കവര്‍ന്നു, തൊഴിലാളികളുടെ അവകാശങ്ങളും
കര്‍ഷകന് ആത്മഹത്യാ കയര്‍ ഒരുക്കിയതിന് പിന്നാലെ ഇന്ത്യയിലെ ലക്ഷോപലക്ഷം തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങള്‍ കൂടി കവര്‍ന്നെടുത്ത് കേന്ദ്ര സര്‍ക്കാര്‍ മൂന്ന് ലേബര്‍ കോഡുകള്‍ ലോക്‌സഭയിലും രാജ്യസഭയിലും കഴിഞ്ഞ ദിവസം പാസാക്കി. രാജ്യത്തെ തൊഴിലാളികള്‍ ത്യാഗനിര്‍ഭരമായ സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളാണ് രണ്ട് ദിവസം കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ കവര്‍ന്നെടുത്തത്.
22, 23 തിയതികളില്‍ ഇരുസഭകളും സോഷ്യല്‍ സെക്യൂരിറ്റി കോഡ് (സാമൂഹിക സുരക്ഷാചട്ടം) ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ് (വ്യവസായ ബന്ധ ചട്ടം) ഒക്യുപേഷന്‍ സേഫ്റ്റി കോഡ് (തൊഴില്‍ സുരക്ഷാ ചട്ടം) എന്നീ മൂന്ന് ബില്ലുകള്‍ പാസാക്കിയാണ് നിലവിലെ തൊഴില്‍ നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തകര്‍ത്തെറിഞ്ഞിരിക്കുന്നത്. കോഡ് ഓണ്‍ വേജസ് (വേതന ചട്ടം) നിയമം 2019 ല്‍ തന്നെ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷാംഗങ്ങള്‍ ബഹിഷ്‌കരിച്ചതിനാല്‍ ചര്‍ച്ച കൂടാതെ തൊഴിലാളി വിരുദ്ധ ബില്ലുകള്‍ എളുപ്പത്തില്‍ പാസാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. രാഷ്ട്രപതി ഭേദഗതി ബില്ലുകളില്‍ ഒപ്പിടുന്നതോടെ തൊഴിലാളികള്‍ തീ പാറുന്ന സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ കടങ്കഥയായി മാറും.
ബില്‍ പാസാക്കുന്നതിന് മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങളൊന്നും പരിഗണിക്കപ്പെട്ടില്ല. രാജ്യസഭയില്‍ ചര്‍ച്ച കൂടാതെ ബില്‍ പാസാക്കരുതെന്നാവശ്യപ്പെട്ട് സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷം നല്‍കിയ കത്തും പരിഗണിക്കപ്പെട്ടില്ല. ഇന്നേവരെ തൊഴിലാളികള്‍ നേടിയെടുത്ത എല്ലാ അവകാശങ്ങളും ഒറ്റയടിക്ക് ഇല്ലാതാക്കുമ്പോള്‍ സര്‍ക്കാരിന്റെ മുന്‍പില്‍ കോര്‍പറേറ്റ് സുരക്ഷ മാത്രമാണ് ഉണ്ടായിരുന്നതെന്ന് തോന്നിപ്പിക്കുന്നതാണ് പുതിയ നിയമങ്ങള്‍. ന്യായമായ അവകാശങ്ങള്‍ക്ക് പോലും മേലില്‍ തൊഴിലാളികള്‍ക്ക് ശബ്ദമുയര്‍ത്താനാവില്ല. തൊഴിലാളികളെ സംബന്ധിക്കുന്ന എല്ലാ സാമൂഹിക സുരക്ഷാ സംവിധാനങ്ങളും ഇല്ലാതായി. ഉദാരവ്യവസ്ഥകള്‍ തൊഴിലുടമകള്‍ക്കും കുത്തക കമ്പനികള്‍ക്കും മാത്രമായി നിജപ്പെടുത്തി.
ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചതിനുശേഷം ബ്രിട്ടിഷ് സര്‍ക്കാര്‍ എഴുതിയുണ്ടാക്കിയ തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കിയിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ തൊഴില്‍, വ്യവസായ തര്‍ക്ക, എംപ്ലോയ്‌മെന്റ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ്, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്, മോണിറ്ററി ബെനിഫിറ്റ്, പേമന്റ് ഓഫ് ബോണസ്, വേജസ് നിയമങ്ങളെല്ലാം നമ്മുടെ ഭരണഘടനാ വ്യവസ്ഥകളോടും മൗലികാവകാശങ്ങളോടും ബന്ധപ്പെടുത്തിയതായിരുന്നു. ഭരണഘടനയിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്ന നാലാം ഭാഗത്തെ അനുഛേദം 36 മുതല്‍ 56 വരെയുള്ളത് തൊഴിലവകാശങ്ങളെക്കുറിച്ച് ആഴത്തില്‍ പ്രതിപാദിക്കുന്നതാണ്. എന്നാല്‍ ഇതെല്ലാം തച്ചുടയ്ക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തൊഴില്‍ നിയമം. തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥ ഇതിലൂടെ പൊളിച്ചെഴുതപ്പെടുകയാണ്. ഫാക്ടറികളിലും കമ്പനികളിലും ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളിലുമുള്ള തൊഴിലാളികള്‍ക്ക് വലിയ പ്രഹരമായിരിക്കും പുതിയ തൊഴില്‍ നിയമം ഏല്‍പിക്കുക. ഇനി ജോലി സമയം കൂടും. ആനുകൂല്യങ്ങള്‍ കുറയും. അവധികള്‍ ചുരുങ്ങും. തൊഴിലാളി ഏത് സമയത്തും പിരിച്ചുവിടപ്പെടാം. നിലവില്‍ ഒരു സ്ഥാപനത്തില്‍ പത്തില്‍ താഴെയുണ്ടായിരുന്ന തൊഴിലാളിക്ക് ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരമുള്ള തൊഴില്‍ സുരക്ഷ കിട്ടിയിരുന്നുവെങ്കില്‍ മേലില്‍ അതുണ്ടാവില്ല. തൊഴില്‍ സമയം എട്ട് മണിക്കൂറെന്നത് തൊഴിലാളികള്‍ നീണ്ടകാലത്തിലൂടെ സമരം ചെയ്തു നേടിയതാണ്. പുതിയ നിയമത്തില്‍ അത് ഒന്‍പത് മണിക്കൂറാണ്.
