സ്വഫര്‍ മാസവും അന്ധവിശ്വാസങ്ങളും
വീണ്ടും സ്വഫര്‍ മാസമെത്തിയിരിക്കുകയാണ്. ഓര്‍മപ്പെടുത്തലിനുവേണ്ടി മാത്രം ചിലതു സ്വഫര്‍ മാസത്തെക്കുറിച്ച് പറയേണ്ടതുണ്ട്. ഇങ്ങനെ പറഞ്ഞുപറഞ്ഞാണ് ഈ മാസവുമായി ബന്ധപ്പെട്ട് നിരവധി അബദ്ധധാരണകള്‍ കുറഞ്ഞത്. മണ്ണടിഞ്ഞുകൊണ്ടിരിക്കുന്ന അത്തരം ധാരണകള്‍ വീണ്ടും പൊട്ടിമുളക്കാതിരിക്കാന്‍ ഈ ഒര്‍മപ്പെടുത്തല്‍ സഹായകവുമാണ്. എന്താണെന്നല്ലേ, സ്വഫര്‍ പൊതുവെ നഹ്‌സിന്റെയും അപശകുനത്തിന്റെയും മാസമാണ് എന്ന എന്നോ, എങ്ങനെയോ നമുക്കിടയില്‍ വന്നുപെട്ട ഒരു ധാരണയാണത്. ആദ്യം ഇത് ഈ മാസം മുഴുവനുമായിരുന്നു. പിന്നെ പറഞ്ഞും നിരൂപിച്ചും കുറഞ്ഞുവന്ന് അവസാനത്തെ ബുധനിലേക്ക് ചുരുങ്ങിയ മട്ടുണ്ട്. ഇതെങ്ങനെ വന്നു എന്നു പറയാം. ഇതൊരു ധാരണയാണ് എന്നു പറഞ്ഞുവല്ലോ. ധാരണകള്‍ പൊതുവെ അങ്ങനെയാണ്, തിരുത്തിയാലും തിരുത്തിയാലും പോകാതെ അങ്ങനെ കിടക്കും. കിടന്നുകിടന്ന് ചിലപ്പോള്‍ അതിനു വേറെ രൂപവും ഭാവവും ഒക്കെ കൈവന്നിട്ടുമുണ്ടാകും. ഈ ധാരണ എവിടെനിന്നു വന്നു എന്നതിനെ കുറിച്ച് ഇസ്‌ലാമിക സംസ്‌കൃതിയില്‍ കൃത്യമായ ഉത്തരമുണ്ട്. ആ ഉത്തരം ഇത് മക്കാ മുശ്‌രിക്കുകളുടെ വിശ്വാസത്തില്‍ നിന്നാണ് എന്നതാണ്. വന്ന വഴി വ്യക്തമായാല്‍ പിന്നെ അതിനെ കുറിച്ച് കൂടുതല്‍ ആഴത്തിലേക്കു പോകേണ്ടിവരില്ല. അതുകൊണ്ട് ആദ്യം അതു പറയാം.
കലണ്ടറിലെ നാലു മാസങ്ങളെ അഥവാ റജബ്, ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ, മുഹര്‍റം എന്നീ മാസങ്ങളെ ഇസ്‌ലാമിനു മുന്‍പേ അറബികള്‍ ആദരിക്കുമായിരുന്നു. യുദ്ധക്കൊതിയന്മാരായിരുന്നിട്ടും അവര്‍ ആ മാസങ്ങളില്‍ പടച്ചട്ടയണിയുമായിരുന്നില്ല. എന്നാല്‍ ചില സാഹചര്യങ്ങളില്‍ അവരുടെ യുദ്ധവികാരം അനിയന്ത്രിതമാകുമ്പോള്‍ അവര്‍ പരിഹാസ്യമായ ഒരു നിലപാടെടുക്കുമായിരുന്നു. യോഗം ചേര്‍ന്ന് ഈ മാസത്തിന്റെ പവിത്രതയെ അടുത്ത മാസത്തേക്ക് നീട്ടിവയ്ക്കാം എന്നു തീരുമാനിക്കുന്ന ഒരു നയം. ഇതിനു അറബിയില്‍ നസീഅ് എന്നു പറയുന്നു. നസീഅ് എന്ന ഈ നയം അവിശ്വാസത്തിന്റെ മൂര്‍ധന്യതയാണ് എന്ന് വിശുദ്ധ ഖുര്‍ആന്‍ അധ്യായം തൗബയില്‍ 39ാം സൂക്തത്തില്‍ പറയുന്നുണ്ട്.
