മുസ്‌ലിം സ്ഥാപനങ്ങള്‍ ആക്രമിക്കാന്‍ ബുദ്ധമത സന്ന്യാസിമാരും
കൊളംബോ: സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിദ്വേഷം നിറഞ്ഞ പോസ്റ്റുകള്‍ മുസ്‌ലിംകള്‍ക്കെതിരായ സംഘടിത ആക്രമണങ്ങള്‍ക്കു കാരണമാവുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ ഫേസ്ബുക്കിനും വാട്ട്‌സാപ്പിനും വീണ്ടും താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി.
നിരവധി സ്ഥലങ്ങളിലാണ് തീവ്ര ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ മുസ്‌ലിംകള്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കും മസ്ജിദിനും നേര്‍ക്ക് ആക്രമണം നടത്തിയത്.
ചിലൗവില്‍ ക്രിസ്തുമതക്കാരനായ ഒരു കടക്കാരന്‍ ഫേസ്ബുക്കിലിട്ട പ്രകോപനപരമായ പോസ്റ്റിനെ തുടര്‍ന്ന് മുസ്‌ലിം പള്ളികള്‍ക്കും കടകള്‍ക്കും നേരെ കല്ലേറുണ്ടായതായി പൊലിസ് പറഞ്ഞു. പൊലിസ് ആകാശത്തേക്കു വെടിവയ്ക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്‌തെങ്കിലും ജനക്കൂട്ടം അക്രമം തുടര്‍ന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിംകള്‍ ആക്രമിക്കപ്പെടുന്നതായി പരാതി ലഭിക്കുന്നുണ്ടെന്നു മുസ്‌ലിം സംഘടനാ നേതാക്കള്‍ പറഞ്ഞു.
ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ആക്രമണങ്ങളില്‍ 258ലധികം പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മുസ്‌ലിംകള്‍ക്കെതിരേ രാജ്യത്ത് അക്രമങ്ങള്‍ വര്‍ധിച്ചുവരുകയാണ്. അതിനിടെ ആള്‍ക്കൂട്ട അതിക്രമം തുടരുന്ന കുരുനേഗല ജില്ലയിലടക്കം കര്‍ഫ്യൂ രാജ്യമാകെയാക്കി പ്രഖ്യാപിച്ചു.
മുസ്‌ലിം ഭൂരിപക്ഷ നഗരമായ കിനിയാമയില്‍ ക്രൈസ്തവ തീവ്രവാദികള്‍ അബ്‌റാര്‍ പള്ളിക്കുനേരെ ആക്രമണമഴിച്ചുവിട്ടു. ജനലുകളും വാതിലും തകര്‍ത്ത സംഘം വിശുദ്ധ ഖുര്‍ആന്‍ തറയിലേക്കു വലിച്ചെറിഞ്ഞു. അക്രമികളുടെ കൂടെ ബുദ്ധമതസന്ന്യാസികളും ഉണ്ടായിരുന്നതായി പള്ളി അധികൃതര്‍ അറിയിച്ചു. അക്രമികളുടെ ആവശ്യമനുസരിച്ച് പള്ളി അരിച്ചുപെറുക്കിയ പൊലിസ് സമീപത്തെ കുളത്തിലും പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."