കൊവിഡ്: തിരിച്ചുവരവിന് വര്‍ഷങ്ങളെടുക്കുമെന്ന് ഐ.എം.എഫ്
വാഷിങ്ടണ്‍: കൊവിഡ് സൃഷ്ടിക്കുന്ന പ്രതിസന്ധി പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ കാലം നിലനില്‍ക്കുമെന്നും ചില രാജ്യങ്ങള്‍ സാമ്പത്തിക വളര്‍ച്ചയിലേക്ക് തിരിച്ചെത്താന്‍ കൂടുതല്‍ വര്‍ഷങ്ങളെടുക്കുമെന്നും അന്താരാഷ്ട്ര നാണയനിധി(ഐ.എം.എഫ്). കൊവിഡ് മൂലം ലോക്ഡൗണുകള്‍ ഏര്‍പ്പെടുത്തിത്തുടങ്ങിയതു മുതല്‍ ഐ.എം.എഫ് 79 രാജ്യങ്ങള്‍ക്കായി 9,000 കോടി ഡോളറിന്റെ വായ്പയാണ് നല്‍കിയത്. ഇതില്‍ 20 എണ്ണം ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളാണ്. അംഗരാജ്യങ്ങളുമൊത്ത് കൊവിഡ് പ്രതിസന്ധി നേരിടാനുള്ള ശ്രമം തുടരുകയാണെന്നും ഐ.എം.എഫ് ഒന്നാം ഡെപ്യൂട്ടി ഡനറല്‍ മാനേജിങ് ഡയരക്ടര്‍ ജിയോഫ്രെ ഒകാമോട്ടോ പറഞ്ഞു.
കൊവിഡ് മഹാമാഹി ഏറ്റവുമധികം ബാധിച്ചിട്ടുള്ളത് ലാറ്റിന്‍ അമേരിക്കന്‍-കരീബിയന്‍ രാജ്യങ്ങളെയാണ്. അവിടെ 84 ലക്ഷം പേര്‍ക്ക് രോഗം ബാധിക്കുകയും 3,14,000 പേര്‍ മരിക്കുകയും ചെയ്തു. ദരിദ്രരാജ്യങ്ങളില്‍ നിന്നും പലിശ ഈടാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതു സംബന്ധിച്ച് ജി20 രാജ്യങ്ങളുമായി സംസാരിച്ചുവരുകയാണ്. 2021 വരെ അത് നീട്ടിനല്‍കുകയാണ് ഉദ്ദേശ്യം. ഇതില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തവും ഉറപ്പാക്കും. ടൂറിസത്തെ ആശ്രയിക്കുന്ന ദ്വീപുരാജ്യങ്ങളെയും വികസ്വരരാജ്യങ്ങളെയും കൂടി ഇതിന്റെ പരിധിയില്‍ കൊണ്ടുവരാനും ആലോചിക്കുന്നുണ്ട്. കൊവിഡ് മൂലം അവരുടെ സാമ്പത്തികരംഗവും തകര്‍ന്നുകിടക്കുകയാണ്. ഐ.എം.എഫിന്റെ ഏറ്റവും വലിയ ദാതാവായ യു.എസ് ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഇതിലേക്ക് ഒന്നും തന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആത്മനിര്‍ഭര്‍ ഭാരതിന് ഐ.എം.എഫിന്റെ പ്രശംസ
വാഷിങ്ടണ്‍: ഇന്ത്യയുടെ ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പദ്ധതിയെ പ്രശംസിച്ച് ഐ.എം.എഫ്. രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് വന്‍ കുതിച്ചുചാട്ടം ലക്ഷ്യമാക്കി പ്രഖ്യാപിക്കപ്പെട്ട പദ്ധതി വളരെ മികച്ച തുടക്കമായിരുന്നെന്ന് ഐ.എം.എഫ് മുഖ്യ വക്താവ് ഗെറി റൈസ് വ്യക്തമാക്കി.
നിക്ഷേപം ആകര്‍ഷിക്കാനും ബിസിനസ് അന്തരീക്ഷം ശക്തിപ്പെടുത്താനും ഇന്ത്യ നടത്തിയ ശ്രമങ്ങള്‍ സഹായകമായെന്നും മികച്ച വളര്‍ച്ചയ്ക്കു കൂടുതല്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാക്കേജ് ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ അതിഗുരുതരമായ പ്രതിസന്ധിയില്‍നിന്ന് കരകയറ്റിയെന്നും ഗെറി കൂട്ടിച്ചേര്‍ത്തു.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ കരകയറ്റുകയെന്ന ലക്ഷ്യത്തോടെയാണ് 20 ലക്ഷം കോടി രൂപയുടെ 'ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍' പാക്കേജ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."