HOME
DETAILS

'രാജാവായ' യോഗിയും യു.പിയെന്ന 'രാജ്യവും'

  
backup
September 25 2020 | 01:09 AM

yogi-and-up

 


ഹിന്ദുരാഷ്ട്രം എന്ന വിനായക് ദാമോദര്‍ സവര്‍ക്കരുടെ സ്വപ്നം പൂവണിയിച്ചത് നരേന്ദ്രമോദിയോ അതല്ല യോഗി ആദിത്യനാഥോ എന്ന ചോദ്യത്തിന് ലഭിക്കുന്ന ഉത്തരം വ്യത്യസ്തമാകാമെങ്കിലും ഹിന്ദുത്വ ആശയത്തിലൂന്നിയ ഒരു ഭരണകൂടത്തിലേക്ക് കുതിക്കുന്ന സംസ്ഥാനം യോഗിയുടെ യു.പിയാണെന്നതില്‍ സംശയമില്ല. ഒരു ഹൈന്ദവ മഠാധിപതി ഭരണച്ചെങ്കോലേന്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം പ്രായോഗിക തലത്തില്‍ മതേതര ഇന്ത്യക്ക് അന്യമായി കഴിഞ്ഞിരിക്കുന്നു. ഒരു രാജ്യം ജനാധിപത്യ, മതനിരപേക്ഷമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടോ എന്നറിയാനുള്ള ലളിത മാനദണ്ഡം അവിടുത്തെ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കുമെന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാഴ്ചപ്പാടിനെയാണ് 'പുതിയ യു.പി' വെല്ലുവിളിച്ചിരിക്കുന്നത്. 1920കളില്‍ ബെനിറ്റോ മുസോളിനിയുടെ ഇറ്റലിയില്‍ നടമാടിയ വംശീയ പ്രക്ഷുബ്ധതകളുടെ വകഭേദമാണ് വര്‍ഗീയവിചാരം ആളിക്കത്തുന്ന യു.പിയില്‍ നിലനില്‍ക്കുന്നത്. ജനാധിപത്യത്തിന്റെ പുകമറയിലാണ് എല്ലാ ജനാധിപത്യവിരുദ്ധ അരുതായ്മകളും അരങ്ങേറുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഭരണഘടനയും അത് പ്രദാനം ചെയ്യുന്ന പൗരാവകാശങ്ങളും ക്രൂരമനുഷ്യരുടെ കരങ്ങളില്‍ എന്തുമാത്രം അപകടകരമായ ആയുധങ്ങളായി പരിണമിക്കുന്നുവെന്ന യാഥാര്‍ഥ്യത്തെയാണ് നാം അഭിമുഖീകരിക്കേണ്ടിവന്നിരിക്കുന്നത്.


യോഗി ആദിത്യനാഥ് രാഷ്ട്രീയനേതൃത്വത്തിലേക്ക് കടന്നുവരുന്നത് ഗൊരഖ്‌നാഥ് മഠത്തിന്റെ ആശീര്‍വാദത്തോടെ തുറന്നുവിട്ട രാമക്ഷേത്രപ്രക്ഷോഭം സമാഹരിച്ച വര്‍ഗീയവോട്ടിന്റെ ബലത്തിലാണ്. അദ്ദേഹത്തിന്റെ ഗുരുവാണ് ബാബരി മസ്ജിദ് തകര്‍ത്ത് തല്‍സ്ഥാനത്ത് രാമക്ഷേത്രം പണിയാനുള്ള ഗൂഢാലോചനയുടെയും പ്രക്ഷോഭത്തിന്റെയും മുന്‍നിരിയിലുണ്ടായിരുന്നത്. ഹിന്ദുമഹാസഭ നേതാവും തീവ്രഹിന്ദുത്വവാദിയുമായ മഹന്ത് ദിഗ്‌വിജയ് സിങ്ങാണ് ( 1894 - 1969 ) 1949 ഡിസംബര്‍ 22ന് ബാബരിപ്പള്ളിക്കകത്തേക്ക് വിഗ്രഹം കൊണ്ടുവയ്ക്കുന്നതിനും തുടര്‍ന്നുള്ളനാളുകളില്‍ ആഴ്ചകള്‍ നീണ്ട രാമായണ സപ്താഹത്തിലൂടെ രാമജന്മഭൂമി എന്ന പ്രാദേശിക ഭക്തരില്‍ മാത്രം ഒതുങ്ങിനിന്ന വികാരത്തെ ദേശീയതലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നതും.


