വളാഞ്ചേരി പോക്സോ കേസ്: പ്രതിക്ക് മന്ത്രി ജലീലുമായി അടുത്ത ബന്ധമെന്ന് പെണ്‍കുട്ടിയുടെ സഹോദരി
മലപ്പുറം: വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും എല്‍.ഡി.എഫ് നഗരസഭാ കൗണ്‍സിലറുമായ ഷംസുദ്ദീന് മന്ത്രി കെ.ടി ജലീലുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ സഹോദരി. അതുകൊണ്ടാണ് പരാതി നല്കി ഒരാഴ്ചയായിട്ടും പ്രതിയെ പിടികൂടാന്‍ പൊലിസ് തയ്യാറാവാത്തതെന്നും സഹോദരി പറഞ്ഞു.
കേസ് ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടി പൊലിസില്‍ സമ്മര്‍ദം ചെലുത്തിയാണ് തന്റെ ഭര്‍ത്താവിനെതിരെ കേസെടുപ്പിച്ചതെന്നും സഹോദരി പറഞ്ഞു.
തന്റെ ഭര്‍ത്താവില്‍ നിന്ന് മോശം അനുഭവം ഉണ്ടായതായി അനിയത്തി വീട്ടില്‍ ആരോടും പറഞ്ഞിട്ടില്ല. ഭര്‍ത്താവിനെതിരെ കള്ളക്കേസെടുത്ത് വരുതിയില്‍ നിര്‍ത്തിക്കാനും പരാതി പിന്‍വലിപ്പിക്കാനുമാണ് ശ്രമം നടക്കുന്നത്. ചൈല്‍ഡ് ലൈന്റെ സംരക്ഷണയിലുള്ള പെണ്‍കുട്ടിയെ കാണാനോ സംസാരിക്കാനോ വീട്ടുകാരെ അനുവദിക്കുന്നില്ലെന്നും പെണ്‍കുട്ടിയുടെ സഹോദരി ഒരു ചാനലിനോട് വെളിപ്പെടുത്തി.
16 കാരിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ വളാഞ്ചേരി നഗരസഭ 32-ാം വാര്‍ഡിലെ ഇടതുപക്ഷത്തിന്റെ സ്വതന്ത്ര കൗണ്‍സിലറായ ഷംസുദ്ദീന് നടക്കാവിലിനെതിരെ പൊലിസ് കേസെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണത്തിലാക്കി. തുടര്‍ന്ന് നടന്ന കൗണ്‍സിലിങില്‍ താന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍, സഹോദരിയുടെ ഭര്‍ത്താവ് പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയെന്നാണ് പൊലിസ് പറയുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം സഹോദരി ഭര്‍ത്താവിനെതിരെയും പോക്സോ പ്രകാരം കേസെടുത്തു.
അതേസമയം, ഷംസുദ്ദീനായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരിക്കുകയാണ് പൊലിസ്. മലപ്പുറം പൊലിസാണ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയത്. പെണ്‍കുട്ടിയെ ഒരു വര്‍ഷമായി പീഡിപ്പിക്കുന്നുവെന്നാണ് ഇയാള്‍ക്കെതിരായ കേസ്. ഷംസുദ്ദീന് വിദേശത്തേക്ക് കടന്നുവെന്നാണ് പൊലിസിന് കിട്ടിയ സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."