ബഹ്‌റൈനില്‍ നിയമവിരുദ്ധമായി സംഘം ചേര്‍ന്നവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു
മനാമ: ബഹ്‌റൈനിലെ ദുറാസ് പ്രവിശ്യയില്‍ നിയമവിരുദ്ധമായി സംഘം ചേര്‍ന്ന ഒമ്പതംഗ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ബഹ്‌റൈന്‍ പബ്ലിക് പ്രോസിക്യൂഷന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒമ്പതംഗ സംഘത്തെ കസ്റ്റഡിയിലെടുത്തത്. പിടിയിലായവര്‍ നിയമവിരുദ്ധമായി സംഘം ചേരുന്നതായി ബുദ്ദയ പൊലിസ് സ്റ്റേഷനില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്തതെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ചോദ്യം ചെയ്യലിനെ തുടര്‍ന്നുള്ള നടപടികള്‍ ലഭ്യമായിട്ടില്ല. എങ്കിലും കസ്റ്റഡിയിലെടുത്തവരില്‍ നിന്നും രണ്ട് പേരെ പ്രായാധിക്യം കൊണ്ടും, ശാരീരിക അസ്വാസ്ഥ്യം കൊണ്ടും ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചതായി നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് ചീഫ് പ്രോസിക്യൂട്ടര്‍ നേരത്തെ അറിയിച്ചിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യലിനായി ബാക്കി ഏഴുപേരെയും കസ്റ്റഡിയില്‍ തന്നെ സൂക്ഷിക്കുന്നതായാണ് വിവരം. അതിനിടെ, ദുറാസിലെ ജുമാമസ്ജിദില്‍ വെള്ളിയാഴ്ച ജുമുഅ നിരോധിച്ചെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നും ഇത്തരം വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് പൊലിസ് ജനറല്‍ ഡയറക്ടര്‍ അറിയിച്ചു. വെള്ളിയാഴ്ച ഇവിടെ പതിവുപോലെ ജുമുഅ നടന്നിട്ടുണ്ട്. സുരക്ഷ മുന്‍ നിര്‍ത്തിയാണ് പലയിടങ്ങളിലും പൊലിസിനെ വിന്യസിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബഹ്‌റൈനിലെ പ്രമുഖ പള്ളികളിലെല്ലാം നിലവില്‍ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും അതേ സമയം മസ്ജിദുകളിലെല്ലാം സമാധാന പൂര്‍ണമായ ആരാധനക്ക് സൗകര്യമൊരുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."