മിക്കതും അസംതൃപ്തിയുമായി കഴിയുന്നവ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എയും ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയുമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമായും നേരിട്ട് ഏറ്റുമുട്ടുന്നത്. 36 കക്ഷികള്‍ അടങ്ങിയതാണ് യു.പി.എ. 41 കക്ഷികളുടെ കൂട്ടായ്മയാണ് എന്‍.ഡി.എ. ഒരുഘട്ടത്തില്‍ അന്‍പതിലേറെ കക്ഷികളുടെ വിശാല പ്ലാറ്റ്‌ഫോമായിരുന്നു എന്‍.ഡി.എ എങ്കില്‍ പൊതുതെരഞ്ഞെടുപ്പ് സമയത്ത് പത്തോളം കക്ഷികള്‍ വിട്ടുപോയതോടെയാണ് 41ലെത്തിയത്.
പൊതുവെ ഘടകകക്ഷികളോട് 'മാന്യമായി' പെരുമാറാതെ 'വല്യേട്ടന്‍' നയം സ്വീകരിക്കുന്നുവെന്ന ആരോപണം നേരിടുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. ശിവസേന (മഹാരാഷ്ട്ര), അണ്ണാ ഡി.എം.കെ (തമിഴ്‌നാട് ), ജെ.ഡി.യു (ബിഹാര്‍), എല്‍.ജെ.പി (ബിഹാര്‍), ശിരോമണി അകാലിദള്‍ (പഞ്ചാബ് ), അപ്നാ ദള്‍ (യു.പി), പാട്ടാളി മക്കള്‍ കക്ഷി (തമിഴ്‌നാട് ), ഡി.എം.ഡി.കെ (തമിഴ്‌നാട് ), റിപബ്ലികന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (മഹാരാഷ്ട്ര), ബോഡോലാന്‍ഡ് പീപ്പിള്‍സ് പാര്‍ട്ടി (അസം), എന്‍.ഡി.പി.എ (നാഗാലാന്‍ഡ് ), എന്‍.ആര്‍ കോണ്‍ഗ്രസ് (പുതുച്ചേരി), രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി (രാജസ്ഥാന്‍), നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (മേഘാലയ), മിസോ നാഷനല്‍ ഫ്രണ്ട് (മിസോറം), രാഷ്ട്രീയ സമാജ് പക്ഷ (മഹാരാഷ്ട്ര), ശിവ് സംഘം (മഹാരാഷ്ട്ര), എം.ജി.എം (ഗോവ), ജി.എഫ്.പി (ഗോവ), എ.ജെ.എസ്.യു (ജാര്‍ഖണ്ഡ് ), ഐ.പി.എഫ്.ടി. (ത്രിപുര), എം.പി.പി (മണിപ്പൂര്‍), കെ.പി.പി (പശ്ചിമബംഗാള്‍), യു.ഡി.പി (മേഘാലയ), എച്ച്.എസ്.പി.ഡി.പി (മേഘാലയ), കേരളാ കോണ്‍ഗ്രസ്- തോമസ് (കേരളം), ബി.ഡി.ജെ.എസ് (കേരളം), കേരളാ കാമരാജ് കോണ്‍ഗ്രസ് (കേരളം), പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി (കേരളം), ഡമോക്രാറ്റിക് ലേബര്‍ പാര്‍ട്ടി (കേരളം), കേരളാ കോണ്‍ഗ്രസ് നാഷനലിസ്റ്റ് (കേരളം), കേരളാ ജനപക്ഷം- സേകുലര്‍ (കേരളം), തമിള് മാനിലാ കോണ്‍ഗ്രസ് (തമിഴ്‌നാട് ), പുതിയ തമിളകം (തമിഴ്‌നാട്), പി.ഡി.എഫ് (മേഘാലയ), എസ്.ബി.എസ്.പി (ഉത്തര്‍പ്രദേശ്), എ.ജി.പി (അസം), നിഷാദ് പാര്‍ട്ടി (ഉത്തര്‍പ്രദേശ് ), ആര്‍.കെ.എസ് (മഹാരാഷ്ട്ര), പി.എന്‍.കെ (തമിഴ്‌നാട് ) എന്നീ പ്രാദേശിക കക്ഷികളാണ് എന്‍.ഡി.എ മുന്നണിയിലുള്ളത്. .
