എലിപ്പനി: പ്രതിരോധ മരുന്നിനും മെഡിക്കല്‍ ക്യാംപിലും തിരക്കേറുന്നു
മൂവാറ്റുപുഴ: എലിപ്പനി പടര്‍ന്ന് പിടിയ്ക്കുകയാണന്ന പ്രചരണം ഊര്‍ജ്ജിതമായതോടെ പ്രതിരോധ മരുന്നിനും മെഡിക്കല്‍ ക്യാംപിലും തിരക്കേറുന്നു. മൂവാറ്റുപുഴയിലും, സമീപപ്രദേശങ്ങളിലെയും ആശുപത്രികളിലായി നാല്‍പതോളം പേരാണ് എലിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടിയത്. മേഖലയില്‍ ഇതുവരെയും എലിപ്പനി സ്ഥിരീകരിച്ചിട്ടില്ല.
വെള്ളപ്പൊക്ക ദുരിത ബാധിത പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരേധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതോടെ പ്രതിരോധ മരുന്നിന് ആവശ്യക്കാര്‍ ഏറുകയാണ്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്നും വെള്ളം ഇറങ്ങിയതോടെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചത്.
പ്രദേശത്തെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനായി കിണറുകള്‍ ശുചീകരിക്കുന്ന ജോലികളാണ് ആരംഭിച്ചത്. ഇതിനായി വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലാണ് കിണറുകള്‍ ശുചീകരിച്ചത്. കിണറുകളില്‍ രണ്ടാംഘട്ട ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ തുടക്കമായിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി പ്രതിരോധ മരുന്നുകളുടെ വിതരണവും, ബോധവല്‍കരണ പ്രവര്‍ത്തനങ്ങളും നടക്കുന്നതോടൊപ്പം തന്നെ മൂവാറ്റുപുഴ ജനറലാശുപത്രിയില്‍ എലിപ്പനി പ്രതിരോധ മരുന്നുകളുടെ വിതരണവും ആരംഭിച്ചിട്ടുണ്ട്.
നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന് വരുന്ന മെഡിക്കല്‍ ക്യാംപുകളിലും നിരവധി പേരാണ് പ്രതിരോധ മരുന്നുകളും മറ്റും വാങ്ങുന്നതിനെത്തുന്നത്. ഇതിന് പുറമെ വെള്ളപൊക്ക ബാധിത മേഖലകളില്‍ 50വീടുകള്‍ക്ക് ഒരു ആരോഗ്യപ്രവര്‍ത്തകനെ ചുമതലപ്പെടുത്തിയുള്ള ശ്രദ്ധ പദ്ധതിയ്ക്കും തുടക്കമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."