ബി.ജെ.പി സര്‍ക്കാര്‍ എല്ലാം ഒന്നിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് സംസ്ഥാനങ്ങള്‍ക്ക് തൊഴില്‍ നിയമങ്ങളില്‍ ഉണ്ടായിരുന്ന പ്രത്യേകാവകാശങ്ങള്‍ ഇല്ലാതാക്കി പുതിയ നാല് കോഡിലൂടെ ചുരുക്കിയിരിക്കുന്നത്. 'ഒരു രാജ്യം ഒരു തൊഴില്‍ നിയമം' എന്ന കുരുട്ടു ബുദ്ധിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. നിലവില്‍ 12 കാഷ്വല്‍ ലീവ് ഉണ്ടായിരുന്നത് ഇനി എട്ടാകും. ആഴ്ചയില്‍ ഒരവധി മാത്രം. ഏണ്‍ഡ് ലീവ് നേരത്തെ പതിനഞ്ച് ദിവസത്തിന് ഒന്ന് എന്നായിരുന്നുവെങ്കില്‍ ഇനി 20 ദിവസത്തിന് ഒന്ന് എന്നാകും. ഒരു മാസത്തില്‍ രണ്ട് ഏണ്‍ഡ് ലീവ് കിട്ടിയിരുന്നത് ഇനി മാസത്തില്‍ ഒന്ന് മാത്രമേ കിട്ടൂ.
ബി.ജെ.പിയുടെ തൊഴിലാളി സംഘടനയായ ബി.എം.എസ് നേരത്തെ ഇത്തരം നിര്‍ദേശങ്ങളോട് രൂക്ഷമായ എതിര്‍പ്പായിരുന്നു ഉയര്‍ത്തിയിരുന്നത്. എന്നാല്‍ നിര്‍ദേശങ്ങളൊക്കെയും നിയമമായാല്‍ കാട്ട് ഭരണമാകും ഈ രംഗത്തുണ്ടാവുക എന്നാക്ഷേപിച്ച മുന്‍ നിലപാട് തന്നെയായിരിക്കുമോ തുടര്‍ന്നും ബി.എം.എസില്‍ നിന്നുണ്ടാവുക എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
കുടുംബത്തിന്റെ കാര്യങ്ങള്‍ പൂര്‍ണമായും നോക്കേണ്ടിവരുന്ന സ്ത്രീകള്‍ രാത്രി ഷിഫ്റ്റിലും ജോലി ചെയ്യേണ്ടി വരിക എന്നത് എത്രമാത്രം ക്രൂരമാണ്. തൊഴിലാളിയെ പിരിച്ചുവിട്ടാല്‍ അവന്റെ ഭാഗം കേള്‍ക്കാനുള്ള സംവിധാനം പോലും പുതിയ തൊഴില്‍ നിയമത്തില്‍ പറിച്ചെറിഞ്ഞിരിക്കുകയാണ്. തൊഴിലാളിയെ മറ്റൊരു യന്ത്രമായി കാണുന്ന മനുഷ്യത്വം തൊട്ടു തീണ്ടാത്തതാണ് കുത്തക തൊഴിലുടമകള്‍ക്ക് വേണ്ടി പടച്ച പുതിയ തൊഴില്‍ നിയമം.
തൊഴിലാളിക്ക് പരാതി നല്‍കാനുള്ള സംവിധാനം പോലും എടുത്തു കളഞ്ഞ സര്‍ക്കാര്‍ എത്ര വിധേയമായിട്ടാണ് കോര്‍പറേറ്റുകള്‍ക്ക് കീഴ്‌പ്പെട്ടതെന്ന് പുതിയ തൊഴില്‍ നിയമത്തിലൂടെ മനസിലാക്കാവുന്നതാണ്. ഗുരുതരമായ പ്രത്യാഘാതങ്ങളായിരിക്കും പുതിയ തൊഴില്‍ നിയമം തൊഴില്‍ മേഖലയില്‍ ഉണ്ടാക്കാന്‍ പോകുന്നത്. നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ ദുര്‍ബലപ്പെടുത്തിയും പന്ത്രണ്ട് നിയമങ്ങള്‍ റദ്ദാക്കി നാല് കോഡുകളാക്കി തിരിച്ച പുതിയ തൊഴില്‍ നിയമം ഇന്ത്യയിലെ തൊഴിലാളികള്‍ അംഗീകരിക്കുമോ? കര്‍ഷക ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാജ്യമൊട്ടാകെ ഭാരത് ബന്ദ് ആചരിക്കുമ്പോള്‍ തന്നെയാണ് തൊഴില്‍ നിയമങ്ങളേയും കേന്ദ്ര സര്‍ക്കാര്‍ ഗളഹസ്തം ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."