ജൈവപച്ചക്കറി പ്രോത്സാഹനത്തോടൊപ്പം വിപണി സൗകര്യവും ലഭ്യമാക്കും: മന്ത്രി
പീരുമേട്: ജൈവപച്ചക്കറി പ്രോത്സാഹനത്തോടൊപ്പം വിപണി സൗകര്യവും ലഭ്യമാക്കുമെന്നും ആരോഗ്യ പരിപാലന രംഗം പോലെ ഭക്ഷ്യരംഗവും സുപ്രധാന മേഖലയായാണ് സര്‍ക്കാര്‍ കരുതുന്നതെന്നും ജൈവകൃഷിക്ക് എല്ലാവിധ പ്രോത്സാഹനവും നല്‍കുമെന്നും സഹകരണ ടൂറിസം വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു.
പെരുവന്താനം ഗ്രാമപഞ്ചായത്തിന്റെയും ജനകീയ ജൈവ പച്ചക്കറി കൃഷി സമിതിയുടെയും ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ജൈവ പച്ചക്കറി കൃഷിയുടെ ജില്ലാതല നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കാര്‍ഷിക രംഗത്ത് മറ്റ് മേഖലകളില്‍ നിന്നും വ്യത്യസ്തമായി പച്ചക്കറി വാങ്ങുന്നതിന് മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്ന തുക ഇവിടെ വികസനസാധ്യതയുള്ള പച്ചക്കറി കൃഷി മേഖലയില്‍ ചെലവഴിക്കുമ്പോള്‍ അത് സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ പ്രയോജനപ്രദമാണ്.
തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഉല്‍പ്പാദന മേഖലക്ക് നീക്കിവച്ചിട്ടുള്ള പദ്ധതികളില്‍ പച്ചക്കറി കൃഷി വികസനത്തിന് അര്‍ഹമായ പ്രാധാന്യം നല്‍കണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഇ.എസ്. ബിജിമോള്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജോയ്‌സ് ജോര്‍ജ്ജ് എം.പി മുഖ്യപ്രഭാഷണം നടത്തി.
പച്ചക്കറി തൈകളുടെ വിതരണം മുന്‍ എം.എല്‍.എ കെ.കെ ജയചന്ദ്രനും, ജൈവവളം കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം സി.വി. വര്‍ഗ്ഗീസും നിര്‍വഹിച്ചു. ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.എം. ആഗസ്തി, ജില്ലാ പഞ്ചായത്ത് അംഗം മോളി ഡൊമിനിക്, പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി. ബിനു, വൈസ് പ്രസിഡന്റ് ശ്യാമള മോഹനന്‍, ഗ്രാമ ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."