രോഗം പരത്തി മെഡിക്കല്‍ കോളജ് ബസ് സ്റ്റേഷന്‍ പരിസരം
ആര്‍പ്പൂക്കര: നാടു മുഴുവന്‍ രോഗങ്ങള്‍ പിടിപെടുമ്പോള്‍ വൃത്തിഹീനമായി മെഡിക്കല്‍ കോളജ് ബസ് സ്‌റ്റേഷനിലെ ശൗചാലയവും പരിസരവും. ഇതോടെ യാത്രക്കാരും ദുരിതത്തിലായി.
ബസ് സ്റ്റാന്‍ഡ് പരിസരത്തൂടെ നടക്കണമെങ്കില്‍ മൂക്കു പൊത്തണം. ഇനി നടന്നാലോ രോഗം പിടിപെടുമെന്നുറപ്പ്.കംഫര്‍ട്ട് സ്റ്റേഷനില്‍ കയറണമെങ്കിലോ ചിന്തിക്കുകയേ വേണ്ട. അതിന്റെ പരിസരത്ത് പോലും എത്തുവാന്‍ കഴിയില്ല. അത്രയ്ക്കും വൃത്തിഹീനമായി കിടക്കുകയാണ് അവിടെ.
കക്കൂസിന്റെ പരിസരത്ത് മലിനജലം കെട്ടിക്കിടക്കുന്നതിനാല്‍ കക്കൂസില്‍ കയറാന്‍ കഴിയാത്ത സ്ഥിതിയെന്നു വേണം പറയാന്‍. ഇത്തരത്തില്‍ മാലിന്യം കെട്ടിക്കിടക്കുന്നത് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപമുള്ള ബസ് സ്റ്റാന്‍ഡില്‍ തന്നെ. ദിവസവും നിരവധിയാളുകള്‍ വന്നുപോകുന്ന പൊതു സ്ഥലത്ത് കക്കൂസില്‍ നിന്നുള്ള മലിന ജലം ഒഴുകുമ്പോഴും അധികൃതര്‍ മൗനം പാലിക്കുകയാണ്.
മഴക്കാലം എത്തിയതോടെ രോഗം പെരുകുമ്പോഴാണ് ഇവിടെ ഈ ദുര്‍ഗതി. ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മഴക്കാല രോഗ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും ആശുപത്രിക്ക് സമീപമുള്ള ബസ സ്റ്റാന്‍ഡ് മാലിന്യത്തില്‍ മുങ്ങിയിരിക്കുകയാണ്.
കക്കൂസില്‍ നിന്നുള്ള മലിന ജലം മാസങ്ങളായി പരിസര പ്രദേശത്ത് കെട്ടിക്കിടക്കുകയാണെന്ന് സമീപത്തുള്ള കടയുടമകള്‍ പറയുന്നു. കൊതുകു വളര്‍ത്തല്‍ കേന്ദ്രമായി പ്രദേശം മാറിയിരിക്കുന്നുവെന്നു വേണം പറയുവാന്‍. അഞ്ചുമാസമായി ഇവിടുത്തെ സ്ഥിതി ഇതാണ്.
ആര്‍പ്പൂക്കര പഞ്ചായത്തിന്റെ പരിധിയിലുള്ള ബസ് സ്റ്റാന്‍ഡും കംഫര്‍ട്ട് സ്റ്റേഷനും ദിവസവും ഉപോഗിക്കാന്‍ കഴിയാത്ത രീതിയില്‍ മാറുമ്പോഴും അധികൃതര്‍ മൗനത്തില്‍ തന്നെ. ദൂരെ സ്ഥലങ്ങളില്‍ നിന്നുള്ള രോഗികളുടെ കൂ്ട്ടിരിപ്പുകാര്‍ ഉള്‍പ്പെടെയുള്ളവരാണ് ദിവസവും ഈ സ്റ്റാന്‍ഡില്‍ എത്തുന്നത്.
വൃത്തിഹീനമായ പ്രദേശത്തുനിന്ന് പകര്‍ച്ച രോഗങ്ങള്‍ പിടിപെടുവാന്‍ സാധ്യതയേറെയെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
മഴക്കാലമായതിനാല്‍ ഇപ്പോള്‍ ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണം നിയന്ത്രണാതീതമാണ്. ഈ സാഹചര്യത്തിലാണ് ആശുപത്രിക്ക് സമീപമുള്ള ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്ന് മലിനജലം പുറത്തേക്ക് ഒഴുകുന്നതും പരിസര പ്രദേശം വൃത്തിഹീനമായി കിടക്കുന്നതും. ദിവസവും ഇതുവഴിയാത്ര ചെയ്യുന്ന സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളും ദുര്‍ഗന്ധം സഹിക്കവയ്യാതെ പൊറതി മുട്ടിയിരിക്കുകയാണ്.
പല തവണ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് ചിലര്‍ പറയുന്നു. സമീപമുള്ള മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്തിന് ലക്ഷങ്ങളുടെ വരുമാനമാണ് ലഭിക്കാറ്.
പക്ഷേ, മാലിന്യ നീക്കത്തിനോ മറ്റും ഇത്തരം പണം അധികൃതര്‍ ഉപയോഗിക്കാറില്ലെന്നതിന്റെ തെളിവാണ് ബസ് സ്റ്റാന്‍ഡിലെ മാലിന്യ പ്രശ്‌നം.ബസ് സ്റ്റാന്‍ഡിന് സമീപം അനധികൃതമായി പ്രവര്‍ത്തിക്കുന്ന കടകളില്‍ നിന്നുള്ള ഖര മാലിന്യങ്ങളും നിരന്തരം നിക്ഷേപിക്കുന്നതിവിടെയാണ്. പക്ഷേ, ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികാര കേന്ദ്രങ്ങള്‍ തയാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."