ബിഹാര്‍ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 28 മുതല്‍ മൂന്നു ഘട്ടങ്ങളില്‍
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടക്കും. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയതികളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 10നാണ് വോട്ടെണ്ണല്‍. ഒക്ടോബര്‍ ഒന്നിന് വിജ്ഞാപനം പുറപ്പെടുവിക്കും.
ആദ്യഘട്ടത്തിലേക്കുള്ള നാമനിര്‍ദേശ പത്രിക ഒക്ടോബര്‍ എട്ടിനു മുന്‍പും മറ്റു രണ്ടു ഘട്ടങ്ങളിലേക്കുള്ളത് ഒക്ടോബര്‍ 16നും 20നും മുന്‍പായും സമര്‍പ്പിക്കണം. കൊവിഡ് കാലമായതിനാല്‍ അതു സംബന്ധിച്ച മാര്‍ഗരേഖ പാലിച്ചാകും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിനായുള്ള കൊവിഡ് മാര്‍ഗരേഖ തെരഞ്ഞെടുപ്പ് കമ്മിഷന് നേരത്തെ പുറത്തുവിട്ടിട്ടുണ്ട്. പോളിങ് സമയം നിലവിലുള്ളതില്‍ നിന്ന് ഒരു മണിക്കൂര്‍ നീട്ടി.
രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെയെന്ന നിലവിലെ രീതിക്ക് പകരം രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിങ് നടക്കുക. ക്വാറന്റൈനിലുള്ളവര്‍ക്കും കൊവിഡുള്ളവര്ക്കും വോട്ടുചെയ്യാനുള്ളതാണ് അവസാന ഒരു മണിക്കൂര്‍. 80 വയസിന് മുകളിലുള്ളവര്‍ക്ക് തപാല്‍ ബാലറ്റ് ആയിരിക്കും. വിന്യസിക്കുന്ന സുരക്ഷാ സൈനികരുടെ എണ്ണത്തിലും കുറവ് വരുത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ അറിയിച്ചു. കൂടുതല്‍ സുരക്ഷാ സൈനികരെ വിന്യസിക്കുന്നതടക്കമുള്ള കൊവിഡ് കാലത്തെ പ്രയാസങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി ചുരുക്കിയതെന്നും സുനില്‍ അറോറ പറഞ്ഞു.
243 മണ്ഡലങ്ങളിലേക്കാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തില്‍ 16 ജില്ലകളിലായി 71 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും. രണ്ടാംഘട്ടത്തില്‍ 17 ജില്ലകളില്‍ നിന്ന് 94 മണ്ഡലങ്ങളിലേക്കും മൂന്നാംഘട്ടത്തില്‍ 15 ജില്ലകളില്‍ നിന്നായി 78 മണ്ഡലങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുക. 72.9 ദശലക്ഷം വോട്ടര്‍മാരാണ് ബിഹാറിലുള്ളത്.
കൊവിഡ് കാലത്ത് നടക്കുന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പാകും ഇതെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. തെരഞ്ഞെടുപ്പിലേക്കായി ഏഴ് ലക്ഷം സാനിറ്റൈസര്‍, 46 ലക്ഷം മാസ്കുകള്‍, ആറ് ലക്ഷം പി.പി.ഇ കിറ്റുകള്‍, 6.7 ലക്ഷം യൂനിറ്റ് ഫേസ് ഷീല്‍ഡുകള്‍, 23 ലക്ഷം ജോഡി ഗ്ലൗസുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."