ഡി.എഫ് എടച്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ഇതിന്റെ ആദ്യഘട്ടമായി യു.ഡി.എഫ് പ്രതിനിധികള്‍ വാട്ടര്‍ അതോറിറ്റി ഓഫിസറെ നേരില്‍ കണ്ട് പരാതി സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.
എത്രയും പെട്ടെന്ന് ജലച്ചോര്‍ച്ച പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ബഹുജനങ്ങളെ ഉള്‍പ്പെടുത്തി ഓഫിസില്‍ സമരം സംഘടിപ്പിക്കുമെന്നും യു.ഡി.എഫ് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."