എന്തുകൊണ്ടു തോറ്റു?; എംജിയില്‍ ഉത്തരം കിട്ടാതെ കൂട്ടത്തോല്‍വി
കോട്ടയം: പ്രൊഫ.ഹൃദയകുമാരി കമ്മിഷന്റെ റിപ്പോര്‍ട്ട് നടപ്പാക്കിയ ആദ്യ സര്‍വകലാശാലയ്ക്ക് ഏല്‍ക്കേണ്ടിവന്നതു വന്‍ നാണക്കേട്. പാളിച്ചകളോടെ ആരംഭിച്ച പുത്തന്‍ സമ്പ്രദായം വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിഞ്ഞ ദിവസം കണ്ടത്. ഒന്നാം സെമസ്റ്ററിന്റെ ഫലം പുറത്തുവന്നത് ഒരു വര്‍ഷത്തിനു ശേഷമായിരുന്നു. റിസള്‍ട്ടില്‍ കൂട്ടത്തോല്‍വിയും. ഇതുതന്നെയാണ് അവസാന സെമസ്റ്ററിലും എം.ജി യൂനിവേഴ്‌സിറ്റിയില്‍ കാണാന്‍ കഴിഞ്ഞത്.
പ്രതിഷേധങ്ങള്‍ തുടക്കത്തിലും ഉണ്ടായിരുന്നെങ്കിലും എല്ലാം അടുത്ത സെമസ്റ്ററില്‍ പരിഷ്‌കരിക്കുമെന്ന ഉറപ്പുനല്‍കി അധികൃതര്‍ രക്ഷെപ്പെടുകയായിരുന്നു. വേണ്ട വിധത്തിലുള്ള തയാറെടുപ്പുകള്‍ നടത്താതെ പദ്ധതി ആവിഷ്‌കരിച്ചതാണ് കൂട്ടത്തോല്‍വിക്ക്് കാരണമായതെന്ന് വിദ്യാര്‍ഥി നേതാക്കളും പറയുന്നു. ഒരു സെമസ്റ്ററിലെ ഫലം അറിയാന്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക്.
ചോയിസ് ബെയ്‌സിഡ് ക്രെഡിറ്റ് സെമസ്റ്റര്‍ സിസ്റ്റത്തിലൂടെ എം.ജി യൂനിവേഴ്‌സിറ്റിയില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് ആരംഭകാലം മുതലേ പരാജയമായിരുന്നു. 2013 ലെ ആദ്യ സെമസ്റ്റര്‍ റിസള്‍ട്ട് വന്നപ്പോഴും കൂട്ടത്തോല്‍വി എന്നാല്‍ ഈ സമ്പ്രദായത്തില്‍ മാറ്റമൊന്നും വരുത്താന്‍ അധികതര്‍ തയാറാകാത്തതാണ് കൂട്ടത്തോല്‍വി ആവര്‍ത്തിക്കാന്‍ പ്രധാന കാരണമെന്നാണ് ഒരുവിഭാഗം അധ്യാപകരും പറയുന്നത്.
പുറത്തുവന്ന ഡിഗ്രീ പരീക്ഷകളുടെ ഫലമെല്ലാം അന്‍പത് ശതമാനത്തിന് താഴെയായിരുന്നു. ആദ്യ സെമസ്റ്ററില്‍ തന്നെ ബി.എ, ബി.കോം, ബി.ബി.എ, ബി.സി.എ, ബി.ബി.എം, ബി.എഫ്,ടി, ബി.എസ്.ഡബ്ലു, ബി.ടി.എസ് പരീക്ഷകളില്‍ വന്‍ തോല്‍വിയാണ് യൂനിവേഴ്‌സിറ്റിയില്‍ ഉണ്ടായിരുന്നത്. ഫലം വന്നതാകട്ടെ ഒരു വര്‍ഷത്തിന് ശേഷവും.
നിരവധി തവണ പരാതികള്‍ ഉയര്‍ന്നിട്ടും പരിഷ്‌കരണത്തില്‍ വേണ്ട മാറ്റം വരുത്താന്‍ അധികൃതരും തയാറായില്ല.ഒരു സെമസ്റ്ററില്‍ ഒരു പേപ്പറില്‍ ഇന്റേണല്‍ പരീക്ഷയില്‍ ഇരുപതില്‍ ആറ് മാര്‍ക്കും എക്‌സ്റ്റേണലില്‍ 80ല്‍ 34 മാര്‍ക്കുമാണ് പുതിയ സിസ്റ്റമനുസരിച്ച് വേണ്ടത്. ആകെ നാല്‍പ്പത്. പുത്തന്‍ പദ്ധതിയനുസരിച്ച് മോഡറേഷനും ഇല്ല. ഇതാണ് തോല്‍വി കൂടുവാനുള്ള പ്രധാന കാരണമെന്നും ആക്ഷേപമുണ്ട്.
ഡിഗ്രി പരീക്ഷകളില്‍ കഴിഞ്ഞ ഒക്ടോബറില്‍ നടന്ന മൂന്നാം സെമസ്റ്ററിന്റെ ഇംപ്രൂവ്‌മെന്റ് ഫലം ഇതേ വരെ പ്രസിദ്ധീകരിക്കാനും സര്‍വകലാശാലയ്ക്കായിട്ടില്ല. ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത് ഉപരിപഠനത്തിന് ഇതര സംസ്ഥാനങ്ങളിലെ കോളജുകളില്‍ മുന്‍കൂര്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികളാണ്. അവസാന സെമസ്റ്ററിന്റെ ഫലം പുറത്തുവന്നിട്ടും മൂന്നാം സെമസ്റ്ററിന്റെ ഇംപ്രൂവ്‌മെന്റ് ഫലം പ്രസിദ്ധീകരിക്കാന്‍ കഴിയാത്തത് പുത്തന്‍ പരിഷ്‌കാരത്തിനേറ്റ തിരിച്ചടിയാണ്. റീവാല്യൂവേഷനു അപേക്ഷ നല്‍കുന്ന വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് ലഭിക്കാറുണ്ടെങ്കിലും സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാലതാമസമുണ്ടാക്കുന്നതും ഇപ്പോള്‍ സര്‍വകലാശാല അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്ന വീഴ്ച്ചയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."