വേനലവധിക്കാലത്തെ ക്ലാസ് നിരോധനം സ്വകാര്യ ട്യൂഷന്‍കാരെ ഒഴിവാക്കിയെന്നാക്ഷേപം
വാണിമേല്‍: മധ്യ വേനലവധിക്കാലത്ത് ക്ലാസുകള്‍ നിരോധിച്ചുകൊണ്ട് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ സ്വകാര്യ ട്യൂഷന്‍കാരെ ഒഴിവാക്കിയെന്ന് ആക്ഷേപം. ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് മധ്യ വേനലവധിക്കാലത്തെ ക്ലാസുകള്‍ ഒഴിവാക്കണമെന്ന ഉത്തരവുണ്ടായത്.
കേരളത്തിലാകമാനം കഠിനമായ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കും ഡിപ്പാര്‍ട്ടുമെന്റിന്റെ നിര്‍ദേശങ്ങള്‍ക്കും വിരുദ്ധമായി മധ്യ വേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്ന സ്‌കൂള്‍ അധികാരികള്‍, പ്രധാന അധ്യാപകര്‍, അധ്യാപകര്‍ എന്നിവര്‍ക്കെതിരേ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കുലറില്‍ പറയുന്നു.സി.ബി.എസ്.സി, ഐ.സി.എസ്.സി സിലബസ് പിന്തുടരുന്ന സ്‌കൂളുകള്‍ ഉള്‍പ്പെടെ എല്ലാ സ്‌കൂളുകളിലും ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിന് നിരോധനമുണ്ട്.
കെ.ഇ.ആര്‍ ചട്ടപ്രകാരം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ മറ്റു തരത്തിലുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കാത്ത പക്ഷം സ്‌കൂളുകള്‍ മാര്‍ച്ച് മാസത്തെ അവസാനത്തെ പ്രവര്‍ത്തി ദിവസം അടക്കേടണ്ടതാണെന്നും ജൂണ്‍ മാസത്തെ ആദ്യ പ്രവര്‍ത്തി ദിനത്തില്‍ തുറക്കേണ്ടതുമാണെന്നും സര്‍ക്കുലര്‍ ഓര്‍മിപ്പിക്കുന്നു. അതേ സമയം നിരോധനമൊന്നും ബാധിക്കാത്ത സ്വകാര്യ ട്യൂഷന്‍ സെന്ററുകളില്‍ ഏപ്രില്‍ മാസം മുതല്‍ക്കു തന്നെ ക്ലാസുകള്‍ നിര്‍ബാധം തുടരുകയാണ്.
മെച്ചപ്പെട്ട സൗകര്യമുള്ള എയ്ഡഡ് ഗവ. സ്ഥാപനങ്ങളെ ക്ലാസുകള്‍ നടത്തുന്നതിന് വിലക്കുകയും യാതൊരു തരത്തിലുമുള്ള സൗകര്യങ്ങളുമില്ലാത്ത സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ക്ക് നിരോധനം ഇല്ലാത്തതിനുമെതിരേ അധ്യാപകരും രക്ഷിതാക്കളും പ്രതിഷേധത്തിലാണ് . ബാലാവകാശ സംരക്ഷണ കമ്മിഷന്റെ നിര്‍ദേശത്തിന് പിന്നില്‍ ഇത്തരം ലോബിയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."