രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി സിവില്‍ സപ്ലൈസ്-ആര്‍.ടി.ഒ ഓഫിസുകള്‍
തൃശൂര്‍: പ്രളയദുരന്തത്തെ നേരിടുന്നതില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തി ജില്ലാ സിവില്‍ സപ്ലെസ്-ആര്‍.ടി.ഒ ഓഫിസുകള്‍. രക്ഷാപ്രവര്‍ത്തനം, പൊതുവിപണിയില്‍ വിലക്കയറ്റം തടയുന്നതിനുള്ള നടപടികള്‍, എല്‍.പി.ജി ലഭ്യത ഉറപ്പുവരുത്തല്‍, റേഷന്‍കടകളുടെ സേവനം ലഭ്യമാക്കല്‍, വാഹനങ്ങള്‍ക്ക് ഇന്ധനസൗകര്യം ഒരുക്കല്‍ തുടങ്ങിയ ബഹുമുഖമായ പ്രവര്‍ത്തനങ്ങള്‍ കൃത്യതയോടെ സമയബന്ധിതമായി നിര്‍വഹിക്കാന്‍ വകുപ്പുകള്‍ക്കു കഴിഞ്ഞു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഓഗസ്റ്റ് 16നു രാവിലെ മുതല്‍ ബോട്ടുകള്‍ക്കും മറ്റും ആവശ്യമായ ഡീസല്‍, പെട്രോള്‍, മണ്ണെണ്ണ എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാനായി. മാള, ചാലക്കുടി, കൊടുങ്ങല്ലൂര്‍ ഭാഗങ്ങളിലേക്കു രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ ഡീസല്‍, പെട്രോള്‍, മണ്ണെണ്ണ എന്നിവ ബാരലുകളില്‍ സ്വീകരിച്ചു ലോറികളില്‍ എത്തിച്ചു. ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍നിന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പെട്രോള്‍, ഡീസല്‍ ലഭ്യത 24 മണിക്കൂറും ഉറപ്പുവരുത്താനായി.
ജില്ലയില്‍ 112 റേഷന്‍കടകളെയാണു പ്രളയം ബാധിച്ചത്. ഇതില്‍ 33 എണ്ണം മാറ്റിസ്ഥാപിച്ചു. നിലവില്‍ എല്ലാ റേഷന്‍കടകളുടെയും പ്രവര്‍ത്തനം സാധാരണനിലയിലെത്തിക്കാന്‍ വകുപ്പിനു സാധിച്ചു. റേഷന്‍കടകളിലെയും എന്‍.എഫ്.എസ്.ഇ ഗോഡൗണുകളിലെയും ഉപയോഗശൂന്യമായ ഭക്ഷ്യധാന്യങ്ങള്‍ വില്ലേജ് ഓഫിസര്‍മാരുടെ സാക്ഷ്യപത്രത്തോടെ നശിപ്പിച്ചുകളയുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചു. പതിനാറാം തിയതിമുതല്‍ കലക്ടറേറ്റിലും ജില്ലാ സപ്ലൈ ഓഫിസിലും താലൂക്ക് സപ്ലൈ ഓഫിസുകളിലും 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നു. വിപണിയിലെ അമിതവിലക്കെതിരായി പ്രത്യേക സ്‌ക്വാഡിനു വകുപ്പ് രൂപംനല്‍കുകയും റെയ്ഡുകള്‍ നടത്തുകയും ചെയ്തു.
റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍, പൊലിസ്, ലീഗല്‍ മെട്രോളജി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങിയ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പെരിങ്ങോട്ടുകരയിലെ സമൃദ്ധി സൂപ്പര്‍മാര്‍ക്കറ്റില്‍ പരിശോധന നടത്തുകയും 3,436 കിലോഗ്രാം പച്ചക്കറിയും 792 കോഴിമുട്ടയും പിടിച്ചെടുക്കുകയും വിവിധ ദുരിതാശ്വാസ ക്യാംപുകളില്‍ വിതരണം ചെയ്യുകയുമുണ്ടായി. എല്‍.പി.ജി ക്ഷാമം ഒഴിവാക്കാനായി ഉപഭോക്താക്കള്‍ക്ക് ക്യാഷ് ആന്‍ഡ് ക്യാരി വ്യവസ്ഥയില്‍ ഗ്യാസ് സിലിണ്ടറുകള്‍ ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിച്ചു. പ്രളയത്തില്‍ റേഷന്‍കാര്‍ഡുകള്‍ നഷ്ടമായവര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ അവ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ആകെ ലഭിച്ച 197 അപേക്ഷകളില്‍ 150 പേര്‍ക്ക് കാര്‍ഡുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. ബാക്കിയുള്ളവ ഉടന്‍ വിതരണം ചെയ്യും. ഓണാവധി ദിവസങ്ങളായ ഓഗസ്റ്റ് 25 മുതല്‍ 27 വരെയുള്ള തിയതികളില്‍ റേഷന്‍കടകള്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള നടപടികളും വകുപ്പ് കൈക്കൊണ്ടു. ആന്ധ്രാപ്രദേശില്‍നിന്നുള്ള 400 മെട്രിക്ക് ടണ്‍ അരി കുരിയച്ചിറ സി.ഡബ്ല്യു.സി ഗോഡൗണില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോ ഗോഡൗണില്‍ സൂക്ഷിച്ചു. ദുരിതാശ്വാസ ക്യാംപുകളില്‍നിന്നു വീടുകളിലേക്ക് മടങ്ങുന്നവര്‍ക്കുള്ള കിറ്റുകള്‍ തയാറാക്കുന്നതിന് ആവശ്യമായ വിവിധ സാധനങ്ങള്‍ തൃശൂര്‍ സപ്ലൈകോ ഡിപ്പോ മാനേജരുടെ നേതൃത്വത്തില്‍ പാക്കിങ് കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് ആവശ്യമായ നടപടികളും സ്വീകരിച്ചു.
ദുരിതബാധിതര്‍ക്കു സര്‍ക്കാര്‍ നിശ്ചയിച്ച അഞ്ച് കിലോഗ്രാം സൗജന്യ റേഷന്‍ വിതരണ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ മാസം ഒന്നുവരെ ജില്ലയില്‍ 13,98,792 കിലോഗ്രാം അരിവിതരണം ചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വാഹനസൗകര്യം ഒരുക്കി ആര്‍.ടി.ഒ ഓഫിസ് രക്ഷാപ്രവര്‍ത്തനങ്ങളിലും, ക്യാംപുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കുന്നതിലും ഇടപെട്ടു. പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതിനും ദുരിതാശ്വാസ ക്യാംപുകളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനും 270 ബസുകളും ടിപ്പര്‍ ഉള്‍പ്പെടെ 415 ലോറികളും ജീപ്പ്, കാര്‍ മുതലായ 125 ചെറുവാഹനങ്ങളും ഉപയോഗിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ വകുപ്പിനായെന്നും ആര്‍.ടി.ഒ കെ.എന്‍ ഉമ്മര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."