HOME
DETAILS
MAL
സിന്‍ജിയാങ്ങില്‍ 380ലേറെ തടങ്കല്‍ കേന്ദ്രങ്ങള്‍
backup
September 25 2020 | 03:09 AM
മെല്‍ബണ്‍: സിന്‍ജിയാങ് പ്രവിശ്യയില്‍ ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരേ ചൈനീസ് ഭരണകൂടം നടത്തുന്നത് നേരത്തെ പുറത്തുവന്നതിലും ഭീകരമായ പീഡനങ്ങളെന്ന് റിപ്പോര്‍ട്ട്. ഉയിഗൂര്‍ മുസ്‌ലിംകളെ അനധികൃതമായി തടങ്കലില്‍ പാര്‍പ്പിക്കുന്നതിന് സിന്‍ജിയാങില്‍ 380ല്‍ അധികം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഓസ്‌ട്രേലിയന്‍ സംഘത്തിന്റെ പുതിയ കണ്ടെത്തല്‍. പുനര്‍വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇത്തരം തടവു കേന്ദ്രങ്ങളില്‍ ഉയിഗൂറുകള്‍ ക്രൂരമായ പീഡനത്തിനിരയാവുന്നതായും ഓസ്‌ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് (എ.എസ്.പി.ഐ) റിപ്പോര്‍ട്ടില്‍ പറയുന്നു.
മേഖലയില്‍ ചൈന തടങ്കല്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ റിപ്പോര്‍ട്ട് ചെയ്യപെട്ടതിനേക്കാള്‍ 40 ശതമാനം കൂടുതല്‍ തടവുകേന്ദ്രങ്ങള്‍ സിന്‍ജിയാങില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാറ്റലൈറ്റ് ഇമേജ്, ദൃക്‌സാക്ഷി വിവരങ്ങള്‍, മാധ്യമ റിപ്പോര്‍ട്ടുകള്‍, തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മിക്കാനുള്ള ടെന്‍ഡര്‍ നോട്ടീസുകള്‍ എന്നിവ പരിശോധിച്ചാണ് സംഘം റിപ്പോര്‍ട്ട് തയാറാക്കിയത്.
ഈ വര്‍ഷം ജൂലൈയില്‍ 61 പുതിയ നിര്‍മാണങ്ങള്‍ നടത്തിയതായി തെളിവുകള്‍ ലഭിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. 14 എണ്ണത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. 90 ശതമാനം കെട്ടിടങ്ങളും ചെറിയ തോതിലുള്ള സുരക്ഷാ സംവിധാനങ്ങളോടെയുള്ളതാണ്. പല കെട്ടിടങ്ങള്‍ക്കും ചുറ്റുമതില്‍ നിര്‍മിക്കുന്നുണ്ട്. ഇവരുടെ സുരക്ഷാ വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിദ്യാസമ്പന്നരും സ്ത്രീകളും കുട്ടികളും വൃദ്ധരും ഇത്തരം തടവു കേന്ദ്രങ്ങളില്‍ കഴിയുന്നുണ്ട്. ഇവരെ വിശ്വാസത്തില്‍ നിന്നു പിന്തിരിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.
സിന്‍ജിയാങില്‍ 30 ലക്ഷത്തോളം ന്യൂനപക്ഷ മുസ്‌ലിംകളെ അനധികൃത തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നതായി നേരത്തെ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും മറ്റ് സ്വതന്ത്ര സന്നദ്ധ സംഘടനകളും കണ്ടെത്തിയിരുന്നു. ഷീ ചിന്‍ പിങ്ങിനെ അനിഷേധ്യ നേതാവായി തെരഞ്ഞെടുത്ത പത്തൊമ്പതാം പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം മുസ്‌ലിം പീഡനം വര്‍ധിച്ചതായും ഇവര്‍ നിരീക്ഷിച്ചിരുന്നു. ഉയിഗൂര്‍ സ്ത്രീകളും കുട്ടികളും ക്രൂരമായ ലൈംഗിക പീഡനത്തിനിരയാവുന്നതായാണ് വിവരം.
തടവുകാരെ നിര്‍ബന്ധിത തൊഴിലെടുപ്പിക്കുന്നതായും അന്താരാഷ്ട്ര ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സിന്‍ജിയാങില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്ന ബില്ലിന് കഴിഞ്ഞമാസം യു.എസ് കോണ്‍ഗ്രസ് അംഗീകാരം നല്‍കിയിരുന്നു. സൈനികരെ ഉപയോഗിച്ചാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുസ്‌ലിംകളെ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളിലെത്തിക്കുന്നത്. നാസി ജര്‍മനിക്ക് തുല്യമാണ് ചൈനയിലെ കാര്യങ്ങളെന്നും യു.എസ് അന്വേഷണ സംഘങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു. മുസ്‌ലിം പീഡനത്തിന്റെ പേരില്‍ ലോക രാജ്യങ്ങളില്‍ നിന്ന് ചൈന വലിയ വിമര്‍ശനം നേരിട്ടു കൊണ്ടിരിക്കേയാണ് തടങ്കല്‍ കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."