ആദിത്യനാഥ് ഗൊരഖ്‌നാഥ് മഠത്തിന്റെ അധിപനാവുന്നത് 2014 സെപ്റ്റംബറിലാണ്. അഞ്ചുതവണ തുടര്‍ച്ചയായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യോഗി ആദിത്യനാഥ് തീവ്രവലതുപക്ഷ ഹിന്ദുത്വയുടെ അതിപ്രസരിപ്പുള്ളമുഖമായി മാറിയതാണ് 2017ല്‍ യു.പി മുഖ്യമന്ത്രിക്കസേരയില്‍ എത്തിച്ചത്. മോദിക്കുശേഷം ആര് എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് യോഗിയെ ആര്‍.എസ്.എസ് ഉയര്‍ത്തിക്കാട്ടുന്നത്. മോദി ഗുജറാത്തിലൂടെയാണ് ഡല്‍ഹി സിംഹാസനത്തില്‍ എത്തിയതെങ്കില്‍ രാജ്യത്തിന്റെ ഹൃദയഭൂമിയായ യു.പിയെ വിഷമയമാക്കി വലിയ രാഷ്ട്രീയം കളിക്കാന്‍ യോഗിയെ പ്രാപ്തനാക്കുന്നു. 70 തികഞ്ഞ മോദിക്കു മുന്നില്‍ 48കാരനായ യോഗി യുവാവാണ്.

ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നു


വര്‍ഗീയചിന്ത യോഗി ആദിത്യനാഥിനെ കടുത്ത ന്യൂനപക്ഷവിരുദ്ധനും അപകടകാരിയായ ഭരണകര്‍ത്താവുമാക്കുന്നു. യോഗി അധികാരത്തില്‍വന്ന ശേഷം ന്യൂനപക്ഷങ്ങളുടെ അവസ്ഥ പരിതാപകരമാണെന്നും നിയമത്തിന്റെ ദുര്‍വിനിയോഗത്തിലൂടെ ബി.ജെ.പി ഭരണകൂടം പ്രതികാരവാഞ്ചയോടെയാണ് പെരുമാറുന്നതെന്നും രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ ക്രിസ്റ്റോഫി ജൈഫ്രലറ്റ് തെളിവുകള്‍ നിരത്തി സമര്‍ഥിക്കുന്നുണ്ട്. പെട്ടെന്നുള്ള വര്‍ഗീയ പൊട്ടിത്തെറിക്കുപകരം ദൈനംദിന ജീവിതത്തിലെ ചെറിയ ചെറിയ സംഭവങ്ങളിലൂടെ വിദ്വേഷവും വൈരവും പടര്‍ത്തി, താഴേതട്ടില്‍ ജനങ്ങളെ വര്‍ഗീയവല്‍ക്കരിക്കുകയും ആവശ്യമായി വരുമ്പോള്‍ സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷം സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു രീതിയാണ് പരീക്ഷിക്കുന്നത്. ഈ ദിശയില്‍ ബജ്‌റംഗ്ദളും യോഗിയുടെ സ്വന്തം ഗുണ്ടാസംഘമായ ഹിന്ദുയുവവാഹിനിയും വഹിക്കുന്ന പങ്ക് വലുതാണ്. നിരീക്ഷണ സംഘങ്ങളായി നാട്ടിന്‍പുറങ്ങളിലും പട്ടണങ്ങളിലും റോന്ത് ചുറ്റുന്ന ഇക്കൂട്ടരാണ് പശുക്കടത്തിന്റെ പേരില്‍ മുസ്‌ലിംകളെയും ദലിതുകളെയും തല്ലിക്കൊല്ലുന്ന ജോലി ഏറ്റെടുത്തിരിക്കുന്നത്.


