സ്‌കൂള്‍ പാചക തൊഴിലാളികളെ ജീവനക്കാരായി അംഗീകരിക്കണമെന്ന്
കയ്പമംഗലം: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പണിയെടുക്കുന്ന പാചക തൊഴിലാളികളെ സ്‌കൂള്‍ ജീവനക്കാരായി അംഗീകരിക്കണമെന്ന് ശക്തമായ ആവശ്യം.
സ്‌കൂള്‍ പാചക തൊഴിലാളികള്‍ അനുഭവിക്കുന്ന വിഷമതകള്‍ സര്‍ക്കാരിന്റെ പരിഗണനയില്‍ എത്തിക്കുന്നതിനു വേണ്ടി ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ നിയമസഭയില്‍ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിലാണ് സ്‌കൂള്‍ പാചക തൊഴിലാളികളെ ജീവനക്കാരായി അംഗീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
ഇന്ത്യയില്‍ തന്നെ ആദ്യമായി പാചക തൊഴിലാളികള്‍ക്ക് മിനിമം കൂലി നിശ്ചയിച്ചു കൊണ്ടുള്ള വിജ്ഞാപനം 2006 ആഗസ്റ്റ് 8ന് കേരള സര്‍ക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പ് പുറപ്പെടുവിച്ചിരുന്നു.
എന്നാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവു പ്രകാരം ജോലി ചെയ്യുന്ന പാചക തൊഴിലാളികള്‍ക്ക് ഇതുവരെ മിനിമം വേതനം ലഭിച്ചിട്ടില്ല. ആയതിനാല്‍ തടസങ്ങള്‍ നീക്കി മിനിമംകൂലി വിജ്ഞാപനം എത്രയും വേഗം നടപ്പില്‍ വരുത്തണമെന്നാണ് എം.എല്‍.എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
ഈ സര്‍ക്കാരിന്റെ ഒന്നാമത്തെ ബജറ്റിലൂടെ പ്രതിമാസം 500 രൂപയും രണ്ടാമത്തെ ബജറ്റിലൂടെ പ്രതിമാസം 50 രൂപയും വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ ഈ വേതന വര്‍ദ്ധനവ് ഇതുവരെ തൊഴിലാളികള്‍ക്ക് ലഭിച്ചു തുടങ്ങിയിട്ടുമില്ല.
ഇതിനു വേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാചക തൊഴിലാളികളൊഴികെ മറ്റു അധ്യാപക അനധ്യാപക ജീവനക്കാര്‍ക്ക് അവധിക്കാലത്തും കൃത്യമായി ശമ്പളം നല്‍കുന്നുണ്ട്. എന്നാല്‍ പാചക തൊഴിലാളികള്‍ക്ക് മാത്രം വേതനം ദിവസക്കൂലിയായിട്ടാണ് നല്‍കുന്നത്.
ഈ വിവേചനം അവസാനിപ്പിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യമുന്നയിച്ചിട്ടുണ്ട്. പൊതു വിദ്യാലയങ്ങളുടെ നവീകരണം ദ്രുതഗതിയില്‍ നടന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ പാചക തൊഴിലാളികളെ സ്‌കൂള്‍ ജീവനക്കാരായി പരിഗണിക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിയോട് ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
പാചക തൊഴിലാളികള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന വിഷമതകള്‍ അടിയന്തിരമായി പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ: രവീന്ദ്രനാഥ് നിയമസഭക്ക് ഉറപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."