പ്രിവിലേജ് ഇഖാമ; പതിനായിരം കോടി റിയാലിന്റെ നിക്ഷേപം വര്‍ധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍
ജിദ്ദ: സഊദിയിലെ പുതിയ പ്രിവിലേജ് താമസ പദ്ധതി വഴി രാജ്യത്ത് പതിനായിരം കോടി റിയാലിന്റെ നിക്ഷേപം വര്‍ധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍. ബിനാമി സ്ഥാപനങ്ങളുടെ എണ്ണം കുറയും. ഇരുപത്തിയൊന്നു വയസ് തികഞ്ഞ വിദേശികള്‍ക്ക് മാത്രമേ പ്രിവിലേജ് ഇഖാമ ലഭിക്കുകയുള്ളൂ.
കാലാവധിയുള്ള പാസ്പോര്‍ട്ട് ഉണ്ടായിരിക്കുക, സാമ്പത്തിക ശേഷി ഉണ്ടായിരിക്കുക, ഇരുപത്തിയൊന്ന് വയസ് പൂര്‍ത്തിയാകുക, നിലവില്‍ സഊദിയില്‍ ഉള്ളവരാണെങ്കില്‍ കാലാവധിയുള്ള ഇഖാമ ഉണ്ടായിരിക്കുക, ക്രിമിനല്‍ കേസുകളില്‍ പ്രതി അല്ലാതിരിക്കുക, മാരക രോഗങ്ങള്‍ ഇല്ല എന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുക. ഈ ആറു നിബന്ധനകളാണ് സഊദിലെ പുതിയ ദീര്‍ഘകാല താമസവിസ ലഭിക്കാന്‍ വേണ്ടത്. ലോക്കല്‍ സ്പോണ്സര് ഇല്ലാതെയാണ് വിദേശികള്‍ക്ക് സ്പെഷ്യല്‍ പ്രിവിലേജ് ഇഖാമ നല്‍കുന്നത്. ഗ്രീന്‍കാര്‍ഡിന് സമാനമായ ഈ ഇഖാമ ലഭിക്കുന്നവര്‍ക്ക് സ്വന്തമായി രാജ്യത്ത് ബിസിനസ് നടത്താന്‍ സാധിക്കും. അതോടെ ബിനാമി സ്ഥാപനങ്ങളുടെ എണ്ണം കുറയുമെന്നാണ് പ്രതീക്ഷ.ഏതാണ്ട് പതിനായിരം കോടി റിയാലിന്റെ പുതിയ വിദേശ നിക്ഷേപം ഈ പദ്ധതി വഴി സഊദിയില്‍ ഉണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ദരെ ഉദ്ധരിച്ചുകൊണ്ട് പ്രമുഖ അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സഊദിയില്‍ നിന്നും വിദേശികള്‍ നാട്ടിലേക്കയക്കുന്ന തുകയില്‍ വര്‍ഷത്തില്‍ നാല്പതിനായിരം കോടി റിയാലിന്റെ മാറ്റം ഉണ്ടാകും. വിദേശ നിക്ഷേപങ്ങള്‍ ആരംഭിക്കാനുള്ള നടപടി ക്രമങ്ങള്‍ കൂടുതല്‍ സുതാര്യമാക്കിയതോടെ സമീപകാലത്ത് സഊദിയില്‍ നിക്ഷേപങ്ങളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചിരുന്നു. സഊദി ശൂറാ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ച പുതിയ താമസ നിയമം താമസിയാതെ പ്രാബല്യത്തില്‍ വരുമെന്ന പ്രതീക്ഷയിലാണ് വിദേശികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."