ഈ നീട്ടിവയ്ക്കല്‍ പ്രക്രിയക്ക് അധികവും വിധേയമായിരുന്ന മാസം സ്വഫറാണ്. കാരണം ദുല്‍ഖഅ്ദ മുതല്‍ യുദ്ധവികാരം പിടിച്ചുകെട്ടിടുന്ന അവര്‍ക്ക് പലപ്പോഴും രണ്ടു മാസമൊക്കെ കഴിയുമ്പോഴേക്കും ക്ഷമയുടെ ചങ്ങല പൊട്ടിപ്പോകുന്ന അവസ്ഥയുണ്ടാകും. അപ്പോള്‍ അവര്‍ ദുല്‍ഹിജ്ജ കഴിഞ്ഞാലുടന്‍ ഇനിയൊരു മാസം കൂടി കാത്തിരിക്കുവാന്‍ വയ്യ എന്ന നിലക്ക് ഈ വര്‍ഷത്തെ മുഹര്‍റം വിശുദ്ധി സ്വഫറിലേക്ക് നീട്ടിവയ്ക്കാം എന്നു തീരുമാനിക്കുമായിരുന്നു. അധികവും ഉണ്ടാവാറുള്ളതാണ് ഈ നീട്ടിവയ്ക്കല്‍ എന്നതിനാല്‍ ഇത് ഒരു പൊതുവായ സംഗതിയായി. കുറേ ആവര്‍ത്തിക്കപ്പെട്ടതോടെ യുദ്ധം നിഷിദ്ധമായ മാസങ്ങളുടെ പട്ടികയില്‍ ഇല്ലാത്ത സ്വഫര്‍ വിശുദ്ധ മാസവും ഒരു കാര്യത്തിനും ഇറങ്ങുവാന്‍ പറ്റാത്ത സമയവുമായി മാറി. അവിടെ നിന്നും വന്ന ഒരു ധാരണയാണ് സ്വഫറിന്റെ ഈ പ്രത്യേകത. ഇത് നബി(സ) തന്നെ വ്യക്തമായും പറഞ്ഞിട്ടുള്ളതും തിരുത്തിയിട്ടുള്ളതുമാണ്. വ്യാധികളുടെ സ്വയപ്പകര്‍ച്ച, പക്ഷി ലക്ഷണങ്ങള്‍ നോക്കല്‍ തുടങ്ങിയ സമ്പ്രദായങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ല എന്ന് നബി(സ) പറഞ്ഞതും ഇബ്‌നു മസ്ഊദ് (റ) ഉദ്ധരിച്ചതും ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ കിതാബുത്വിബ്ബില്‍ രേഖപ്പെടുത്തിയതുമായ ഹദീസില്‍ സ്വഫറും ഉള്‍പ്പെടുന്നുണ്ട്. പക്ഷേ, എന്നിട്ടും അതു കാലങ്ങള്‍ നിലനിന്നു. ഇപ്പോഴും ചെറിയ തോതിലെങ്കിലും നിലനില്‍ക്കുകയും ചെയ്യുന്നു. ധാരണകള്‍ അങ്ങനെയാണല്ലോ.
കാലത്തെ വച്ചുള്ള ഇത്തരം കളികള്‍ വളരെ ഗുരുതരമാണ്. അത് വിശ്വാസത്തെ പ്രതികൂലമായി ബാധിക്കുകയും വിശ്വാസികളെ ആശങ്കാകുലരാക്കുകയും ചെയ്യുന്നു. എല്ലാ ആരാധനകള്‍ക്കും കാലവുമായി ശക്തമായ ബന്ധമാണുള്ളത്. ഒരര്‍ഥത്തില്‍ ഓരോ സമയത്തിനും അല്ലാഹു നല്‍കുന്ന ഒരു സവിശേഷതയും അനുഗ്രഹവുമാണ് ആ കാലത്തില്‍ ചെയ്യാനുള്ള ആരാധനകള്‍. യുദ്ധക്കൊതിയുടെ പേരില്‍ മാത്രമായിരുന്നില്ല ജാഹിലീ അറബികള്‍ ഇങ്ങനെ ചെയ്തിരുന്നത് എന്നുകൂടി ചേര്‍ത്തുവായിക്കുമ്പോഴാണ് ആശയങ്ങള്‍ കൂടുതല്‍ വ്യക്തമാവുക. അതിനുദാഹരണമാണ് സ്വഫറില്‍ ഉംറ പാടില്ല എന്ന അവരുടെ വിശ്വാസം. സ്വഫറില്‍ ഒരു നല്ല കാര്യവും പാടില്ല എന്ന തരത്തിലേക്ക് ഈ വിശ്വാസം ഉയര്‍ന്നിരുന്നു. സ്വഫറല്ലാത്ത മാസങ്ങളെവച്ചും ഇത്തരം കളികള്‍ അവര്‍ക്കുണ്ടായിരുന്നു. ഹജ്ജ് പോലും കാലത്തിന്റ കാര്യത്തില്‍ ഇതില്‍പെട്ട് താളം തെറ്റിയിരുന്നു എന്നാണ്. ഹിജ്‌റ ഒന്‍പതില്‍ നബി(സ) ഹജ്ജ് നിര്‍വഹിക്കാനെത്തുമ്പോഴായിരുന്നു ശരിക്കും അത് ദുല്‍ഹജ്ജില്‍ തിരിച്ചെത്തിയത് എന്നാണ് ചരിത്രം. അതിനു മുമ്പ് പലപ്പോഴും ദുല്‍ഖഅ്ദയിലും മുഹര്‍റത്തിലുമൊക്കെയായിരുന്നു അവരുടെ ഹജ്ജ്. അതുകൊണ്ടാണ് നബി(സ) തന്റെ ഹജ്ജില്‍ കര്‍മ്മങ്ങള്‍ തുടങ്ങും മുമ്പ് നടത്തിയ ഉപദേശങ്ങളില്‍ 'കാലം അതിന്റെ പ്രകൃതത്തില്‍ തിരിച്ചെത്തിയിരിക്കുന്നു'എന്നു പറഞ്ഞിരുന്നത്.
എന്നാല്‍, ഈ പറഞ്ഞുവരുന്നത് പൊതുവായ നഹ്‌സ് എന്ന ആശയത്തെ കുറിച്ചല്ല. അത് എന്താണെന്നും അത് ഏതര്‍ഥത്തില്‍ മാത്രം വ്യാഖ്യാനിക്കപ്പെടേണ്ടതാണെന്നും പണ്ഡിതര്‍ അതിന്റെ ചര്‍ച്ചകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏതായാലും ഒട്ടും ഒന്നിനും പറ്റാത്ത വിധം മൂടിപ്പുതച്ചിരിക്കേണ്ട കാലമെന്നോ അവസ്ഥയെന്നോ അല്ല നഹ്‌സ് എന്നതിന്റെ ആശയം എന്ന് ആ ചര്‍ച്ചകളില്‍ നിന്നു വ്യക്തമാണ്. ഇവിടെ നാം സ്വഫര്‍ എന്ന മാസത്തെ കുറിച്ചുണ്ടായതും കാലങ്ങള്‍ നിലനിന്നതുമായ ഒരു അന്ധവിശ്വാസത്തെയും അതു വന്നവഴിയെയും പറ്റി മാത്രം ചര്‍ച്ചക്കെടുക്കുകയാണ്.
സ്വഫറില്‍ നബി(സ)യുടെ അനുഭവം ഒട്ടും ശകുനം പിടിച്ചതായിരുന്നില്ല എന്നാണ് ചരിത്രം. നബി(സ)യുടെ ആദ്യ വിവാഹം സ്വഫര്‍ മാസത്തിലായിരുന്നു എന്നു ചരിത്രഗ്രന്ഥങ്ങളിലുണ്ട്. ആ വിവാഹം ഒട്ടും അപശകുനം പുരണ്ടതായിരുന്നില്ല. നബി(സ)യുടെ ജീവിതത്തിലേക്ക് സന്തോഷവും സമ്പത്തും മാത്രമല്ല, രിസാലത്ത് എന്ന ദൗത്യം തന്നെയും കടന്നുവന്നത് ഖദീജാ ബീവിയുടെ കാലത്തായിരുന്നു. ആ വിവാഹം ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ നീണ്ടുനിന്നു. അതില്‍നിന്നു തന്നെ സ്വഫറില്‍ ഒരു അപശകുനവുമില്ല എന്നു കരുതാം. ഹിജ്‌റ രണ്ടാം വര്‍ഷം സ്വഫറിലായിരുന്നു നബി(സ) തന്റെ പ്രിയപ്പെട്ട മകള്‍ ഫാത്വിമാ ബീവിയെ അലി(റ)വിന് വിവാഹം ചെയ്തുകൊടുത്തത് എന്ന് ഹാഫിള് ഇബ്‌നു കസീര്‍ തന്റെ താരീഖില്‍ പറയുന്നുണ്ട്. ഇതു മറ്റൊരു ശക്തമായ തെളിവാണ്. കാരണം നബി(സ)യുമായി ഏറ്റവും ഹൃദയപരമായ ഇഴയടുപ്പമുള്ള മകളായിരുന്നു ഫാത്വിമാ ബീവി(റ). അവരുടെ വിവാഹത്തില്‍ തന്നെ പരിഗണന തഖ്‌വക്കായിരുന്നു. പല സമ്പന്നരും കാത്തുനില്‍ക്കെ അലി(റ)വിന് അവരെ വിവാഹം ചെയ്തുകൊടുത്തത് അതുകൊണ്ടാണ്. മാത്രമല്ല, ഈ വിവാഹം നടക്കുമ്പോള്‍ നബി(സ) ഒരു സമ്മര്‍ദത്തിന്റെയും മുമ്പിലായിരുന്നില്ല.
