ചോദ്യം ചെയാന്‍ വിളിച്ചപ്പോള്‍ മന്ത്രി ജലീല്‍ ഒളിച്ചുപോകണ്ട കാര്യമില്ലായിരുന്നു: കാനം രാജേന്ദ്രന്
തിരുവനന്തപുരം: ദേശീയ അന്വേഷണ ഏജന്‍സി മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ അദ്ദേഹം ഒളിച്ചു പോകേണ്ട കാര്യമില്ലായിരുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സര്‍ക്കാര്‍ വാഹനത്തില്‍ തന്നെ പോകണമായിരുന്നു. എന്തിനാണ് ഒളിച്ചുപോയതെന്ന് മന്ത്രി തന്നെയാണ് വ്യക്തമാക്കേണ്ടതെന്നും കാനം രാജേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനായി ദേശീയ അന്വേഷണ ഏജന്‍സികള്‍ സെക്രട്ടേറിയറ്റില്‍ മാത്രം ചുറ്റിക്കറങ്ങുന്നതു സംസ്ഥാന സര്‍ക്കാരിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാണെന്ന് കാനം രാജേന്ദ്രന് പറഞ്ഞു. കേസില്‍ ഇതുവരെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിട്ടില്ല. അന്വേഷണ ഏജന്‍സികളെല്ലാം കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ളതാണ്. കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയാനില്ല. എന്നാല്‍ അന്വേഷണത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരെ പുകമറ സൃഷ്ടിക്കാനാണു ശ്രമമെന്നും കാനം രാജേന്ദ്രന് പറഞ്ഞു. ഇടതുമുന്നണിയെ അടിക്കാനുള്ള വടിയല്ല സി.പി.ഐ. സി.പി.ഐ നിര്‍വാഹകസമിതിയില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചിട്ടില്ല. എല്‍.ഡി.എഫിനെ സംരക്ഷിക്കാനുള്ള രാഷ്ട്രീയചുമതല സി.പി.ഐ നിറവേറ്റും. ഇടതു നയത്തില്‍ നിന്നും സര്‍ക്കാര്‍ വ്യതിചലിച്ചപ്പോഴൊക്കെ സി.പിഐ തിരുത്തിയിട്ടുണ്ട്. ജോസിന്റെ കാര്യത്തില്‍ തീരുമാനമായില്ലെന്നും കാനം വിശദീകരിച്ചു. രാഷ്ട്രീയ സാഹചര്യം അനുസരിച്ച് ജോസ് കെ.മാണിയുടെ നിലപാട് മാറാം. മൂന്ന് ഭാഗത്തേക്കും ജോസിന് വില പേശാമല്ലോയെന്നും കാനം പരിഹസിച്ചു. അതേസമയം, കോണ്‍ഗ്രസ് ബി.ജെ.പിക്കൊപ്പമാണെന്ന് കാനം പറഞ്ഞു. കൊവിഡ് പ്രതിരോധം അട്ടിമറിച്ചുള്ള സമരങ്ങള്‍ക്കെതിരെ 29ന് എല്‍.ഡി.എഫ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും കാനം പറഞ്ഞു. അതേസമയം കാനത്തിന് അദ്ദേഹത്തിന്റേതായ അഭിപ്രായം ഉണ്ടാകാമെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത്. എന്തുകൊണ്ടാണ് അങ്ങനെ പോകേണ്ടി വന്നതെന്നും എന്താണ് അതിന്റെ സാഹചര്യമെന്നും താന്‍ വ്യക്തമാക്കിയതാണ്. സംഘര്‍ഷം ഒഴിവാക്കുന്നതിന് വേണ്ടിയുള്ള വിവേക പൂര്‍ണമായ ഒരു നടപടി എന്ന നിലയില്‍ മാത്രമേ അതിനെ കാണേണ്ടതുള്ളൂ എന്ന് താന്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."