ഏറെക്കുറേ ആശയത്തില്‍ ബി.ജെ.പിയോടൊപ്പം നില്‍ക്കുന്ന ശിവസേനയാണ് എന്‍.ഡി.എ മുന്നണിയിലെ പ്രധാനകക്ഷികളിലൊന്ന്. എന്നാല്‍, എന്‍.ഡി.എയില്‍ ബി.ജെ.പിയെ എപ്പോഴും കുത്തിനോവിക്കുന്ന കക്ഷിയും ശിവസേന തന്നെ. ബി.ജെ.പി ഘടകകക്ഷികളെ മാനിക്കുന്നില്ലെന്നും ഏകപക്ഷീയമായാണ് തീരുമാനങ്ങളെടുക്കുന്നതെന്നും ആരോപിച്ച് കഴിഞ്ഞവര്‍ഷം എന്‍.ഡി.എക്കുള്ള പിന്തുണ പിന്‍വലിച്ച ശിവസേന, പൊതുതെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പാണ് നിലപാട് മയപ്പെടുത്തി ബി.ജെ.പിക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചത്.
ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞതവണ 48ല്‍ 41ഉം നേടാന്‍ ബി.ജെ.പിയെ സഹായിച്ചത് ശിവസേനയുമായുള്ള സഖ്യം ആയിരുന്നു. ബി.ജെ.പി 23ഉം ശിവസേന 18ഉം സീറ്റുകളാണ് നേടിയത്. എന്നാല്‍, സഖ്യം നിലവിലുണ്ടെങ്കിലും 2014ലെ അവസ്ഥയല്ല ഇപ്പോള്‍. എന്‍.ഡി.എയുടെ ഭാഗമായി തന്നെ ബി.ജെ.പിയെ അവസരം കിട്ടുമ്പോഴെല്ലാം വിമര്‍ശിച്ചുവരികയാണ് ശിവസേനയും അതിന്റെ നേതാക്കളും. മഹാരാഷ്ട്രയില്‍ കഴിഞ്ഞ തവണ ബി.ജെ.പിക്കൊപ്പം നിന്ന മഹാരാഷ്ട്ര നവനിര്‍മാണ സേന ഇക്കുറി ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ടി.ഡി.പി ഉള്‍പ്പെടെയുള്ള കക്ഷികളും ഇടക്കാലത്ത് എന്‍.ഡി.എ വിട്ടു. നിലവില്‍ ബി.ജെ.പി വിരുദ്ധ സര്‍ക്കാര്‍ രൂപീകരണത്തിന് ദേശീയതലത്തില്‍ ഏറ്റവും സജീവമായി മുന്നിലുള്ളത് ടി.ഡി.പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവാണ്.
ഈ വര്‍ഷമാദ്യം പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് അസം ഗണപരിഷത്ത് (എ.ജി.പി) എന്‍.ഡി.എ വിട്ടെങ്കിലും അടുത്തിടെയാണ് മുന്നണിയില്‍ തിരിച്ചെത്തിയത്. മുന്നണിയിലെ പുനഃപ്രവേശനം പാര്‍ട്ടിയിലെ മിക്ക നേതാക്കള്‍ക്കും ഇനിയും പിടിച്ചിട്ടില്ല. പഞ്ചാബില്‍ ശിരോമണി അകാലിദള്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയാണെങ്കിലും എന്‍.ഡി.എയോടൊപ്പം തുടരുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ എതിരഭിപ്രായമുണ്ട്. ഒരുഘട്ടത്തില്‍ മുന്നണി വിടാന്‍ തീരുമാനിച്ച അകാലിദള്‍, എന്‍.ഡി.എ യോഗം ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. അകാലിദളിന് നാലു എം.പിമാരാണുള്ളത്. തെരഞ്ഞെടുപ്പ് സമയത്ത് അകാലിദളില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് കൂട്ട ഒഴുക്കായിരുന്നു.
തമിഴ്‌നാട്ടിലെ 39ല്‍ 37 സീറ്റുകളിലും വിജയിച്ച അണ്ണാ ഡി.എം.കെയാണ് നിലവില്‍ എന്‍.ഡി.എയിലെ ഏറ്റവും വലിയ കക്ഷി. ജയലളിതയുടെ മരണത്തോടെ രണ്ടും മൂന്നും കക്ഷിയായി പിളര്‍ന്ന അണ്ണാ ഡി.എം.കെക്ക് ഇക്കുറി ഏറ്റവുമധികം തിരിച്ചടിയാവുന്ന ഘടകം പാര്‍ട്ടി ബി.ജെ.പിയുമായി സഖ്യം രൂപീകരിച്ചതാണ്. നിലവിലെ സൂചനകളനുസരിച്ച് കനത്ത തിരിച്ചടിയാവും അണ്ണാ ഡി.എം.കെ നേരിടുക. ബിഹാറില്‍ മാത്രമാണ് ശക്തമായ എന്‍.ഡി.എ സഖ്യംനിലവിലുള്ളതെന്ന് പറയാം. പക്ഷേ, ഇവിടെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യു മഹാസഖ്യം വിട്ട് എന്‍.ഡി.എക്കൊപ്പം പോയതിനാല്‍ പാര്‍ട്ടി ശരത് യാദവിന്റെ നേതൃത്വത്തില്‍ രണ്ടായി പിളര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."