മുഖ്യമന്ത്രി ആന്‍ ഫ്രാങ്ക് ഹൗസ് സന്ദര്‍ശിച്ചു
തിരുവനന്തപുരം: നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ആംസ്റ്റര്‍ഡാമിലെ ആന്‍ ഫ്രാങ്ക് ഹൗസ് സന്ദര്‍ശിച്ചു. രണ്ടാം ലോക യുദ്ധകാലത്ത് ഡയറി എഴുത്തിലൂടെ യുദ്ധ ഭീകരത പകര്‍ത്തി വിശ്വപ്രശസ്തയായ ആന്‍ ഫ്രാങ്കിന്റെ സ്മരണയ്ക്കായി സമര്‍പ്പിച്ചിട്ടുള്ള ജീവചരിത്ര മ്യൂസിയമാണ് ആന്‍ ഫ്രാങ്ക് ഹൗസ്.
നാസി ഭടന്മാരില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ആന്‍ ഫ്രാങ്കും കുടുംബവും മറ്റു നാലുപേരും ഒളിച്ചിരുന്ന സ്ഥലമാണ് ഈ സംരക്ഷിത സ്മാരകം. പതിനേഴാം നൂറ്റാണ്ടിലെ കനാല്‍ ഹൗസുകളിലൊന്നായ ഈ മന്ദിരത്തിന്റെ പിറകുവശത്ത് സീക്രട്ട് ഹൗസ് എന്നറിയപ്പെടുന്ന ഭാഗത്താണ് ആന്‍ ഫ്രാങ്ക് താമസിച്ചിരുന്നത്.
യുദ്ധത്തെ അതിജീവിക്കാന്‍ ആന്‍ ഫ്രാങ്കിന് സാധിച്ചില്ലെങ്കിലും അവരുടെ യുദ്ധകാല ഡയറി 1947ല്‍ പ്രസിദ്ധീകരിക്കപ്പെടുകയും ലോക പ്രശസ്തി നേടുകയും ചെയ്തു.
എല്ലാ സ്വാതന്ത്ര്യ സ്‌നേഹികള്‍ക്കും, അടിച്ചമര്‍ത്തലുകള്‍ക്കും അനീതികള്‍ക്കുമെതിരായി പോരാടുന്നവര്‍ക്കും ആന്‍ ഫ്രാങ്ക് ഹൗസ് ഒരു പ്രചോദനമായിരിക്കുമെന്നും ആന്‍ ഫ്രാങ്കിന്റെ ജീവിതകഥ ലോകത്തോട് വീണ്ടും വീണ്ടും പറയേണ്ടത് ഓരോ തലമുറയിലും ഹീറോകളുണ്ടാവാന്‍ സഹായകമാകുമെന്നും മുഖ്യമന്ത്രി സന്ദര്‍ശക പുസ്തകത്തില്‍ കുറിച്ചു.
ചീഫ് സെക്രട്ടറി ടോം ജോസ്, നെതര്‍ലന്‍ഡ്‌സ് അംബാസഡര്‍ വേണുരാജാമണി, അഡിഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി ഇന്നലെ ഉച്ചയോടെ ജനീവയിലേക്ക് തിരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."