'മുസ്‌ലിമായതിനാലാണ് ഭീകര നിയമങ്ങള്‍ ചുമത്തുന്നത്, നടക്കുന്നത് മുന്‍കൂട്ടി തയ്യാറാക്കിയ മനുഷ്യവേട്ട'- ഡല്‍ഹി അറസ്റ്റുകള്‍ക്കെതിരെ നോംചോസ്‌കി ഉള്‍പെടെ പ്രമുഖര്‍ രംഗത്ത്
ന്യൂഡല്‍ഹി: വംശഹത്യയുടെ പേരിലുള്ള ഡല്‍ഹി പൊലിസിന്റെ അറസ്റ്റുകള്‍ക്കെതിരെ നോം ചോസ്‌ക്കി, സല്‍മാന്‍ റുഷ്ദി അരുന്ധതി റോയ് തുടങ്ങി പ്രമുഖര്‍ രംഗത്ത്.
ദേശീയ അന്തര്‍ദേശീയ സ്‌കോളേഴ്സും അക്കാദമിഷ്യന്മാരും കലാകാരന്മാരുമടങ്ങിയ 200ലേറെ പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മുന്‍കൂട്ടി തയ്യാറാക്കിയ മനുഷ്യവേട്ടയാണ് കലാപന്വേഷണത്തിലൂടെ ഡല്‍ഹി പൊലിസ് നടത്തുന്നതെന്നും ഇവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മഹാത്മാഗാന്ധിയുടെ പാത അഭിമാനപൂര്‍വ്വം പിന്തുടര്‍ന്ന് ഡോ. ബി.ആര്‍ അംബേദ്കറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതും സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സമാധാനപരവും ഏറ്റവും വലിയ ജനാധിപത്യ അവകാശ പ്രസ്ഥാനവുമാണ് സി.എ.എ വിരുദ്ധ പ്രസ്ഥാനമെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
ഭാഷാ പണ്ഡിതന്‍ നോം ചോംസ്‌കി, എഴുത്തുകാരായ സല്‍മാന്‍ റുഷ്ദി, അമിതാവ് ഘോഷ്, അരുന്ധതി റോയ്, രാമചന്ദ്ര ഗുഹ, രാജ്മോഹന്‍ ഗാന്ധി, ചലച്ചിത്ര പ്രവര്‍ത്തകരായ മീര നായര്‍, ആനന്ദ് പട്വര്‍ധന്, ചരിത്രകാരന്മാരായ റോമില ഥാപ്പര്‍, ഇര്‍ഫാന്‍ ഹബീബ്, ആക്ടിവിസ്റ്റുകളായ മേധ പട്കര്‍, അരുണ റോയ് എന്നിവരും പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്.
'എന്താണ് ഉമര്‍ ഖാലിദ് ചെയ്ത തെറ്റ്?. പൗരന്‍മാര്‍ക്ക് തുല്യത വേണമെന്ന് ഉയര്‍ത്തിപ്പിടിക്കാനായി മുന്നോട്ടു വന്നതോ. ഇന്ത്യയുടെ ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതോ'- അവര്‍ചോദിച്ചു.
ഉമര്‍ ഖാലിദ് ഈ പ്രസ്ഥാനത്തില്‍ സത്യത്തിന്റെ ശക്തമായ ഒരു യുവ ശബ്ദമായി മാറി, ഇന്ത്യയിലുടനീളം ചെറിയ പട്ടണങ്ങളിലും വലിയ നഗരങ്ങളിലും 100 ഓളം യോഗങ്ങളില്‍ സംസാരിച്ചു. വിശപ്പ്, ദാരിദ്ര്യം, വിവേചനം, ഭയം എന്നിവയില്‍ നിന്നുള്ള സ്വാതന്ത്ര്യമെന്ന എല്ലാ യുവ ഇന്ത്യക്കാരുടെയും സ്വപ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി, പൗരത്വത്തിന്റെ പൂര്‍ണമായ അവകാശവാദം ഉന്നയിച്ചു, പാര്‍ശവത്ക്കരിക്കപ്പെട്ടവര്‍ക്കു വേണ്ടി സംസാരിച്ചു. എല്ലാറ്റിനുമുപരിയായി ഉമര്‍ സമാധാനത്തിനായി നിലകൊണ്ടു പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
ഉമര്‍ ഖാലിദിനെ ഒരു ജിഹാദിയായും വിദ്വേഷിയായും മുദ്രകുത്തുന്നെന്ന് ചൂണ്ടിക്കാട്ടുന്ന പ്രസ്താവനയില്‍ സര്‍ക്കാറിന്റെ അന്യായമായ നയങ്ങള്‍ക്കെതിരെ സംസാരിക്കുന്നതിനാല്‍ മാത്രമല്ല ഉമര്‍ഖാലിദിനെതിരെയുള്ള ആ നീക്കങ്ങളെന്നും അദ്ദേഹമൊരു മുസ്ലിം ആയതുകൊണ്ടുമാണെന്നും പറയുന്നു.
മൂന്നുമാസം ഗര്‍ഭിണി ആയിരുന്നപ്പോഴാണ് സഫൂറ സര്‍ഗാറിനെ അറസ്റ്റ് ചെയ്യുന്നത്. മഹാമാരിക്കാലത്ത് തിങ്ങി നിറഞ്ഞ ജയിലില്‍ യാതൊരു ദാക്ഷിണ്യവുമില്ലാതെ താമസിപ്പിച്ചു. പ്രതിഷേധം മൂലമാണ് മാനുഷിക പരിഗണനവെച്ച് ഒടുവില്‍ അവര്‍ക്ക് ജാമ്യം ലഭിച്ചത്. അറസ്റ്റിലായവരില്‍ ഭൂരിഭാഗവും മുസ്‌ലിം ആണ്. മതം അവരെ ശിക്ഷിക്കാനുള്ള കാരണമാവുകയാണെങ്കില്‍ ലോകത്തിനു മുന്നില്‍ ഇന്ത്യ നാണം കെടുമെന്നുറപ്പാണ്.
യുവാക്കള്‍ രാജ്യത്തിന്റെ ഭാവിയാണ്. അവരുടെ നീതിക്കായി പോരാടുന്നത് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഭാവിക്കായുള്ള പോരാട്ടമാണ്- പ്രസ്താവനയില്‍ പറയുന്നു.
ഡല്‍ഹി വംശഹത്യയുടെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ച് യു.എ.പി.എ ചുമത്തിയാണ് ഉമര്‍ഖാലിദിനെ അറസ്റ്റ് ചെയ്തത്. മുന്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും കലാപം നടക്കുന്നതിന് ഒരു മാസം മുന്‍പ് ഇവര്‍ രണ്ടുപേരും, ഷഹീന്‍ ബാഗിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യുണൈറ്റ് എഗെന്‍സ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നുമാണ് പൊലിസ് ഉമര്‍ ഖാലിദിനെതിരെ ഉന്നയിക്കുന്ന ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."