HOME
DETAILS
MAL
റാങ്കിന്റെ തിളക്കത്തില്‍ നിയാസ് മോന്
backup
September 25 2020 | 03:09 AM
കൊണ്ടോട്ടി: ഭൗതിക വിദ്യാഭ്യാസത്തിന് മതവിദ്യാഭ്യാസം തടസ്സമാകുമെന്ന പറയുന്നവര്‍ക്ക് മുന്പില് ഇരു പഠനങ്ങളിലും ഒരുമിച്ച് മുന്നേറി റാങ്കുകള്‍ വാങ്ങി മാതൃകയാവുകയാണ് പറമ്പാടന്‍ നിയാസ് മോന്.
നാലു വര്‍ഷം മുന്‍പ് സമസ്തയുടെ പത്താം ക്ലാസ്സ് പൊതു പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം റാങ്കുകാരനായ കൊണ്ടോട്ടി മുസ്ലിയാരങ്ങാടി തയ്യില്‍ പറമ്പാടന്‍ നിയാസ് മോനാണ് ഇന്നലെ പുറത്ത് വന്ന 2020 ലെ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍(കീം) മൂന്നാം റാങ്ക് നേടി നാടിന് അഭിമാനമായത്.
സ്കൂള്‍-മദ്റസ പഠനങ്ങളില്‍ എന്നും മുന്‍നിരയിലായിരുന്നു നിയാസ്മോന്‍. കൊട്ടുക്കര പി.പി.എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി പരീക്ഷയിലും മഞ്ചേരി സയന്‍സ് ഇന്സ്റ്റിട്ട്യട്ടില് നിന്ന് പ്ലസ്ടുവിനും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ നിയാസ് മോന് പാലായിലെ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു എന്‍ജിനിയറിങ് പരിശീലനം നേടിയത്. ഐ.ഐ.ടിയില്‍ പഠനം നടത്തണമെന്നാണ് ആഗ്രഹം. ഞായറാഴ്ച നടക്കുന്ന ഐ.ഐ.ടി പരീക്ഷ എഴുതാനുള്ള തയാറെടുപ്പിലാണ് നിയാസ്.
നെടിയിരുപ്പ് ചോലമുക്ക് ഹിദായത്തു ത്വാലീബീനിലായിരുന്നു മദ്റസ പഠനം. 2016ലെ പത്താം ക്ലാസ്സ് പൊതു പരീക്ഷയിലാണ് ഒന്നാംറാങ്ക് നിയാസ് മോനെ തേടിയെത്തിയത്. കൊട്ടുക്കര പി.പി.എം ഹയര്‍സെകന്‍ഡറി സ്കൂള്‍ അധ്യപകന് പറമ്പാടന്‍ ജമാലുദ്ദീന്‍ മാസ്റ്റര്‍ - വട്ടോളി ഹഫ്സത്ത് ദമ്പതികളുടെ ഇളയ മകനാണ് നിയാസ് മോന്. മൂത്ത സഹോദരന് ഫാരിസ് മുഹമ്മദ് എം.ബി.ബിഎസ് പഠനം പൂര്‍ത്തിയാക്കിയ സന്തോഷത്തിലേക്കാണ് ഇളയമകന്റെ റാങ്ക് എത്തുന്നത്. രണ്ടാമത്തെ സഹോദരന് ഫവാസ് കോഴിക്കോട് എന്‍.ഐ,ടിയില്‍ ബി.ടെക് വിദ്യാര്‍ഥിയാണ്.
ആദ്യ 15 റാങ്കുകള്ക്കുള്ളിലാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്ത് മൂന്നാം റാങ്കുകാരനാകാന്‍ കഴിഞ്ഞതില്‍ അല്ലാഹുവിനെ സ്തുദിക്കുന്നു, അല്‍ ഹംദുലില്ലാഹ് എന്നാണ് നിയാസ് മോന് പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."