അന്വേഷണം ആലുവയിലെ ഗുണ്ടാ സംഘത്തിലേക്ക്
കൊച്ചി: എടയാറിലെ സ്വര്‍ണ ശുദ്ധീകരണ ശാലയിലേക്ക് കൊണ്ടുപോയ ആറു കോടിയുടെ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ ആലുവയിലെ ഗുണ്ടാ സംഘത്തെ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം തുടങ്ങി.
കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുണ്ടായിരുന്നവരെ പൊലിസ് വിട്ടയച്ചിരുന്നു. ഇവരുടെ മൊഴികളില്‍ വൈരുധ്യമുണ്ടെങ്കിലും കവര്‍ച്ചയില്‍ പങ്കുള്ളതായി സൂചന ലഭിച്ചിട്ടില്ല.
അതേസമയം, ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ആലുവയിലെ ഗുണ്ടാ സംഘത്തില്‍പ്പെട്ട ചിലര്‍ സംഭവത്തിനു തൊട്ടുപിന്നാലെ കേരളം വിട്ടതായി വ്യക്തമായത്.
കേരളത്തിന് പുറത്തുള്ള വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് പോവുകയാണെന്നാണ് ഇവര്‍ സുഹൃത്തുക്കളോട് പറഞ്ഞത്. ഇവരില്‍ ഒരാള്‍ ഉപയോഗിച്ചിരുന്ന ബൈക്കും മറ്റൊരാളുടെ വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. കവര്‍ച്ച നടത്തിയവര്‍ സ്വര്‍ണവുമായി കടന്ന ബൈക്ക് ഇതു തന്നെയാണോ എന്നാണ് പൊലിസ് പരിശോധിക്കുന്നത്.
കേരളം വിട്ടവര്‍ അടുത്തകാലത്തായി പുതിയ മൊബൈല്‍ നമ്പറുകളാണ് ഉപയോഗിക്കുന്നത്. ഇവയുടെ വിശദാംശങ്ങള്‍ പരിശോധിക്കും. ഇതുകൂടി ലഭിച്ചശേഷമാകും തുടര്‍ നടപടി സ്വീകരിക്കുക.
സ്വര്‍ണം കൊണ്ടുവരുന്നതിനെ കുറിച്ച് കൃത്യമായ അറിവുള്ളവരാണ് സംഭവത്തിനു പിന്നിലെന്ന നിലപാടിലാണ് പൊലിസ് ഇപ്പോഴും. കവര്‍ച്ചാ സംഘത്തിന് സ്വര്‍ണം കൊണ്ടുവരുന്ന വാഹനത്തിന്റെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭിച്ചിട്ടുണ്ട്. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍നിന്ന് കാര്‍ മാര്‍ഗം ആലുവ ഇടയാറിലെ സി.ആര്‍.ജി മെറ്റല്‍സ് കമ്പനിയിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ടുപോയ 25 കിലോ സ്വര്‍ണം ബൈക്കിലെത്തിയ സംഘം കവരുകയായിരുന്നു. സംഭവത്തില്‍ കാറില്‍ സ്വര്‍ണം കൊണ്ടുവന്ന നാലുപേര്‍ക്കും പരുക്കേറ്റിട്ടുണ്ട്. വര്‍ഷങ്ങളായി എടയാറില്‍ പ്രവര്‍ത്തിക്കുന്ന ശുദ്ധീകരണ ശാലയ്ക്ക് മുന്നിലാണ് കവര്‍ച്ച നടന്നത്. സ്വര്‍ണം മോഷ്ടിക്കപ്പെട്ടതില്‍ സ്ഥാപനവുമായി ബന്ധമുള്ളവര്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്നാണ് പൊലിസിന്റെ നിഗമനം.
സ്വര്‍ണക്കമ്പനിയിലേക്ക് പുറപ്പെട്ട വാഹനത്തെ മോഷ്ടാക്കള്‍ പിന്തുടരുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്. സ്വര്‍ണവുമായി പുറപ്പെട്ട കാറിനെ ബൈക്കില്‍ പിന്തുടര്‍ന്ന മോഷ്ടാക്കള്‍ വാഹനം സി.ആര്‍.ജി മെറ്റല്‍സില്‍ എത്തുന്നതിന് തൊട്ടുമുന്‍പ് കാറിനെ മറികടക്കുകയും കുറുകെ നിര്‍ത്തുകയും ചെയ്തു.
ശേഷം കാറിന്റെ ചില്ലുകള്‍ തകര്‍ത്ത കവര്‍ച്ചാ സംഘം കാറിലുണ്ടായിരുന്നവര്‍ക്കു നേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിക്കുകയും ഞൊടിയിടയില്‍ സ്വര്‍ണമടങ്ങിയ ബാഗ് കൈക്കലാക്കി രക്ഷപ്പെടുകയും ചെയ്തുവെന്നാണ് കവര്‍ച്ചക്ക് ഇരയായവരുടെ മൊഴി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."