ചെട്ടിപ്പടി റയില്‍വേ മേല്‍പാലം: കാത്തിരിപ്പ് നീളും
പരപ്പനങ്ങാടി: ചമ്രവട്ട പാതയിലെ പ്രധാന റയില്‍വേ ഗെയിറ്റായ ചെട്ടിപ്പടിയില്‍ മേല്‍പാലത്തിനായുള്ള കാത്തിരിപ്പ് ഇനിയും എത്ര കാലം നീളുമെന്നറിയാതെ നാട്ടുകാരും യാത്രക്കാരും.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയ അഞ്ച് കോടിയും പുതിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നതിനു ശേഷം ബജറ്റില്‍ വകയിരുത്തിയ പത്തു കോടിയുമടക്കം മൊത്തം പതിനഞ്ചു കോടിയാണ് മേല്‍പ്പാലത്തിനായി ഗവണ്‍മെന്റ് ഫണ്ട് വകയിരുത്തിയിട്ടുള്ളത്. മേല്‍പ്പാലത്തിന്റെ പ്രാഥമിക നടപടിയെന്ന നിലക്ക് മണ്ണ് പരിശോധനയും സര്‍വേയും പൂര്‍ത്തിയായി. എന്നാല്‍ മേല്‍ നടപടികളൊന്നും തന്നെ മേല്‍പ്പാലത്തിനായി തുടങ്ങിയിട്ടില്ല എന്നുള്ളതാണ് വസ്തുത.ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് രാത്രിയിലും പകലുമായി ഇതുവഴി കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
ഇരട്ടപാത ആയതിനാല്‍ അങ്ങോട്ടും ഇങ്ങോട്ടും തീവണ്ടികള്‍ കടന്നുപോയതിനു ശേഷം മൂന്നാമതൊരു വണ്ടികൂടി കടന്നുപോയതിനു ശേഷമാണ് പലപ്പോഴും റെയില്‍വേ ഗേറ്റ് തുറക്കുന്നത് .
അപ്പോഴേക്കും വാഹനങ്ങളുടെ നീണ്ട നിര ഗേറ്റിന്റെ പടിഞ്ഞാറുഭാഗം കടലുണ്ടി-പരപ്പനങ്ങാടി റോഡിലേക്കും കിഴക്കുഭാഗം ഒരു കിലോമീറ്ററോളം നീണ്ട് മൊടുവിങ്ങല്‍ ബസ്‌സ്റ്റോപ് വരെയും നീണ്ടുപോകുന്ന കാഴ്ച സ്ഥിരമാണ്. റെയില്‍വേ ഓവര്‍ബ്രിഡ്ജ് യാഥാര്‍ഥ്യമാകാന്‍ കാലതാമസം ആരുടെ ഭാഗത്തുനിന്നാണെന്നാണ് നാട്ടുകാരും യാത്രക്കാരും ചോദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."