വിവാദങ്ങള്‍ക്കുമേല്‍ വിവാദ പ്രസ്താവനകളുമായി നരേന്ദ്രമോദി
കുശിനഗര്‍: തുടര്‍ച്ചയായി വിവാദ പ്രസ്താവനകള്‍ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരര്‍ക്കെതിരേ നടപടിയെടുക്കാന്‍ എന്റെ സൈന്യത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിക്കു കാത്തിരിക്കാനാവില്ലെന്നാണ് മോദിയുടെ പുതിയ പ്രസ്താവന. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വോട്ടെടുപ്പ് പുരോഗമിക്കവെ നരേന്ദ്രമോദി എന്തുകൊണ്ടാണ് ഭീകരരെ കൊല്ലുന്നതെന്ന് ചിലയാളുകള്‍ ആശങ്കയോടെ ചോദിക്കുകയാണ്.
ആയുധവുമായി ഭീകരര്‍ ആക്രമിക്കുമ്പോള്‍ എന്റെ സൈന്യം അവരെ കൊലപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ചോദിക്കാന്‍ പോവുകയാണോ വേണ്ടത്- മോദി ചോദിച്ചു. ഉത്തര്‍പ്രദേശിലെ കുശിനഗറില്‍ ബി.ജെ.പി പ്രചാരണറാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. ഇന്നലെ രാവിലെ ഷോപ്പിയാനില്‍ രണ്ടുനുഴഞ്ഞുകയറ്റക്കാരെ സൈന്യം വെടിവച്ചുകൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ പ്രസ്താവന.
ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ ജമ്മുകശ്മീരില്‍ അവിടെ ഓരോദിവസവും ശുദ്ധീകരണനടപടികള്‍ നടക്കുകയാണ്. ഇത് എന്റെ ജോലിയുടെ ഭാഗമാണ്. തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സായുധസൈന്യം വെടിവയ്പ്പ് നടത്തുകയാണെന്നു പറഞ്ഞ് പ്രതിപക്ഷം ആശ്ചര്യപ്പെടുകയാണെന്നും മോദി പറഞ്ഞു. അതേസമയം, ഇന്നലെ രാവിലെയുണ്ടായ ഏറ്റുമുട്ടലിനെയും അതിനു മുമ്പുണ്ടായ സൈനികനടപടികളെയും പ്രതിപക്ഷകക്ഷികളാരും ചോദ്യംചെയ്തില്ലെന്നിരിക്കെ മോദി നടത്തിയ പ്രസ്താവന വിവാദമായിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പോടെ പ്രതിപക്ഷം നിലംപരിശാവുമെന്നും മോദി അവകാശപ്പെട്ടു. കാരണം ഫലപ്രദവും സത്യസന്ധവുമായ ഒരു സര്‍ക്കാരിനെയാണ് ജനങ്ങള്‍ തിരഞ്ഞെടുക്കുക. കാരണം ജനങ്ങള്‍ക്ക് വേണ്ടത് ആത്മാര്‍ഥതയും കഴിവുമുള്ള ശക്തമായ സര്‍ക്കാരിനെയാണ്.
അവര്‍ക്ക് മാത്രമാണ് ജനങ്ങള്‍ വോട്ട് ചെയ്യുക. മായാവതിയും അഖിലേഷ് യാദവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നതിനേക്കാള്‍ കൂടുതല്‍ കാലം ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിട്ടുണ്ട്. എന്നാല്‍ ഒറ്റ അഴിമതി ആരോപണം പോലും എനിക്കെതിരെയില്ല.
ദലിതുകളുടെ വിഷയത്തില്‍ മായാവതി മുതലക്കണ്ണീര്‍ ഒഴുക്കരുതെന്ന് ആല്‍വാര്‍ കൂട്ടബലാത്സംഗം ഓര്‍മിപ്പിച്ച് അദ്ദേഹം പറഞ്ഞു.
മായാവതിക്ക് ഇക്കാര്യത്തില്‍ ആത്മാര്‍ഥയുണ്ടെങ്കില്‍ എന്തുകൊണ്ട് രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നില്ല. ദലിത് സ്ത്രീ ഉള്‍പ്പെട്ട കേസ് കോണ്‍ഗ്രസ് സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."