മഞ്ചേരിയില്‍ വീണ്ടും ഗതാഗത പരിഷ്‌കാരം; പ്രതിഷേധം
മഞ്ചേരി: നഗരത്തില്‍ നടപ്പില്‍വരുത്താനിരിക്കുന്ന ട്രാഫിക് പരിഷ്‌കാരത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ജനുവരി അഞ്ചിനു ട്രാഫിക് പരിഷ്‌കാരം സംബന്ധിച്ചു വിശദമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സബ് കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 25നു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.
ഈ റിപ്പോര്‍ട്ട് പ്രകാരം നടപ്പാക്കാനിരിക്കുന്ന ട്രാഫിക് പരിഷ്‌കാരത്തിനെതിരേയാണ് പ്രതിഷേധമുയരുന്നത്. ഇതുസംബന്ധിച്ചു പരാതിയുള്ളവര്‍ക്കു രേഖാമൂലം ട്രാഫിക് പൊലിസിനു പരാതിനല്‍കുന്നതിന് അവസരം നല്‍കിയിരുന്നു. തുടര്‍ന്ന് നിരവധി നിവേദനങ്ങളാണ് എത്തിയിരിക്കുന്നത്.
നിലവിലെ രീതിയില്‍ എല്ലാവരും സംതൃപ്തരാണന്നും പുതിയൊരു ഗതാഗത പരിഷ്‌കാരം നഗരത്തിനു തിരിച്ചടിയാകുമെന്നും കാണിച്ചാണ് പ്രതിഷേധം. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി, മഞ്ചേരി ടൗണ്‍ സംരക്ഷണ സമിതി, ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ ഉള്‍പ്പെടെ പലരും ഇതിനെതിരേ രംഗത്തെത്തി. മഞ്ചേരിയില്‍ പലപ്രാവശ്യം പരീക്ഷിച്ചു പരാജയപ്പെട്ട ട്രാഫിക് പരിഷ്‌കാരം വീണ്ടും കൊണ്ടുവരുന്നതു ജനങ്ങള്‍ക്കു പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നു സ്വകാര്യ ബസുടമകള്‍ പറയുന്നു. വ്യാപാര മേഖലയെ തകര്‍ക്കുന്ന പുതിയ നീക്കത്തെ എതിര്‍ക്കുമെന്നു കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചു.
നഗരത്തിലേക്കു പൊതുഗതാഗതം നിരോധിക്കുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിക്കാനിരിക്കുന്നതെന്നും മഞ്ചേരി നഗരത്തെ ഇല്ലായ്മ ചെയ്യുന്ന നടപടിയാണതെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തി. അതേസമയം, ഒരിടവേളയ്ക്കു ശേഷം മഞ്ചേരിയിലെ ഗതാഗത പരിഷ്‌കാരം വീണ്ടും വിവാദകുരുക്കിലേക്കു നീങ്ങുന്നതു സാധാരണ ജനങ്ങള്‍ക്കു കനത്ത വെല്ലുവിളിയായിരിക്കുകയാണ്. മെഡിക്കല്‍ കോളജ്, ജില്ലാ കോടതി, മിനി സിവില്‍സ്റ്റേഷന്‍ തുടങ്ങി ജനങ്ങള്‍ ദിനംപ്രതി ആശ്രയിക്കുന്ന നിരവധി കേന്ദ്രങ്ങളുള്ള മഞ്ചേരി നഗരത്തില്‍ ഇതിന്റെ പേരില്‍ സമരങ്ങളുണ്ടാകുകയും അതില്‍ ജനം പൊറുതിമുട്ടുകയും ചെയ്യാറാണുള്ളത്. ഒരു വര്‍ഷത്തില്‍ രണ്ടും മൂന്നും തവണകളാണ് മഞ്ചേരിയില്‍ ഗതാഗത പരിഷ്‌കാരം ഉണ്ടാകാറുള്ളത്. ഒരു വിഭാഗത്തിനു സ്വീകാര്യമാകുമ്പോള്‍ മറുവിഭാഗത്തിനു എതിര്‍പ്പുണ്ടാകുന്നതാണ് പതിവു രീതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."