കണക്ക് പരീക്ഷ വില്ലനായി; സ്‌കൂളുകള്‍ക്ക് തിരിച്ചടി
പയ്യന്നൂര്‍: രണ്ടാമതും നടത്തിയ കണക്ക് പരീക്ഷ വില്ലനായി. എസ്.എസ്.എല്‍.സി പരീക്ഷാഫലം പുറത്ത് വന്നപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കുറഞ്ഞത് കണക്കിലാണ്. പല വിദ്യാലയങ്ങളിലും കുട്ടികള്‍ കണക്കില്‍ പിന്നോട്ടടിച്ചത് സ്‌കൂളിന്റെ നൂറ് ശതമാനം വിജയത്തിന് തടസമായി. പയ്യന്നൂര്‍ തായിനേരി എസ്.എ.ബി.ടി.എം സ്‌കൂളില്‍ പരീക്ഷയെഴുതിയ 339 കുട്ടികളില്‍ 333 വിദ്യാര്‍ഥികളാണ് വിജയിച്ചത്. പരാജയപ്പെട്ട ആറ് വിദ്യാര്‍ഥികള്‍ക്കും മാര്‍ക്ക് കുറഞ്ഞത് കണക്കിന്.
നൂറ് ശതമാനം വിജയം നേടിയ പയ്യന്നൂര്‍ സെന്റ്‌മേരീസ് സ്‌കൂളില്‍ 18 കുട്ടികള്‍ക്കാണ് കണക്കിന് മാത്രം എ പ്ലസ് നഷ്ടമായത്. പയ്യന്നൂര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി, മാത്തില്‍ ഗവ. ഹയര്‍സെക്കന്‍ഡറി, കോറോം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്കുംം നൂറ് ശതമാനം വിജയം നഷ്ടമായത് ഇതേ കാരണത്താലാണെന്ന് അധ്യാപകര്‍ പറയുന്നു. പയ്യന്നൂര്‍ നഗരസഭാ പരിധിയില്‍ കഴിഞ്ഞ തവണത്തെ വിജയം ഇത്തവണ നിലനിര്‍ത്താന്‍ വിദ്യാലയങ്ങള്‍ക്ക് കഴിയാതിരുന്നതിനു കാരണവും മറ്റൊന്നല്ല. കണക്ക് സംബന്ധിച്ച് പരീക്ഷ കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആശങ്ക ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ ഫലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."