വ്യാപാരിയുടെ കൊലപാതകം: പൊലിസ് അന്വേഷണം ആരംഭിച്ചു
ഇതിനു മുന്‍പ് പ്രദേശത്തെ ക്ഷേത്രത്തില്‍ നടന്ന മോഷണക്കേസില്‍ ബദിയടുക്ക സ്വദേശികളായ രണ്ടു പേരെ ചോദ്യം ചെയ്തതില്‍ ഈ കേസിലെ പ്രതിയാണ് കൊലക്കു പിന്നിലും എന്നതിനു സൂചന ലഭിച്ചു
കുമ്പള: പൈവളിഗെയിലെ വ്യാപാരി രാമകൃഷ്ണ മൂല്യയെ(52) കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി നിരവധി പേരെ ഇന്നലെ പൊലിസ് ചോദ്യം ചെയ്തു. ഇതിനു മുന്‍പ് പ്രദേശത്തെ ക്ഷേത്രത്തില്‍ നടന്ന മോഷണക്കേസിലെ ബദിയടുക്ക സ്വദേശികളായ രണ്ടു പേരെ ചോദ്യം ചെയ്തതില്‍ ഈ കേസിലെ പ്രതിയാണു കൊലക്കു പിന്നിലും എന്നതിനു സൂചന ലഭിച്ചു. നാട്ടുകാര്‍ മോഷണ കേസിലെ പ്രതികളെ പിടികൂടിയപ്പോള്‍ നാട്ടുകാരനായ രാമകൃഷ്ണ മൂല്യയും സ്ഥലത്തുണ്ടായിരുന്നു.
പൊലിസിനു പ്രതികളെ കൈമാറുന്നതിലടക്കം മുന്നിലുണ്ടായിരുന്നത് ഇയാളായിരുന്നു. ഇതിന്റെ വൈരാഗ്യം കേസിലെ മൂന്നാം പ്രതി തീര്ത്തതാവമെന്ന നിഗമനത്തിലാണ് പൊലിസ്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നു കുമ്പള സി.ഐ മനോജ് പറഞ്ഞു.
അക്രമിസംഘത്തില്‍ മൊത്തം അഞ്ചുപേരുണ്ടായിരുന്നുവെന്നും ഇതില്‍ രണ്ടുപേരാണു കൊല നടത്തിയതെന്നും പ്രതികള്‍ കയ്യാര്‍ പറമ്പില-ജോഡ്ക്കല്‍ റോഡ് വഴിയോ കുബണ്ണൂര്‍-കണ്ണാടിപ്പാറ റോഡുവഴിയോ ഉപ്പള ഭാഗത്തേക്ക് രക്ഷപ്പെട്ടിരിക്കാനാണ് സാധ്യതയെന്നും ദൃക്സാക്ഷി മൊഴികളില്‍ നിന്നു പൊലിസിന് സൂചന ലഭിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി ബി.സി റോഡിലേയും അടുക്കയിലേയും രണ്ടു വീടുകളില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറ ദൃശ്യങ്ങള്‍ പൊലിസ് പരിശോധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."