ബഹ്റൈനിലുള്ളവരുടെ ശ്രദ്ധക്ക്! മാസ്ക് ധരിച്ചില്ലെങ്കില്‍ ഇനി 20 ദീനാര്‍ പിഴ ഈടാക്കും
മനാമ: ബഹ്റൈനിൽ പുറത്തിറങ്ങുന്നവര്‍ ഇനി ശ്രദ്ധിച്ചോളൂ. മാസ്ക് ധരിച്ചില്ലെങ്കില്‍ 20 ദിനാര്‍ (ഏകദേശം 4000രൂപ) പിഴ ഈടാക്കും. നേരത്തെ ഇത് 5 ദിനാര്‍ മാത്രമായിരുന്നു. നിലവില്‍ രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായതോടെയാണ് അധികൃതര്‍ പിഴ സംഖ്യ മൂന്നിരട്ടിയാക്കി വര്‍ദ്ധിപ്പിച്ചത്.
ബഹ്റൈന്‍ ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്. മാസ്ക് ധരിക്കാതെ അധികൃതരുടെ കണ്ണില്‍ പെട്ടാല്‍ പിഴ സംഖ്യ ഉടനടി അടക്കേണ്ടി വരും. മാസ്ക് താടിയിലേക്ക് ഇറക്കിവെച്ചവര്ക്കും ഇത് ബാധകമാണ്. ഉടനെ പിഴ അടക്കാത്തവരുടെ വിവരങ്ങള്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷന് വഴി പബ്ലിക് പ്രോസിക്യൂഷന് കൈമാറി നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കൊവിഡ് വ്യാപനം തടയാന്‍ പൊതു സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലുമുള്ള മാസ്ക് ധാരണം രാജ്യത്ത് നേരത്തെ തന്നെ നിർബന്ധമാക്കിയിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഒക്ടോബർ ഒന്നുവരെ അതീവ ജാഗ്രത പാലിക്കണമെന്നും ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തിലും ആവശ്യപ്പെട്ടിരുന്നു.
ഇതോടെയാണ് കൊവിഡ് നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. മാസ്ക് മൂക്കിനു മുകളില്‍ തന്നെ ധരിച്ചിരിക്കണം. മൂക്കിന് താഴെയായി, താടിയിലേക്ക് താഴ്ത്തിയിട്ടാലും അവര്‍ 20 ദിനാര്‍ പിഴ ഒടുക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."