പെന്ഷന് നിഷേധം: ഒരുമാസത്തെ പെന്ഷന് നല്കി കോണ്‍ഗ്രസ് പ്രതിഷേധം
മുക്കം: വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പെന്ഷന് നിഷേധിച്ച കാരശ്ശേരി പഞ്ചായത്തിനെതിരേ ഒരുമാസത്തെ പെന്ഷന് നല്കി പ്രതിഷേധിച്ചു. കാരശ്ശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിലാണ് പെന്ഷന് തഴയപ്പെട്ട ഗുണഭോക്താവിന് പെന്ഷന് തുക വിതരണം ചെയ്തത്. നിലവില്‍ പെന്ഷന് ലഭിച്ചുകൊണ്ടിരിക്കുന്ന 60ല്‍പ്പരം ആളുകളുടെ പെന്ഷന് പഞ്ചായത്ത് നിഷേധിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ജീവിച്ചിരിക്കുന്നവരെ പരേതരാക്കിയും ഇല്ലാത്ത വാഹനത്തിന്റെ പേര് പറഞ്ഞുമാണ് പെന്‍ഷനുകള്‍ തടഞ്ഞുവച്ചത്. ഉദ്യോഗസ്ഥരും ഭരണസമിതിയും രാഷ്ടീയ പ്രേരിതമായി ഒരുവിഭാഗത്തെ മനഃപൂര്‍വം തഴയുകയാണ്. കാലവര്‍ഷക്കെടുതിയുടെയും വറുതിയുടെയും സമയത്ത് പാവപ്പെട്ട കുടുംബങ്ങളുടെ കഞ്ഞിയില്‍ മണ്ണ് കോരിയിടുന്ന നടപടി തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി രംഗത്ത് വരുമെന്നും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്നറിയിപ്പ് നല്കി. പ്രതിഷേധ സംഗമം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.ടി അഷ്റഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സത്യന് മുണ്ടയില്‍ അധ്യക്ഷനായി. പി.വി സുരേന്ദ്രലാല്‍, റീന പ്രകാശ്, ശാന്താദേവി മൂത്തേടത്ത്, സി.വി ഗഫൂര്‍, സമാന് ചാലൂളി, എം.പി ഫൈസല്‍, എന്‍.കെ അന്‍വര്‍, മുഹമ്മദ് ദിശാല്‍, ചാലില്‍ മുഹമ്മദ് ബാബു, ജംഷിദ് ഉളകര, ഉസ്മാന് പുളിക്കല്‍, ഷുക്കൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."