കുടിവെള്ളം എത്തിക്കുന്നതില്‍ പഞ്ചായത്തുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന്
ആലപ്പുഴ: കുടിവെള്ളം എത്തിക്കുന്നതില്‍ പഞ്ചായത്തുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണവുമായി ബന്ധപ്പെട്ട് പ്ലാനിങ് ഓഫിസില്‍ ചേര്‍ന്ന തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനസമാഹരണത്തിന്റെ ചുമതലയുള്ള ഭക്ഷ്യ മന്ത്രി പി.തിലോത്തമനും യോഗത്തില്‍ പങ്കെടുത്തു. കുടിവെള്ളം എത്തിക്കുന്ന കാര്യത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ സ്രോതസില്‍ നിന്ന് വെള്ളം ശേഖരിച്ച് പഞ്ചായത്തുകള്‍ വാഹനങ്ങളിലോ ബോട്ടുകളിലോ വള്ളങ്ങളിലോ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് നല്‍കണം. ഇതിന്റെ ചുമതല പഞ്ചായത്ത് സെക്രട്ടറിക്കാണ്.
അക്കാര്യത്തില്‍ ഒരു വീഴ്ചയും സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ഇതിനാവശ്യമായ തുക സര്‍ക്കാര്‍ നല്‍കും. ധനസമാഹരണവുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങള്‍ മന്ത്രി യോഗത്തില്‍ വിശദീകരിച്ചു. രോഗപ്രതിരോധത്തിനും അണു നശീകരണത്തിനും മെഡിക്കല്‍ ക്യാംപുകളും മറ്റും കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പഞ്ചായത്തുകള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട്ടില്‍ ഉള്ള എല്ലാ കുടുംബങ്ങള്‍ക്കും 10,000 രൂപയുടെ സര്‍ക്കാര്‍ ധനസഹായം ലഭിക്കുമെന്നും കുട്ടനാട് ഒഴികെയുള്ള ജില്ലയിലെ താലൂക്കുകളില്‍ ക്യാംപില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തുക ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വേണ്ട സഹായം എത്തിക്കാന്‍ എല്ലാ ഭാഗത്തുനിന്നും സുമനസുകള്‍ തയാറാകുന്നതായി മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. സമാഹരിക്കുന്ന തുക അര്‍ഹര്‍ക്കാണ് ലഭിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും എല്ലാ സഹായവും ചെയ്യുമെന്നും കെ.സി വേണുഗോപാല്‍ എം.പിയും കൊടിക്കുന്നില്‍ സുരേഷ് എം.പിയും യോഗത്തില്‍ പറഞ്ഞു.
എം.എല്‍.എമാരായ ആര്‍.രാജേഷ്, യു. പ്രതിഭ, എ.എം ആരിഫ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, ധനസമാഹരണത്തിനുള്ള സ്‌പെഷ്യല്‍ ഓഫിസര്‍ ആലപ്പുഴ മുന്‍ കലക്ടറും നികുതി വകുപ്പ് സെക്രട്ടറിയുമായ പി.വേണുഗോപാല്‍, ജില്ലാ കലക്ടര്‍ എസ്. സുഹാസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."