20 സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍
പാലക്കാട്: ജില്ലയിലെ 20 വിദ്യാലയങ്ങളില്‍ എം.ബി രാജേഷ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിര്‍മിച്ച സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ പുതിയ അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് തുറന്നുനല്‍കും. 3.10 കോടി രൂപ ചെലവിട്ടാണ് അത്യാധുനിക സൗകര്യങ്ങളോടെ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ നിര്‍മിച്ചത്. കെട്ടിട നിര്‍മാണം ഏറ്റെടുത്ത 'നിര്‍മിതി' 2.78 കോടി ചെലവിലാണ് പണി പൂര്‍ത്തിയാക്കിയത്. ലാപ്‌ടോപ്പും പ്രൊജക്ടറും മറ്റു അനുബന്ധ ഉപകരണങ്ങളും 33 ലക്ഷം രൂപ ചെലവിട്ട് വാങ്ങി. കെല്‍ട്രോണിനാണ് ഇതിന്റെ ചുമതല. എം.ബി രാജേഷ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് ക്ലാസ് റൂമുകള്‍ പ്രവര്‍ത്തന സജ്ജമാണെന്ന് അറിയിച്ചത്.
ഭിന്നശേഷിയുള്ള 25 പേര്‍ക്ക് ഈ മാസം അവസാനത്തോടെ മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്യും. ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സാമൂഹിക നീതി വകുപ്പിന് എം.പി നിര്‍ദേശം നല്‍കി. പട്ടാമ്പിയില്‍ പഴയ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനേയും താലൂക്ക് ആശുപത്രിയേയും ബന്ധിപ്പിച്ച് റെയില്‍വെ സ്‌റ്റേഷന് കുറുകെ നടപ്പാലം നിര്‍മിക്കുന്നതിന് ആവശ്യമായ പദ്ധതി നിര്‍വഹണ തുക സംബന്ധിച്ച് എസ്റ്റിമേറ്റ് നല്‍കാന്‍ എം.പി റെയില്‍വെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ഷൊര്‍ണൂര്‍, പാലക്കാട് റെയില്‍വെ സ്റ്റേഷനുകളില്‍ പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഉപയോഗിക്കാവുന്ന ബാറ്ററി കാറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിയുന്നവരെ റെയില്‍വെ കണ്ടെത്തിയാല്‍ ബാറ്ററി കാറുകള്‍ അനുവദിക്കുമെന്നും എം.പി പറഞ്ഞു. പദ്ധതി പൂര്‍ത്തിയാക്കിയാല്‍ ബില്ലുകള്‍ കാലതാമസം കൂടാതെ നല്‍കണമെന്നും വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ മാത്രമേ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനാകൂവെന്നും എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."