വിജയകരമായ വിവാഹങ്ങള്‍ മാത്രമല്ല, യുദ്ധവിജയങ്ങളും ഈ മാസത്തില്‍ നബി(സ)യെയും അനുയായികളെയും തേടിയെത്തിയിട്ടുണ്ട്. മദീനയിലെത്തിയ നബിയുടെ ആദ്യ സൈനികനീക്കം അബവാഇലേക്കായുരുന്നു. സ്വഫറിലായിരുന്നു ഇത്. നബിയുടെ ഹിജ്‌റ പുറപ്പാട് തന്നെ സ്വഫറിലായിരുന്നു. ഹിജ്‌റ ഏഴാം വര്‍ഷം ജൂതരുമായുള്ള യുദ്ധത്തില്‍ ഖൈബറില്‍ നബി(സ)യും സൈന്യവും വിജയം നേടിയതും സ്വഫറില്‍ തന്നെ. നബി(സ)യുടെ ജീവിതത്തിലെ ഏറ്റവും ഒടുവിലത്തെ സൈനിക നീക്കം റോമിനെതിരെയുള്ളതായിരുന്നു. ഉസാമ ബിന്‍ സൈദ്(റ)വിന്റെ നേതൃത്വത്തിലുള്ള ഈ പുറപ്പാട് സ്വഫറിലായിരുന്നു. ഹിജ്‌റ പതിനൊന്നാം വര്‍ഷത്തില്‍. നബി(സ)യുടെ അസുഖവും തുടര്‍ന്ന് വഫാത്തും കാരണം യാത്ര നീണ്ടുവെങ്കിലും ഇത്തരം ഒരു ദൗത്യം ഏല്‍പ്പിക്കുമ്പോള്‍ അതു സ്വഫറാണല്ലോ എന്നു നോക്കുകയുണ്ടായില്ല.
ഒരു വിശ്വാസസംഹിതയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ജീര്‍ണതയുടെ സ്രോതസാണ് ഇത്തരം അന്ധവിശ്വാസങ്ങള്‍. അവയെ ഫലപ്രദമായി നേരിട്ടില്ലെങ്കില്‍ അവ വളര്‍ന്നുവന്ന് അബദ്ധങ്ങളില്‍ എത്തിച്ചേരും. അതിനുവേണ്ടത് ശരിയായ അറിവാണ്. ചിലര്‍ക്ക് കാര്യങ്ങള്‍ അറിയാമായിരിക്കും എന്നാലും അവര്‍ അത്തരമൊരു സാഹചര്യത്തിലെത്തുമ്പോള്‍ സങ്കോചിച്ച് നില്‍ക്കുന്നതു കാണാം. അത് അബദ്ധവും അന്ധവിശ്വാസവും പ്രചരിപ്പിക്കുന്നതിനു തുല്യമായ സമീപനമാണ്. അന്ധവിശ്വാസങ്ങളെ ഈ വിധം നേരിടുക എന്നതും നബി(സ) തന്നെ പഠിപ്പിച്ചതാണ്. അത് അവര്‍ നിര്‍വഹിച്ചതും സ്വന്തം ജീവിതം കൊണ്ടുതന്നെയായിരുന്നു. അതിനു ധാരാളം ഉദാഹരണങ്ങള്‍ നബി ജീവിതത്തിലുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ശവ്വാലിലെ വിവാഹങ്ങള്‍. ശവ്വാലില്‍ വിവാഹം പാടില്ല എന്നായിരുന്നു അന്നത്തെ അന്ധവിശ്വാസം. അതിനെതിരേ നബി(സ) പ്രതികരിച്ചത് സ്വന്തം ജീവിതം കൊണ്ടായിരുന്നു. ആഇശാ ബീവി(റ)യെ വിവാഹം ചെയ്തതും അവരുമൊത്തുള്ള കുടുംബ ജീവിതം തുടങ്ങിയതും ശവ്വാല്‍ മാസത്തിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."