ബധിരനും മൂകനുമായ യുവാവിനെ കാട്ടാനകള്‍ ചവിട്ടിക്കൊന്നു
ആനകള്‍ എത്തുന്നത് അറിയാനോ ശബ്ദം വയ്ക്കാനോ ഇയാള്‍ക്കായില്ല
തൊടുപുഴ: ചിന്നക്കനാലിനു സമീപം ബധിരനും മൂകനുമായ യുവാവിനെ കാട്ടാനകള്‍ ചവിട്ടിക്കൊന്നു. മുന്നൂറ്റിയൊന്ന് ആദിവാസി കോളനിയിലെ എസ്. കൃഷ്ണന് (40) ആണ് കൊമ്പനാനകളുടെ ആക്രമണത്തില്‍ മരിച്ചത്.
ഇന്നലെ ഉച്ചയ്ക്കുശേഷം 3.30ഓടെ ആയിരുന്നു സംഭവം. വീടിനു സമീപത്തെ സ്വന്തം കൃഷിയിടത്തില്‍ ഇഞ്ചി നട്ടു കൊണ്ടിരിക്കുകയായിരുന്നു കൃഷ്ണന്. മറ്റാരും കൂടെ ഉണ്ടായിരുന്നില്ല. ഈ സമയം രണ്ടു കാട്ടുകൊമ്പന്മാര് പിന്നിലൂടെ എത്തി കൃഷ്ണനെ ആക്രമിക്കുകയായിരുന്നു. ആനകള്‍ എത്തുന്നത് അറിയാനോ ശബ്ദം വയ്ക്കാനോ ഇയാള്‍ക്കായില്ല.
തലയ്ക്കുള്ള ചവിട്ടും തുമ്പിക്കൈ കൊണ്ടുള്ള അടിയുമേറ്റ ഇയാള്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. ആനകളുടെ ചിന്നംവിളി കേട്ട് കുടിയിലെ മറ്റുള്ളവര്‍ എത്തിയപ്പോഴാണ് കൃഷ്ണന് ആക്രമിക്കപ്പെട്ടത് അറിഞ്ഞത്.
സംഭവസ്ഥലത്തുനിന്ന് ആനകള്‍ മാറാതെ നിന്നതിനാല്‍ ആളുകള്‍ക്ക് യുവാവിന്റെ അടുത്തേക്ക് ഏറെ നേരം അടുക്കാനായില്ല. അടുക്കാന്‍ ശ്രമിച്ചവരെ ആനകള്‍ പിന്തുടര്ന്ന് ഓടിക്കുകയും ചെയ്തു. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ 4.30ഓടെയാണ് ആനകളെ സമീപത്തെ കാട്ടിലേക്ക് തുരത്താനായത്. കൃഷ്ണന് അവിവാഹിതനാണ്.
മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. 2018 ശേഷം 29 പേരാണ് മൂന്നാര്‍ മേഖലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം മാത്രം നാലുപേര്‍ മരിച്ചിരുന്നു. മേഖലയില്‍ കാട്ടാന ആക്രമണം പതിവായിട്ടും വനംവകുപ്പ് നടപടികള്‍ എടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."