പ്രളയക്കെടുതിയില്‍ കൈത്താങ്ങായി സ്‌കൂള്‍ മുറ്റത്തെ കൃഷി
കറുകച്ചാല്‍: 'ഇത്തവണത്തെ വിളവെടുപ്പ് നമുക്ക് ദുരിതാശ്വാസ ക്യാമ്പില്‍ കൊടുക്കാം ടീച്ചറേ' എന്നു കുട്ടികള്‍ പറഞ്ഞപ്പോള്‍ ഉണ്ടായ സന്തോഷവും അഭിമാനവും പറഞ്ഞറിയിക്കാനാവില്ലെന്ന് കറുകച്ചാല്‍ നെടുങ്ങാടപ്പള്ളി സി എം എസ് ഹൈസ്‌കൂളിലെ ലൗലി ടീച്ചര്‍. സ്‌കൂളിലെ കുട്ടി കര്‍ഷകരാണ് പ്രധാന അദ്ധ്യാപികയായ ലൗലി ജോണിന്റെ മുന്നില്‍ ഈ ആവശ്യം ഉന്നയിച്ചത്.
കഴിഞ്ഞ അഞ്ചു വര്‍ഷമായി കാബേജും കോളി ഫ്‌ളവറും ഏത്തവാഴയും വഴുതനയും തുടങ്ങി വിവിധ നിറത്തിലും രൂപത്തിലും പച്ചക്കറികള്‍ വിളഞ്ഞു നില്‍ക്കുന്ന മണ്ണാണ് സി എം എസ് ഹൈസ്‌കൂളിലേത്. പ്രളയത്തില്‍ ഒറ്റപ്പെട്ടു പോയ ചെന്നിത്തല ഭാഗത്തെ പതിനെട്ട് കുടുംബങ്ങള്‍ക്കാണ് സ്‌കൂളിലെ കര്‍ഷക കുരുന്നുകള്‍ സഹായം എത്തിച്ചത്. വിളവെടുത്ത പച്ചക്കറികള്‍ ലേലം ചെയ്തു കിട്ടിയ തുകയോടൊപ്പം പി ടി എയുടെ സഹകരണത്തോടെ സമാഹരിച്ച 20,000 രൂപയുടെ പലവ്യഞ്ജനക്കിറ്റുകള്‍ ദുരിത ബാധിതര്‍ക്ക് നല്‍കി.
ക്യാമ്പുകളില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭിക്കുന്നതിനാലാണ് ക്യാമ്പില്‍ എത്താതെ ചെന്നിത്തലയിലെ ഒറ്റപ്പെട്ടു പോയ കുടുംബങ്ങളെ സഹായിക്കാന്‍ തീരുമാനിച്ചതെന്നും ലൗലി ടീച്ചര്‍ പറഞ്ഞു. വിളവെടുത്ത പച്ചക്കറികളുടെ ലേലം സ്‌കൂള്‍ പരിസരത്തു തന്നെയാണ് സംഘടിപ്പിച്ചത്. കൃഷിയിറക്കിയ കുരുന്നു കര്‍ഷകര്‍ തന്നെയാണ് ലേലത്തിനും ചുക്കാന്‍ പിടിച്ചത്. സ്‌കൂള്‍ പരിസരത്തെ മുക്കാല്‍ ഏക്കറോളം വരുന്ന കാടുപിടിച്ചു കിടന്ന സ്ഥലം വെട്ടിത്തെളിച്ചാണ് കുട്ടികള്‍ നിലമൊരുക്കിയത്.18 കുട്ടി കര്‍ഷകര്‍ സ്‌കൂളിലെ ഹരിത ക്ലബിന്റെ നേതൃത്വത്തില്‍ കൃഷി ആരംഭിച്ചു. നിലം ഒരുക്കലും നടീലും നയും കുട്ടികള്‍ തന്നെ നിര്‍വഹിച്ചു. ക്ലബ് കണ്‍വീനര്‍ കൂടിയായ അദ്ധ്യാപകന്‍ മാത്യു ജോസഫാണ് കര്‍ഷകര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയത്. ഓണം മുന്നില്‍ കണ്ട് ഏത്തവാഴയായിരുന്നു ഇത്തവണ പ്രധാന വിള. സമീപ പ്രദേശങ്ങളിലെല്ലാം കനത്ത വെള്ളക്കെട്ട് ഉണ്ടായിരുന്നെങ്കിലും സ്‌കൂള്‍ മുറ്റത്തെ കൃഷിയിടത്തിലേക്ക് പ്രളയമെത്തിയില്ല. അതിനാല്‍ തന്നെ മോശമല്ലാത്ത വിളവ് ലഭിച്ചു.
വരും വര്‍ഷങ്ങളിലും തങ്ങളുടെ വിളകളുടെ മൂല്യം ഇത്തരത്തില്‍ അനുയോജ്യരായവര്‍ക്ക് നല്‍കാനാണ് കുരുന്നു കര്‍ഷകരുടെ തീരുമാനം. ഇതിനു മുന്നോടിയായി നാളെ നെടുങ്ങാടപ്പളളി സ്‌കൂള്‍ മുറ്റത്ത് വിത്തിറക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."