തുറന്നിട്ടും കൊതിപ്പിച്ച് സെന്‍ട്രല്‍ മാര്‍ക്കറ്റ്
കണ്ണൂര്‍: ഉദ്ഘാടനം ചെയ്തിട്ടും പൂര്‍ണ പ്രവര്‍ത്തനസജ്ജമാകാതെ കണ്ണൂര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ്. ഒട്ടേറെ വ്യാപാരികള്‍ കച്ചവടം ചെയ്തിരുന്ന പഴയ മാര്‍ക്കറ്റ് പൊളിച്ചുനീക്കിയാണ് പുതിയ സെന്‍ട്രല്‍ മാര്‍ക്കറ്റ് കെട്ടിടം നിര്‍മിച്ചത്.
സെന്‍ട്രല്‍ മാര്‍ക്കറ്റ് കെട്ടിടത്തിലെ 89 മുറികളില്‍ ലേലത്തില്‍പോയത് ഒന്‍പത് മുറികള്‍ മാത്രമാണ്. 2012 ലാണ് പഴയ മാര്‍ക്കറ്റ് കെട്ടിടം പൊളിക്കുന്നതിനായി വ്യാപാരികളെ ഒഴിപ്പിച്ചിരുന്നത്. പുതിയ മാര്‍ക്കറ്റ് കെട്ടിടം പൂര്‍ണസജ്ജമായ ഉടന്‍ ഇവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നായിരുന്നു അന്നത്തെ ഭരണസമിതി അറിയിച്ചിരുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. എന്നാല്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തപ്പോള്‍ നിക്ഷേപ തുകയായി 12 ലക്ഷത്തോളം രൂപ അടക്കേണ്ടിവരുമെന്ന് കോര്‍പറേഷന്‍ ആദ്യകാല വ്യാപാരികളെ അറിയിക്കുകയായിരുന്നു. ഇതോടെ അദ്യകാല വ്യാപാരികള്‍ വിസമ്മിതിച്ചു. തങ്ങള്‍ക്കായി നല്‍കാന്‍ തീരുമാനിച്ച മുറികള്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ പിന്‍ഭാഗത്താണെന്നും വ്യാപാരികള്‍ ആരോപിക്കുന്നു.
സെന്‍ട്രല്‍ മാര്‍ക്കറ്റിന്റെ ആദ്യനിലയില്‍ മത്സ്യക്കച്ചവടമാണ് നടക്കുന്നത്. മത്സ്യക്കച്ചവടക്കാര്‍ക്കും കച്ചവടത്തിനു മതിയായ സൗകര്യമില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് സെന്‍ട്രല്‍ മാര്‍ക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.
തങ്ങള്‍ക്ക് കച്ചവടത്തിന് മുറികളില്‍ ലഭിക്കാത്തതില്‍ ഇനി കോര്‍പ്പറേഷന്‍ അധികൃതരുമായി യുദ്ധത്തിനില്ലാത്തവിധം മാനസികമായി തളര്‍ന്നിരിക്കുകയാണെന്ന് അന്നത്തെ വ്യാപാരികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."