ദൂരപരിധി മറികടക്കാന്‍ സൂത്രപണി: ഉദയനഗര്‍ നിവാസികള്‍ പ്രക്ഷോഭത്തില്‍
വടക്കാഞ്ചേരി: സംസ്ഥാന ദേശീയ പാതയോരത്ത് മദ്യവില്‍പനശാലകള്‍ പാടില്ലെന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാന്‍ ഓട്ടുപാറ വാഴാനി റോഡില്‍ പ്രവര്‍ത്തിക്കുന്ന ബാര്‍ ഹോട്ടല്‍ കൈ കൊള്ളുന്ന നടപടിക്കെതിരെ ഉദയനഗര്‍ സെക്കന്റ് സ്ട്രീറ്റ് റസിഡന്‍സ് അസോസിയേഷന്‍ രംഗത്ത്. നിലവില്‍ ബാര്‍ ഹോട്ടലിന്റെ പ്രവേശന കവാടം ഷൊര്‍ണൂര്‍ - കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ നിന്ന് 350 മീറ്റര്‍ മാത്രം ദൂരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. നിയമ വ്യവസ്ഥ പാലിക്കാന്‍ നിലവിലുള്ള പ്രവേശന കവാടം അടച്ച് ഉദയനഗറിലൂടെ സൂത്ര വഴി നിര്‍മിച്ചിരിക്കുകയാണ്. കഷ്ടിച്ച് മൂന്ന് മീറ്റര്‍ വീതി മാത്രമാണ് ഈ വഴിക്കുള്ളത്. അമ്പതോളം കുടുംബങ്ങളാണ് ഈ പാതയോരത്ത് താമസിക്കുന്നത്.
ഹോട്ടലുടമ ഈ വഴി കയ്യടക്കുമ്പോള്‍ ജനങ്ങളുടെ സൈ്വരജീവിവിതത്തിന് അത് വലിയ ഭീക്ഷണിയാകുമെന്ന് നാട്ടുകാര്‍ പറയുന്നു. യഥാര്‍ത്ഥ വഴിയിലൂടെയുള്ള ദൂരം കണക്കാക്കി ലൈസന്‍സ് അനുവദിക്കാവുന്നതാണെങ്കില്‍ മാത്രം അത് അനുവദിക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. എക്‌സൈസ് കമ്മീഷണര്‍ക്ക് ഇത് സംബന്ധിച്ച് നിവേദനം നല്‍കി.
റോഡിന്റെ പ്രവേശന കവാടത്തില്‍ ജനകീയ ഉപരോധത്തിന് തുടക്കമായി. ഇന്നലെ നടന്ന സമരം കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി തൃശൂര്‍ അതിരൂപത ഡയറക്ടര്‍ ഫാ. ഡോ: ദേവസി പന്തല്ലൂക്കാരന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ എം.എച്ച് ഷാനവാസ് അധ്യക്ഷനായി. തോമാസ് വെള്ളാറ, കെ.എ നമ്പൂതിരി, നസീമ ഉമ്മര്‍, സി.എ മഞ്ജുഷ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."