ചെറുപൂരങ്ങള്‍ ചേതോഹരമായി
തൃശൂര്‍: പൂരപ്രേമികളുടെ വലിയനിര മേളമാസ്വദിച്ച് ശ്രീമൂലസ്ഥാനത്ത് നിലയുറപ്പിച്ചിരുന്നു. ആദ്യം ഗോപുരനടകടന്നെത്തിയത് കണിമംഗലം ശാസ്താവായിരുന്നു. മഞ്ഞും വെയിലും കൊള്ളാതെ എല്ലാ പൂരത്തിനും ആദ്യമെത്താറുള്ള കണിമംഗലം ശാസ്താവ് ഇക്കുറിയും പതിവ് തെറ്റിച്ചില്ല. ആദ്യമെത്തിയ ശാസ്താവ് പൂരം ഒരുക്കങ്ങള്‍ വിലയിരുത്തി. ഇലഞ്ഞിച്ചോട്ടില്‍ ശാസ്താവിന് അകമ്പടിയായുള്ള മേളം തകര്‍ത്തു. 8.30ന് വടക്കുംനാഥനെ വണങ്ങി ശാസ്താവ് പുറത്തേക്കിറങ്ങി.തുടര്‍ന്ന് കിഴക്കുമ്പാട്ടുകര പനമുക്കുംപിള്ളി ശാസ്താവ്, ചെമ്പൂക്കാവ് കാര്‍ത്ത്യായനി ഭഗവതി, കാരമുക്ക്-പൂക്കാട്ടിക്കര ഭഗവതി, ലാലൂര്‍ കാര്‍ത്ത്യായനി ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, അയ്യന്തോള്‍ കാര്‍ത്ത്യായനി ഭഗവതി, നൈതലക്കാവ് എന്നീ ഘടക പൂരങ്ങള്‍ വടക്കുന്നാഥനെ വണങ്ങി മടങ്ങി. കണിമംഗലം തെക്കേഗോപുരത്തിലൂടെയും, പനമുക്കുംപിള്ളിയും ചെമ്പൂക്കാവും കിഴക്കേ ഗോപുരം വഴിയും കാരമുക്ക് തെക്ക് നിന്നെത്തി പടിഞ്ഞാറെ ഗോപുരത്തിലൂടെയും, ലാലൂരൂം ചൂരക്കോട്ടുകാവും അയ്യന്തോളും നെയ്തലക്കാവും പടിഞ്ഞാറു നിന്ന് കയറി പടിഞ്ഞാറെ ഗോപുരത്തിലൂടെയും കടന്നാണ് വടക്കുന്നാഥന്റെ സന്നിധിയിലെത്തിയത്.തെക്കേഗോപുരം വഴി വടക്കുന്നാഥന്റെ സന്നിധിയിലെത്തുന്ന കണിമംഗലം ശാസ്താവിനൊഴികെ മറ്റു ഘടക പൂരങ്ങള്‍ക്ക് തെക്കോട്ടറിക്കം പൂരച്ചടങ്ങുകളുടെ ഭാഗമാണ്. കാരമുക്ക് ദേവിയും കണിമംഗലം ശാസ്താവും പകല്‍ പൂരത്തിനുശേഷം കുളശേരി ക്ഷേത്രത്തിലെത്തി പൂജകള്‍ കൈക്കൊണ്ട് രാത്രി പൂരവും കഴിഞ്ഞാണ് മടങ്ങിയത്. ചെറുപൂരങ്ങളെത്തി വടക്കുംനാഥനെ വണങ്ങി മടങ്ങിയതോടെയാണ് നഗരം പൂരാവേശത്തിലേക്ക് കടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."