മൂന്ന് വയസുകാരിക്ക് പീഡനം: കശ്മിരില്‍ പ്രതിഷേധം കനക്കുന്നു
ശ്രീനഗര്‍: ബന്ദിപ്പോറ ജില്ലയിലെ സുംബാല്‍ മേഖലയില്‍ മൂന്ന് വയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ കശ്മിര്‍ താഴ്‌വരയില്‍ പ്രതിഷേധം ശക്തമാകുന്നു.
പ്രതിയെ ജമ്മുകശ്മിര്‍ പൊലിസ് അറസ്റ്റ് ചെയ്‌തെങ്കിലും ഇയാളെ മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് താഴ്‌വരയില്‍ പ്രതിഷേധം ശക്തമായത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ത്രിഗാം ഗ്രാമവാസികളായ ദമ്പതികളുടെ മൂന്നു വയസുകാരിയായ മകള്‍ പീഡനത്തിന് ഇരയായത്. ഇതേതുടര്‍ന്ന് രക്ഷിതാക്കള്‍ പൊലിസില്‍ പരാതി നല്‍കുകയും ചെയ്തു. കുട്ടിക്ക് മിഠായി നല്‍കി പ്രലോഭിപ്പിച്ചാണ് പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍നിന്ന് മാറിയുള്ള ഒരു സ്ഥലത്ത് കണ്ടെത്തിയത്. തുടര്‍ന്നാണ് പൊലിസില്‍ പരാതി നല്‍കിയതെന്ന് ഒരു ബന്ധു പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധം ശക്തമായത് തിരിച്ചറിഞ്ഞ് പ്രതി രക്ഷപ്പെട്ടെങ്കിലും പൊലിസ് ഇയാളെ പിടികൂടി. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. പീഡന സംഭവത്തില്‍ കശ്മിരിലെ പലഭാഗങ്ങളിലും പ്രതിഷേധം ശക്തമായിട്ടുണ്ട്.
വിദ്യാര്‍ഥികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, സാധാരണക്കാരായ ജനങ്ങള്‍ എന്നിവരെല്ലാം പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടുണ്ട്. പ്രതിക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം ശക്തമാകുന്നത്.
പ്രതിയുടെ പ്രായം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് ഇയാള്‍ പഠിച്ച സ്വകാര്യ സ്‌കൂളില്‍നിന്ന് സംഘടിപ്പിച്ചുവെന്നും ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാണെന്നും പൊലിസ് പറയുന്നു. എന്നാല്‍ ഇത് ശരിയല്ലെന്നും പ്രതിയെ വിട്ടയക്കാനുള്ള നടപടിയാണ് പൊലിസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന ആരോപണവും ശക്തമായിട്ടുണ്ട്.
പ്രതിഷേധത്തെ തുടര്‍ന്ന് താഴ്‌വരയിലെ സ്‌കൂളുകളും കോളജുകളും താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. സുരക്ഷാ സൈന്യവുമായി വിദ്യാര്‍ഥികള്‍ പലയിടത്തും ഏറ്റുമുട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."