2017ല്‍ ബി.ജെ.പി അധികാരത്തിലേറിയത് മുതല്‍ ഭീതിയോടെ കഴിയുന്ന ന്യൂനപക്ഷങ്ങള്‍ക്കും മറ്റു ദുര്‍ബല വിഭാഗങ്ങള്‍ക്കുമെതിരേ പൊലിസും ഹിന്ദുത്വ തെരുവ് സംഘങ്ങളും കൈകോര്‍ക്കുമ്പോഴാണ് വ്യാജ ഏറ്റുമുട്ടലുകളും ആള്‍ക്കൂട്ട കൊലകളും പതിവ് സംഭവങ്ങളാവുന്നത്. നിയമത്തിന്റെ ദുരുപയോഗമാണ് കടുത്ത ഭീഷണി ഉയര്‍ത്തുന്നത്. ഏത് നിസ്സാരകുറ്റത്തിന് അറസ്റ്റ് ചെയ്താലും കരിനിയമങ്ങളായ യു.എ.പി.എയുടെയോ ദേശീയ സുരക്ഷാ നിയമത്തിന്റെയോ ( എന്‍.എസ്.എ ) കഠിന വകുപ്പുകള്‍ ചുമത്തി ജയിലിലടക്കുകയാണ്. 12 മാസംവരെ കുറ്റപത്രം നല്‍കാതെ തടങ്കലിടാം എന്നതാണ് ഈ നിയമങ്ങള്‍ സര്‍ക്കാരിന് നല്‍കുന്ന ആനുകൂല്യം. 2017ല്‍ 160 മുസ്‌ലിംകളെയാണ് ദേശീയ സുരക്ഷാനിയമം അനുസരിച്ച് അറസ്റ്റ് ചെയ്തു ജയിലിലടച്ചത്. മുന്‍ പൊലിസ് ഓഫിസര്‍ എസ്.ആര്‍ ദാരാപുരിയെ ഉദ്ധരിച്ച് ജൈഫ്രലറ്റ് ദേശീയ മാധ്യമത്തില്‍ എഴുതിയത് ഇങ്ങനെയാണ്: ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണ് ഇത്തരം നിയമങ്ങള്‍ ഇമ്മട്ടില്‍ ദുരുപയോഗം ചെയ്യുന്നത്. ഭീകരത പരത്തി ഭരിക്കുക എന്ന ബി.ജെ.പിയുടെ നയത്തിന്റെ ഭാഗമാണിത്. ദലിതുകളെ വിറപ്പിച്ചുനിര്‍ത്താന്‍ പൊലിസിനെ ആയുധമായി ഉപയോഗപ്പെടുത്തുകയാണ് ഹിന്ദുത്വ ഭരണകൂടം'. ഡോ. കഫീല്‍ ഖാന്റെ അനുഭവം ലോകം കണ്ടതാണ്. സ്വന്തം കീശയില്‍നിന്ന് പണമെടുത്ത് പ്രാണവായു എത്തിച്ച ആ മനുഷ്യസ്‌നേഹിയെ കൃത്യവിലോപത്തിന്റെ പേരില്‍ കേസെടുത്ത് ജയിലിലടച്ചു. ആരോഗ്യവകുപ്പിന്റെ അന്വേഷണത്തില്‍ നിരപരാധിയാണെന്ന് കണ്ടപ്പോള്‍ കോടതി വെറുതെവിട്ടു. പക്ഷേ, അലീഗഡ് യൂനിവേഴ്‌സിറ്റി കാംപസില്‍ സി.എ.എ സമരത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന കുറ്റം ചുമത്തി ദേശീയ സുരക്ഷാനിയമത്തിലൂടെ വീണ്ടും ജയിലിലിട്ടപ്പോള്‍ സുപ്രിം കോടതിക്ക് ഇടപെടേണ്ടിവന്നു ആ മനുഷ്യന്റെ പൗരസ്വാതന്ത്ര്യം തിരിച്ചുകൊടുക്കാന്‍. ഭരണത്തിലേറിയ ഉടന്‍ യോഗി ആദിത്യനാഥ് തുടങ്ങവച്ച ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയിലൂടെ വെടിവച്ചിട്ടത് 40 പേരെ. ഒരു വര്‍ഷത്തിനിടക്ക് 11,00 വെടിവയ്പ്പുകളാണുണ്ടായത്. കൊല്ലപ്പെട്ടവരും വെടിയേറ്റവരും ഭൂരിഭാഗവും ന്യൂനപക്ഷസമുദായക്കാരായിരുന്നു.

