സമ്പൂര്‍ണ വൈദ്യുതീകരണത്തിന് കര്‍മപദ്ധതി തയാറാക്കി
തിരുവനന്തപുരം: അടുത്തവര്‍ഷം മാര്‍ച്ചോടെ കേരളത്തിലെ എല്ലാ വീടുകളും വൈദ്യുതീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരും കെ.എസ്.ഇ.ബിയും ചേര്‍ന്ന് കര്‍മപദ്ധതി തയാറാക്കി. സംസ്ഥാനത്ത് എല്ലാ പ്രദേശങ്ങളിലേക്കും വൈദ്യുതി വിതരണ ശൃംഖല വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
വൈദ്യുതി ലൈനും ട്രാന്‍സ്‌ഫോര്‍മറും എത്തിയിട്ടില്ലാത്ത മേഖലകളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം, എം.പി മാരുടെയും എം.എല്‍.എ മാരുടെയും വികസന ഫണ്ടുകള്‍, പട്ടിക ജാതി പട്ടികവര്‍ഗ ക്ഷേമ ഫണ്ടുകള്‍, കേന്ദ്രാവിഷ്‌കൃത പദ്ധതിവിഹിതം, വിവിധ വികസന പ്രോജക്ടുകളില്‍ നിന്നുള്ള ഫണ്ടുകള്‍ ഉപയോഗപ്പെടുത്തും.
ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള വീടുകള്‍ക്ക് വെതര്‍ പ്രൂഫ് കണക്ഷന്‍ സൗജന്യമായി നല്‍കും . ഇതര ഉപഭോക്താക്കള്‍ വെതര്‍ പ്രൂഫ് കണക്ഷനുള്ള എസ്റ്റിമേറ്റ് തുക സ്വയം വഹിക്കണം. ശൃംഖലാ വ്യാപനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് വയറിങ് പൂര്‍ത്തിയാക്കി അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് കണക്ഷന്‍ നല്‍കുന്നതാണ്.
വിദൂരമായ കോളനികളില്‍ വികേന്ദ്രീകൃതമായ ഉല്‍പ്പാദനവിതരണത്തിലൂടെയും മൈക്രോ ഗ്രിഡുകള്‍ സ്ഥാപിച്ചുമൊക്കെ വൈദ്യുതീകരണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ലക്ഷ്യമിടുന്ന സമയത്തുതന്നെ സമ്പൂര്‍ണ വൈദ്യുതീകരണം സാധ്യമാക്കുവാനായി വൈദ്യുതി ലഭിക്കാത്തവരുടെ പട്ടിക എത്രയും വേഗം തയാറാക്കാനും ലൈന്‍ നിര്‍മിക്കാനുള്ള പ്രവൃത്തികളുടെ എസ്റ്റിമേറ്റെടുക്കാനുമുള്ള നടപടികള്‍ സെക്ഷന്‍ ഒഫിസുകളില്‍ ആരംഭിച്ചുകഴിഞ്ഞു.
ഇനിയും വൈദ്യുതി ലഭിച്ചിട്ടില്ലാത്ത ഗുണഭോക്താക്കള്‍ക്ക് നേരിട്ടോ, പഞ്ചായത്തംഗങ്ങള്‍, സന്നദ്ധസംഘടനകള്‍, ഗവണ്‍മെന്റിതര സംഘടനകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹായത്തോടെയോ അതതു പ്രദേശത്തെ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഒഫിസില്‍ നിര്‍ദിഷ്ട മാതൃകയില്‍ അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷയില്‍ ഗുണഭോക്താവിന്റെ വിവരങ്ങള്‍ക്കൊപ്പം ഉപഭോക്താവ് ദാരിദ്ര്യ രേഖയ്ക്ക് താഴെയാണോ പട്ടികജാതിപട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്നയാളാണോ, വീട് നിലവില്‍ വയറിങ് പൂര്‍ത്തിയാക്കിയതാണോ തുടങ്ങിയവും അറിയിക്കണം.
അപേക്ഷയുടെ മാതൃക കെ.എസ.്ഇ.ബി സെക്ഷന്‍ ഒഫിസുകളില്‍ സൗജന്യമായി ലഭ്യമാണ്. വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷകള്‍ ഓഗസ്റ്റ് ഒന്നിനുമുമ്പ് അതാത് സെക്ഷന്‍ ഒഫിസുകളില്‍ സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."