ദുരിതത്തില്‍നിന്ന് ഇനിയും മോചിതമാകാതെ എളമ്പ്രം കോളനി
ചാലക്കുടി: പ്രളയദുരിതത്തില്‍നിന്ന് ഇനിയും മോചിതമാകാതെ എളമ്പ്രം കോളനി. മേലൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന എളമ്പ്രം കോളനിക്ക് പ്രളയക്കെടുതിയില്‍ കാര്യമായ നഷ്ടം സംഭവിച്ചിരുന്നു. കോളനിയിലുള്ള 65 വീടുകളില്‍ ഭൂരിഭാഗവും വാസയോഗ്യമല്ലാതായി. ഒരു വീട് പൂര്‍ണമായും തകര്‍ന്നു.
മുപ്പതോളം വീടുകളിലെ ചുമരുകളില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ടവര്‍ വേറെ. കോളനിയിലെ മുഴുവന്‍ വീടുകളും ദിവസങ്ങളോളം വെള്ളത്തിനടിയിലായി. കോളനിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയും നശിച്ചു. വാര്‍ഡിലെ കവലക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയും താറുമാറായി.
ഇവിടത്തെ രണ്ട് മോട്ടോറും നശിച്ചു. ഇതോടെ ഒന്നാം വാര്‍ഡിലെ കുടിവെള്ള സംവിധാനവും അവതാളത്തിലായിരിക്കുകയാണ്. മേലൂര്‍ പഞ്ചായത്തില്‍ ഒന്നാം വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ നാശം സംഭവിച്ചത്.
വാര്‍ഡിലെ 428 വീടുകളില്‍ 390ഓളം വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വാര്‍ഡിന്റെ മൂന്നു ഭാഗവും പുഴയായതിനാല്‍ മൂന്നു ഭാഗത്തുനിന്നും മഴവെള്ളം ഇവിടേക്കൊഴുകിയെത്തി. ഒരു സ്വകാര്യ വ്യക്തിയുടെ 57 സെന്റ് സ്ഥലം വെള്ളപ്പാച്ചിലില്‍ മണ്ണിടിഞ്ഞു നശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."