തര്‍ക്കപരിഹാരത്തിന് അഡ്വക്കറ്റ് ജനറല്‍ അധ്യക്ഷനായി സ്ഥിരംസമിതി
കൊച്ചി: അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ ഇനി അടഞ്ഞ അധ്യായമായി കണക്കാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈക്കോടതിക്കു വെളിയില്‍ ഇരുകൂട്ടരുമായി ഉണ്ടാകാവുന്ന പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ അഡ്വക്കറ്റ് ജനറല്‍ അധ്യക്ഷനായി സ്ഥിരംസമിതിക്ക് രൂപംനല്‍കും.
സംസ്ഥാനത്തെ മുഴുവന്‍ അഭിഭാഷകരേയും പ്രതിനിധീകരിക്കുന്ന ബാര്‍ കൗണ്‍സില്‍ പ്രതിനിധി, ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ എന്നിവയുടെ മൂന്നുവീതം പ്രതിനിധികള്‍ അടങ്ങിയതാവും സമിതി. പൊലിസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത്തരം യോഗങ്ങളില്‍ സംസ്ഥാന ഡി.ജി.പിയെ കൂടി പങ്കെടുപ്പിക്കും. ഓരോ പ്രശ്‌നങ്ങളിലും പ്രതിഷേധവും പ്രക്ഷോഭവും ഉയരുംമുന്‍പ് സമിതി യോഗം ചേര്‍ന്ന് പരിഹാരം കണ്ടെത്തും. ഹൈക്കോടതിക്കുള്ളിലെ പ്രശ്‌നങ്ങള്‍ ചീഫ് ജസ്റ്റിസുപ്പെടെയുള്ള ഹൈക്കോടതി സംവിധാനത്തിന്റെ തീരുമാനമുണ്ടാകും.
കഴിഞ്ഞദിവസമുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എ.ജി ശുപാര്‍ശ ചെയ്തതുപോലെ ജുഡിഷ്യല്‍ അന്വേഷണം നടത്തും. നിലവില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ നിയമപരമായ രീതിയില്‍ മുന്നോട്ടുപോകുമെന്നും അഭിഭാഷകരും പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിനിധികളുമായി നടത്തിയ അനുരജ്ഞനയോഗത്തിനുശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
എന്നാല്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടിങ്ങിനായി എത്തുന്ന മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ സംബന്ധിച്ച ചോദ്യത്തിന് തല്ലുകൊള്ളാനും തല്ലാനുമായി ആരും അങ്ങോട്ടു പോകേണ്ടെന്ന മറുപടിയാണ് മുഖ്യമന്ത്രി പറഞ്ഞത്. ഹൈക്കോടതിയിലെ മീഡിയാ റൂം തുറക്കുന്നത് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും. ഹൈക്കോടതിക്കുള്ളിലെ പ്രശ്‌നങ്ങള്‍ ചീഫ് ജസ്റ്റിസുള്‍പ്പെടെയുള്ള ഹൈക്കോടതി സംവിധാനം തീരുമാനമുണ്ടാക്കും. ഇതില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. 19 നു മുമ്പ് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും സ്വീകരിച്ചിരുന്ന സൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം മടക്കിക്കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ചര്‍ച്ചയുടെ അന്തസത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും മുന്നോട്ടുവരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 5,000ത്തോളം അഭിഭാഷകരാണ് ഹൈക്കോടതിയിലുള്ളത്. 100ല്‍ താഴെ മാത്രമാണ് അവിടെ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം. ഇവര്‍ തമ്മിലുള്ള സംഘര്‍ഷം ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണ്. ഇരുകൂട്ടരും എരിവ് പകരുന്ന നിലപാടുകള്‍ ഇനിയുണ്ടാകാതെ നോക്കണം. 19നു മുമ്പുള്ള അന്തരീക്ഷം ഇരുകൂട്ടരും വളര്‍ത്തിയെടുക്കണമെന്നും നിര്‍ദേശിച്ച മുഖ്യമന്ത്രി ഒരു തരത്തിലുള്ള അതിക്രമവും സര്‍ക്കാര്‍ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി. സ്ത്രീ പീഡന കേസില്‍ ഉള്‍പെട്ട ഗവ.പ്ലീഡറെ തല്‍സ്ഥാനത്തുനിന്ന് നീക്കുന്നതിന് സര്‍ക്കാര്‍ തയാറാണോയെന്ന ചോദ്യത്തിന് ഇത്തരം കാര്യങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തി അറിയിക്കേണ്ടതല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഇന്നലെ ഉച്ചയ്ക്ക് എറണാകുളം ഗസ്റ്റ് ഹൗസില്‍ അഭിഭാഷകരുടെ പൊതുവേദിയായ ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍, ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രതിനിധികള്‍, പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിനിധികള്‍ എന്നിവരുമായി പ്രത്യേകം മുഖ്യമന്ത്രി ചര്‍ച്ച നടത്തി. ഇതിനുശേഷമാണ് ഇരുകൂട്ടരെയും പങ്കെടുപ്പിച്ചുകൊണ്ട്് തീരുമാനത്തിലെത്തിയത്്. അഡ്വക്കറ്റ് ജനറല്‍ സി.പി സുധാകരപ്രസാദ്, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍, അസി.സോളിസിറ്റര്‍ ജനറല്‍ അഡ്വ.എന്‍. നഗരേഷ്, സ്റ്റേറ്റ് അറ്റോര്‍ണി കെ.വി.സോഹന്‍, അഡിഷണല്‍ അഡ്വ.ജനറല്‍മാരായ കെ.കെ. രവീന്ദ്രനാഥ്, രഞ്ജിത് തമ്പാന്‍, എറണാകുളം ജില്ലാ കലക്ടര്‍ എം.ജി.രാജമാണിജ്യം തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചയില്‍ പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്റ് കെ.രവികുമാര്‍, സെക്രട്ടറി എസ്.ഉണ്ണികൃഷ്ണന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍.ഗോപകുമാര്‍, നിയമകാര്യലേഖകരെ പ്രതിനിധീകരിച്ച് റോസമ്മ ചാക്കോ, ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് ജോസഫ് ജോണ്‍, കെ.എന്‍ അനില്‍കുമാര്‍, എ.വി.എസ് നമ്പൂതിരി, ഹൈക്കോടതി അഡ്വ.അസോസിയേഷന്‍ പ്രസിഡന്റ് എസ്.യു.നാസര്‍, വൈസ് പ്രസിഡന്റുമാരായ ഷീലദേവി, കൃഷ്ണദാസ് പി.നായര്‍, സെക്രട്ടറി ജഗന്‍ എബ്രഹാം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."