'ലൗ ജിഹാദ്' തടയാന്‍ നിയമം


മത വിദ്വേഷം വളര്‍ത്താനും സാമുദായിക ധ്രുവീകരണം സാധ്യമാക്കാനും സമീപകാലത്ത് ഹിന്ദുത്വശക്തികള്‍ 'ലൗ ജിഹാദിന്റെ' പേരില്‍ വ്യാപകമായ ദുഷ്പ്രചാരണങ്ങള്‍ നടത്തിയത് വിഷയം പരമോന്നത കോടതിവരെ എത്തിച്ചു. കേരളത്തില്‍നിന്ന് സുപ്രിം കോടതിയിലെത്തിയ ഹാദിയ കേസ് ലൗ ജിഹാദിന്റെ ഉദാഹരണമായാണ് സംഘ്പരിവാര്‍ ഉയര്‍ത്തിക്കാട്ടിയത്. ഹിന്ദു പെണ്‍കുട്ടികളെ പ്രേമിച്ച് വശത്താക്കി മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നുവെന്നും ഇത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും ഇതിനുപിന്നില്‍ രാഷ്ട്രാന്തരീയ ഗൂഢാലോചനയുണ്ടെന്നുവരെ വ്യാപകമായ ദുഷ്പ്രചാരണങ്ങള്‍ നടത്തി. പ്രണയത്തില്‍ പോലും വര്‍ഗീയത കുത്തിനിറച്ച് സാമുദായികാന്തരീക്ഷം കലുഷിതമാക്കാനുള്ള സംഘ്പരിവാര്‍ നീക്കത്തിന്റെ ചുവടുപിടിച്ച് ലൗ ജിഹാദ് തടയാന്‍ യോഗി സര്‍ക്കാര്‍ നിയമം കൊണ്ടുവരുകയാണെത്ര. ഈ ദിശയില്‍ തന്ത്രമാവിഷ്‌കരിക്കാനും ആവശ്യമെങ്കില്‍ ഓര്‍ഡിനന്‍സ് ഇറക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
പ്രേമിച്ച് വിവാഹം കഴിച്ചശേഷം അന്യമതത്തിലെ പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും ചിലപ്പോള്‍ കൊല്ലുകയും ചെയ്യുന്നുണ്ടെന്നാണത്രെ യോഗിക്ക് കിട്ടിയ വിവരം. ലൗ ജിഹാദ് പരാതികള്‍ കേള്‍ക്കാന്‍ കാണ്‍പൂരില്‍ പൊലിസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കയാണ്. നിര്‍ബന്ധിത മതംമാറ്റം തടയാന്‍ നിയമം കൊണ്ടുവരണമെന്ന് കഴിഞ്ഞ വര്‍ഷം യു.പി ലോ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട് എന്നു പറഞ്ഞാണ് യോഗിയുടെ ഇപ്പോഴത്തെ നീക്കം. 'ഗര്‍ വാപസി'( വീട്ടിലേക്കുള്ള മടക്കം ) എന്ന ആര്‍.എസ്.എസ് പദ്ധതിയിലൂടെ ആയിരക്കണക്കിന് ഹിന്ദുയിതര വിഭാഗങ്ങളെ തങ്ങളുടെ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള പരിപാടികള്‍ യു.പിയുടെ പല ഭാഗങ്ങളിലും നടപ്പാക്കിക്കൊണ്ടിരിക്കുമ്പോഴാണ് യോഗി ആദിത്യനാഥിന്റെ നിയമനിര്‍മാണ വേല.


