തളിപ്പറമ്പ് നഗരസഭ നടപടി പുനരാരംഭിച്ചു; അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിച്ചു
തളിപ്പറമ്പ്: മെയിന്‍ റോഡിലെ അനധികൃത കച്ചവടത്തിനെതിരേ തളിപ്പറമ്പ് നഗരസഭ നടപടി പുനരാരംഭിച്ചു. ഇന്നലെ രാവിലെ നഗരസഭാ ഉദ്യോഗസ്ഥരും പൊലിസും സംയുക്തമായി ന്യൂസ് കോര്‍ണര്‍ ജങ്ഷന്‍ മുതല്‍ മെയിന്‍ റോഡിനിരുവശത്തും കൈയേറിയുള്ള കച്ചവടങ്ങള്‍ ഒഴിപ്പിച്ചു.
ഇത് ചെറിയ രീതിയില്‍ പ്രതിഷേധത്തിന് ഇടയാക്കിയെങ്കിലും അധികൃതര്‍ നടപടിയുമായി മുന്നോട്ടു പോയി. റോഡില്‍ നിര്‍ത്തിയിട്ട് വില്‍പ്പന നടത്തുകയായിരുന്ന ചെറിയ ഉന്തുവണ്ടി ഉള്‍പ്പെടെ അധികാരികള്‍ നഗരസഭയുടെ ലോറിയില്‍ കയറ്റി കൊണ്ടുപോയി. മെയിന്‍ റോഡിലെ അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിക്കുന്നതിനുളള തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാതെ നഗരസഭാ അധികാരികള്‍ വിഷയത്തില്‍ അലംഭാവം കാണിക്കുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു.
കഴിഞ്ഞ നഗരസഭാ യോഗത്തിലും മെയിന്‍ റോഡ് നാഥനില്ലാ കളരിയായി മാറുന്നതിനെതിരെ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് നേരത്തേ സര്‍വകക്ഷി യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ കര്‍ശനമായി നടപ്പാക്കാനുളള തീരുമാനമെടുത്തത്.
മെയിന്‍ റോഡിലെ ഗതാഗതകുരുക്കിന്റെ പേരില്‍ ബസുടമകള്‍ ഇതുവഴിയുളള ബസോട്ടം നിര്‍ത്തിവച്ചിരുന്നു. കെ.എസ്.ആര്‍.ടിസി ഉള്‍പ്പെടെ ബസോട്ടം പൂര്‍ണമായും നിര്‍ത്തിയതോടെ ഇവിടെ വാഹന പാര്‍ക്കിങും കച്ചവടവും തോന്നിയപടിയായി.
മെയിന്‍ റോഡ് ഒഴിവാക്കി ചിറവക്കു വഴി ബസുകള്‍ പോകാന്‍ തുടങ്ങിയതോടെ ദേശീയപാതയിലും വന്‍ ഗതാഗത കുരുക്കാണ് ഉണ്ടാകുന്നത്. ഇതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ട് ബസുകള്‍ മെയില്‍ റോഡു വഴിതന്നെ കൊണ്ടുപോകുന്നതിനുളള നീക്കങ്ങള്‍ ആരംഭിച്ചത്. ചെറിയ ഉന്തുവണ്ടിയും പച്ചക്കറി പഴവര്‍ഗങ്ങളും റോഡില്‍ ഇറക്കിവച്ച വലിയ പെട്ടികളും അളവു തൂക്ക സാമഗ്രികളും പിടിച്ചെടുത്തു. ഒഴിപ്പിക്കല്‍ നടക്കുന്നതറിഞ്ഞ് സാധനങ്ങള്‍ പലരും നേരത്തേ നീക്കം ചെയ്തിരുന്നു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ.പി ശൈലേഷ്, ജൂനി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വി.വി മനോജ്കുമാര്‍, ബിജോയ് ജോസ്, ദിനേശന്‍ എന്നിവരുടെ നേതൃത്വത്തിലുളള നഗരസഭാ ഉദ്യോഗസ്ഥരും എ.എസ്.ഐ ശാര്‍ങ്ങധരന്റെ നേതൃത്വത്തിലുളള പൊലിസ് സംഘവും ചേര്‍ന്നാണ് ഒഴിപ്പിക്കല്‍ നടത്തിയത്. വരും ദിവസങ്ങളിലും നടപടി തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."