ചൂര്‍ണിക്കര വ്യാജരേഖാ കേസ്: കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ
തിരുവനന്തപുരം: ആലുവ ചൂര്‍ണിക്കരയില്‍ വ്യാജ രേഖ ചമച്ച് നിലം നികത്തിയ കേസില്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി. വിജിലന്‍സ് എ.ഡി.ജി.പി അനില്‍ കാന്ത് അന്വേഷണ പുരോഗതി വിലയിരുത്തി. പ്രഥമദൃഷ്ട്യാ കുറ്റം തെളിഞ്ഞതായാണ് റിപ്പോര്‍ട്ട്. കേസെടുക്കാന്‍ വിജിലന്‍സ് ആഭ്യന്തര വകുപ്പിനോട് ശുപാര്‍ശ ചെയ്യും.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദ്ദേശമുണ്ട്. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്നന്വേഷിക്കണം. റിപ്പോര്‍ട്ട് മറ്റന്നാള്‍ വിജിയലന്‍സ് ഡയരക്ടര്‍ക്ക് പോവും.
കേസില്‍ ഇടനിലക്കാരന്‍ അബുവിനെയും റവന്യൂ ഉദ്യോഗസ്ഥനെയും നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരം ലാന്‍ഡ് റവന്യു കമ്മീഷണറേറ്റിലെ സീനിയര്‍ ക്ലര്‍ക്കിനെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇടനിലക്കാരന്‍ അബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
തൃശൂര്‍ മതിലകം സ്വദേശി ഹംസയുടെ ഉടമസ്ഥതയിലുള്ള ആലുവ ചൂര്‍ണിക്കരയിലെ 25 സെന്റ് നിലമാണ് വ്യാജരേഖകള്‍ ചമച്ച് നികത്തിയത്. വ്യാജരേഖകള്‍ തയ്യാറാക്കുന്നതിന് ഇടനിലക്കാരനായ അബുവിന് ഏഴ് ലക്ഷം രൂപ നല്‍കിയതായി ഹംസ പോലിസിന് മൊഴി നല്‍കിയിരുന്നു. അതേസമയം, പിടിയിലായ അബു സ്ഥലമുടമയ്ക്കും ഉദ്യോഗസ്ഥര്‍ക്കും ഇടയില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണെന്നാണ് വിലയിരുത്തല്‍. വിരമിച്ച ഉദ്യോഗസ്ഥരാണ് വ്യാജരേഖ തയ്യാറാക്കി നല്‍കിയത് എന്നാണ് സൂചന.
ചൂര്‍ണിക്കര പഞ്ചായത്തിലെ 14ാം വാര്‍ഡില്‍ ദേശീയപാതയോട് ചേര്‍ന്നുള്ള 25 സെന്റ് തണ്ണീര്‍ത്തടം വര്‍ഷങ്ങള്‍ക്കുമുമ്പ് ഉടമ മണ്ണിട്ട് നികത്തി ഗോഡൗണ്‍ നിര്‍മിച്ചിരുന്നു. ഭൂമിയില്‍ വീണ്ടും നിര്‍മാണം നടത്താന്‍ ഉടമ ശ്രമിച്ചപ്പോഴാണ് അബു ഇടപെട്ട് പണം വാങ്ങി വ്യാജരേഖ ചമച്ചുകൊടുത്തത്. കമീഷണറുടെ പേരിലുള്ള വ്യാജ ഉത്തരവാണ് അബു ആദ്യം തയ്യാറാക്കിനല്‍കിയത്. ശ്രീഭൂതപുരം ലിഫ്റ്റ് ഇറിഗേഷന്റെ പൈപ്പ് പറമ്പിനരുകിലേക്ക് മാറ്റിസ്ഥാപിക്കാമെന്നുപറഞ്ഞ് ഭൂവുടമയില്‍നിന്ന് 50,000 രൂപ തട്ടിയ സംഭവത്തില്‍ അബുവിനെതിരെ കാലടി പൊലിസിലും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."