ധര്‍മ് ജാഗരണ്‍ സമിതി എന്ന സംഘ്പരിവാര്‍ പോഷക ഘടകമാണ് ഘര്‍വാപസിക്ക് നേതൃത്വം കൊടുക്കുന്നത്. ആര്‍.എസ്.എസ് പ്രചാരക് രാജേശ്വര്‍ സിങ്ങിനായിരുന്നു ഇതിന്റെ ചുമതല. ഇദ്ദേഹത്തിന്റെ മതംമാറ്റ സംരംഭങ്ങള്‍ രാജ്യത്തിന്റെ മതേതര പാരമ്പര്യത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കും എതിരാണെന്ന് വ്യാപകമായ വിമര്‍ശനം വന്നപ്പോള്‍, വിവാദമടങ്ങാന്‍ സിങ്ങിനോട് അവധിയെടുത്ത് പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. 2021ഓടെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി പരിവര്‍ത്തിപ്പിച്ചെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അതോടെ മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ടാവില്ലെന്നും പരസ്യപ്രസ്താവന നടത്തിയതാണ് ആര്‍.എസ്.എസ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ഇങ്ങനെ പതിനായിരിക്കണക്കിന് മുസ്‌ലിംകളെ തങ്ങള്‍ മതം മാറ്റിയിട്ടുണ്ടെന്നും ഒന്നുകില്‍ ഹൈന്ദവമതം വിശ്വസിക്കുക അല്ലെങ്കില്‍ രാജ്യം വിടുക എന്നതാണ് തങ്ങളുടെ പ്രഖ്യാപിത മുദ്രാവാക്യമെന്നും പരസ്യമായി പറയാന്‍ ധൈര്യം വന്നത് ആര്‍.എസ്.എസിന്റെ കുടില പദ്ധതിയെ കുറിച്ച് ഉത്തമ ബോധ്യമുള്ളത് കൊണ്ടാണ്.

