ദുരിതാശ്വാസ നിധിയിലേക്ക് സുമനസുകളില്‍നിന്ന് ധനസമാഹരണം നടത്തും: മന്ത്രി ജി. സുധാകരന്‍
ആലപ്പുഴ: ജില്ലയില്‍ സെപ്തംബര്‍ 10 മുതല്‍ 15 വരെ പ്രളയദുരന്തത്തില്‍പ്പെട്ടവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണ യജ്ഞം നടത്തുമെന്ന് പൊതുമരാമത്തുമന്ത്രി ജി. സുധാകരന്‍. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സുമനസുകളുടെ പരമാവധി സഹായം ലഭ്യമാക്കുന്നതിനായി ജില്ലയില്‍ ചുമതലപ്പെടുത്തിയ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെയും ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെയും നേതൃത്വത്തില്‍ കലക്ടറേറ്റില്‍ നടന്ന എം.പിമാരുടെയും എം.എല്‍.എമാരുടെയും യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സെപ്റ്റംബര്‍ 12ന് രാവിലെ 9.30ന് ചേര്‍ത്തലയിലും ഉച്ചയ്ക്ക് രണ്ടിന് ആലപ്പുഴയിലും വൈകിട്ട് അഞ്ചിന് അമ്പലപ്പുഴയിലും സമാഹരണയജ്ഞം നടത്തും. ജില്ലയില്‍ ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള മന്ത്രിമാരായ ജി. സുധാകരന്‍, പി. തിലോത്തമന്‍, എം.പിമാര്‍, എം.എല്‍.എമാര്‍ പങ്കെടുക്കും.
സെപ്റ്റംബര്‍ 13ന് രാവിലെ 9.30ന് അരൂരിലും ഉച്ചകഴിഞ്ഞ് മൂന്നിന് ഹരിപ്പാടും 14ന് രാവിലെ 10ന് ചെങ്ങന്നൂരും ഉച്ചയ്ക്കുശേഷം രണ്ടിന് മാവേലിക്കരയും വൈകിട്ട് അഞ്ചിന് കായംകുളത്തും 15ന് രാവിലെ 10ന് കുട്ടനാട്ടിലുമാവും ധനസമാഹരണം നടത്തുക. സെപ്റ്റംബര്‍ 10നകം ഓരോ മണ്ഡലത്തിലും എം.എല്‍.എമാരുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം വിളിച്ചുകൂട്ടണം.
ഓരോ മണ്ഡലത്തിന്റെയും ചുമതല ഉയര്‍ന്ന തസ്തികയിലുള്ള ഒരു ഉദ്യോഗസ്ഥന് നല്‍കും. ഓരോ മണ്ഡലത്തിലും വിളിക്കുന്ന യോഗത്തില്‍ ബന്ധപ്പെട്ട എം.പിമാര്‍, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫിസര്‍മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, നഗരസഭകളില്‍ നഗരസഭാ ചെയര്‍മാന്‍ അല്ലെങ്കില്‍ സെക്രട്ടറി എന്നിവര്‍ പങ്കെടുക്കണം. ഇങ്ങനെ നടക്കുന്ന യോഗങ്ങളില്‍ ജില്ലാ കലക്ടറോ സ്‌പെഷല്‍ ഓഫിസറോ പങ്കെടുക്കണമെന്നും മന്ത്രിമാര്‍ നിര്‍ദേശിച്ചു.
ഓരോ മണ്ഡലത്തിലും പഞ്ചായത്ത്, നഗരസഭ അടിസ്ഥാനത്തില്‍ സംഭാവന നല്‍കാന്‍ കഴിവുള്ളവരുടെ പട്ടിക തയ്യാറാക്കണം. പഞ്ചായത്തിലും നഗരസഭയിലും പട്ടിക തയ്യാറാക്കുന്നതിന് ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. എം.എല്‍.എമാരുടെ മേല്‍നോട്ടത്തിലായിരിക്കും പട്ടിക തയ്യാറാക്കുക. പട്ടികപ്രകാരമുള്ള സംഭാവന സ്വീകരിക്കുന്നതിനുള്ള സമാഹരണയജ്ഞം 12 മുതല്‍ തുടങ്ങും. ഓരോ മണ്ഡലത്തിലും നിശ്ചിത സമയത്ത് നിശ്ചിത സ്ഥലത്ത് വിപുലമായ രീതിയില്‍ ആയിരിക്കും ധനസമാഹരണം.
കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് 30,000 കോടിയിലേറെ രൂപ ആവശ്യമായിവരും. റോഡ്, പാലം എന്നിവയ്ക്കാണ് ഏറ്റവും വലിയ നഷ്ടം ഉണ്ടായതെന്നും മന്ത്രി സുധാകരന്‍ പറഞ്ഞു. കൃഷി, വീടുനാശം എന്നിവയെല്ലാം പരിഹരിക്കേണ്ടതുണ്ട്. ഒരു സമ്മര്‍ദവും ഇല്ലാതെ തന്നെ ലോകം മുഴുവന്‍ കുട്ടനാടിനെ സഹായിക്കാനായി എത്തിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. 1,200 കോടി രൂപയ്ക്കു മുകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിയിട്ടുണ്ട്.
യോഗത്തില്‍ എം.പിമാരായ കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍.എമാരായ ആര്‍. രാജേഷ്, യു. പ്രതിഭ, എ.എം ആരിഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ധനസമാഹരണത്തിനുള്ള സ്‌പെഷ്യല്‍ ഓഫിസര്‍ ആലപ്പുഴ മുന്‍ കലക്ടറും നികുതി വകുപ്പ് സെക്രട്ടറിയുമായ പി. വേണുഗോപാല്‍, തോമസ് ചാണ്ടി എം.എല്‍.എയുടെ പ്രതിനിധി, ജില്ലാ കലക്ടര്‍ എസ്. സുഹാസ്, സബ് കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."