കിഫ്ബി: ആരോഗ്യ വകുപ്പിന് വേഗം കൂടിയെന്ന് മന്ത്രി ശൈലജ
കണ്ണൂര്‍: കിഫ്ബി വന്നതോടെ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടിയെന്ന് മന്ത്രി കെ.കെ ശൈലജ. 10 വര്‍ഷത്തിലധികമെടുത്ത് ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ മൂന്നു വര്‍ഷം കൊണ്ട് ചെയ്യാന്‍ സാധിച്ചുവെന്നും അവര്‍ പറഞ്ഞു. നഴ്‌സസ് ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പരാതികള്‍ ഒറ്റയടിക്ക് തീര്‍ക്കാനാകില്ലെങ്കിലും ഉദ്യോഗസ്ഥരുടെയും മെഡിക്കല്‍ സംഘത്തിന്റെയും സഹകരണത്തോടെ ഓരോന്നായി തീര്‍ത്തു കൊണ്ടിരിക്കുകയാണ്. മാറ്റത്തിന് നഴ്‌സുമാര്‍ തയാറാകണം. ഇതിനായുള്ള പരിശീലനങ്ങളോട് മുഖംതിരിക്കരുത്. ആശയ വിനിമയം നന്നാക്കിയാല്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ തീരും. ജോലിയോട് നല്ല ആത്മാര്‍ഥത കാണിക്കണം. ഓഖിയും നിപയും പ്രളയവും ജി.എസ്.ടി.യുമെക്കെ സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും തസ്തികകള്‍ വെട്ടിച്ചുരുക്കാന്‍ നോക്കിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. നിപാ ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ മൂന്നു സംസ്ഥാന അവാര്‍ഡുകള്‍ ഉള്‍പ്പെടെ 32 പുരസ്‌കാരങ്ങള്‍ മന്ത്രി സമ്മാനിച്ചു. കോട്ടയം കടനാട് പി.എച്ച്.സിയിലെ ദിനു എം. ജോയിക്കാണ് ലിനി പുതുശ്ശേരി അവാര്‍ഡ്. ഡി.എം.ഇ സംസ്ഥാന അവാര്‍ഡ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഹെഡ് നഴ്‌സ് പി. ഗീതയ്ക്കും ജെ.പി.എച്ച്.എന്‍ സംസ്ഥാന അവാര്‍ഡ് സി.എച്ച്.സി പാണ്ടനാട്ടെ ബി. വത്സലകുമാരിക്കും സമ്മാനിച്ചു. ലിനിയുടെ ഭര്‍ത്താവ് സജീഷ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. നാരായണ നായ്ക്, ഡോ. ആര്‍. ലത, പ്രൊഫ. വത്സ കെ. പണിക്കര്‍, അമ്പിളി പ്രസാദ്, ഡോ. കെ.വി ലതീഷ്, പി. ഉഷാ ദേവി, കെ.എസ് സന്തോഷ്, രതീദേവി, സി. ശൈലജ, കെ.ജി വസുമതി, അഡിഷണല്‍ ഡയറക്ടര്‍ ഓഫ് നഴ്‌സിങ് സര്‍വിസസ് എം.ജി ശോഭന, ടി.ടി ഖമറുസ്സമാന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."