ചരിത്രത്തിന് പുതുഭാഷ്യം


1948ല്‍ ഇസ്‌റാഈല്‍ നിലവില്‍ വന്നപ്പോള്‍ സയണിസ്റ്റ് തീവ്രവാദികള്‍ ഫലസ്തീനിന്റെ ചരിത്രം മാറ്റിയെഴുതാന്‍ ഒരു പ്രഫഷനല്‍ സംഘത്തെ നിയോഗിച്ചു. വേദപുസ്തകത്തിലേക്ക് ആണ്ടിറങ്ങുന്ന ചരിത്രമുണ്ട് ഇസ്‌റാഈലിനെന്ന് സമര്‍ഥിക്കാനായിരുന്നു ആ ശ്രമം. ഇന്ത്യാ ചരിത്രത്തിന് പുതുഭാഷ്യം രചിക്കാന്‍ ആര്‍.എസ്.എസിന്റെ കാര്‍മികത്വത്തില്‍ ഏറെക്കാലമായി ശ്രമങ്ങള്‍ നടക്കുന്നു. മോദിസര്‍ക്കാര്‍ ആ ദിശയില്‍ പല നീക്കങ്ങളുമായി മുന്നോട്ടുപോവുന്നുണ്ട്. യോഗി ആദിത്യനാഥാവട്ടെ സ്ഥലനാമങ്ങള്‍ മാറ്റാന്‍ ഒരുമ്പെട്ടിറങ്ങിയത് മുഗള്‍ ഉള്‍പ്പെടെയുള്ള കാലഘട്ടങ്ങളിലെ നാമങ്ങളെ മായ്ച്ചുകളയാനാണ്. അടിമത്തത്തിന്റെ മനോഘടനയുടെ പ്രതീകങ്ങള്‍ക്ക് പുതിയ യു.പിയില്‍ സ്ഥാനമില്ല എന്ന് വിളംബരത്തോടെ ആഗ്രയിലെ മുഗള്‍ മ്യൂസിയത്തിന്റെ പേര് ഛത്രപതി ശിവജി മഹാരാജ മ്യൂസിയം എന്നാക്കി മാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണ്. ശിവജിയും മുഗള്‍ മ്യൂസിയവും തമ്മിലെന്തു ബന്ധം എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് യോഗി സര്‍ക്കാര്‍. ഔറംഗസീബിന്റെ കാലത്ത് അറസ്റ്റിലായ ശിവജിയെ താമസിപ്പിച്ചത് ആഗ്ര കോട്ടയിലാണെന്നത് മാത്രമാണ് മറാത്താ ഭരണാധികാരിയെ മുഗളരുമായി ബന്ധിപ്പിക്കുന്ന ലോലമായ ഏക ഘടകം. 16ാം നൂറ്റാണ്ടുമുതല്‍ 19ാം നുറ്റാണ്ട് വരെ പ്രവിശാലമായ ഇന്ത്യാ മഹാരാജ്യം ഭരിച്ച ഒരു ഭരണകുലത്തിന്റെ പേരിനു പകരം ആ കാലഘട്ടത്തില്‍ തടവറയില്‍ കഴിഞ്ഞ ഒരാളുടെ പേരില്‍ ഒരു മ്യൂസിയം അറിയപ്പെടുമ്പോഴുള്ള ചരിത്രനിരാസം അവതരിപ്പിക്കാന്‍ വര്‍ഗീയവാദികള്‍ക്ക് മാത്രമേ സാധിക്കൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘര്‍ഷം തടയുന്നതില്‍ പരാജയപ്പെട്ടു, പരിഹരിക്കാന്‍ ആത്മാര്‍ഥമായി ഇടപെടണം; കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ആര്‍.എസ്.എസും എ.ബി.വി.പിയും  

National
  •  24 days ago
No Image

അഞ്ച് തസ്തികകളില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി

Kerala
  •  24 days ago
No Image

മുനമ്പം വഖ്ഫ് ഭൂമി: വേഗം പരിഹരിക്കണമെന്ന് സാദിഖലി തങ്ങള്‍  

Kerala
  •  24 days ago
No Image

വയനാട് തിരുനെല്ലിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  24 days ago
No Image

ശബരിമല: തത്സമയ ഓൺലൈൻ ബുക്കിങ് മൂന്നു കേന്ദ്രങ്ങളിൽ

Kerala
  •  24 days ago
No Image

കരിപ്പൂർ റെസ നിർമാണം: മണ്ണെടുപ്പ് സ്ഥലം ജിയോളജി വിഭാഗം പരിശോധിക്കും

Kerala
  •  24 days ago
No Image

ഇന്ന് റേഷന്‍ കടയടപ്പ് സമരം

Kerala
  •  24 days ago
No Image

ജിസാറ്റുമായി പറന്നുയര്‍ന്ന് മസ്‌ക്കിന്റെ ഫാല്‍ക്കണ്‍; വിക്ഷേപണം വിജയം, ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ 

Science
  •  24 days ago
No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  25 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  25 days ago